ക്രഷർ ഉടമ ദീപുവിന്റെ കൊലപാതകം: കുപ്രസിദ്ധ ഗുണ്ട അമ്പിളി അറസ്റ്റിൽ

Thursday 27 June 2024 4:12 AM IST

കുഴിത്തുറ : ജെ.സി.ബി വാങ്ങാൻ പത്ത് ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് സ്വന്തം കാറിൽ പോയ ക്രഷർ ഉടമ മലയിൻകീഴ് അണപ്പാട് മുളംപള്ളി ഹൗസിൽ ദീപുവിനെ (45)കളിയിക്കാവിളയ്ക്കു സമീപം പടന്താലുമൂട്ടിൽ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ കുപ്രസിദ്ധ ഗുണ്ട ചൂഴാറ്റുകോട്ട അമ്പിളി (സജികുമാർ) അറസ്റ്റിൽ. സംഭവം നടന്ന സമീപത്തെ മെഡിക്കൽ സ്റ്റോറിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറി‌ഞ്ഞത്.

കേസ് അന്വേഷിക്കുന്ന തമിഴ്നാട് പൊലീസ് സംഘം ഇന്നലെ പുലർച്ചെ മലയിൻകീഴ് മലയത്തു നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ദീപുവിനെ കഴുത്തറുത്ത് കൊന്നെന്ന് അമ്പിളി കുറ്റസമ്മതം നടത്തി. എന്നാൽ സാമ്പത്തിക ബാദ്ധ്യത കാരണം ദീപു പറഞ്ഞിട്ടാണ് കൊന്നതെന്ന് ഇയാൾ നൽകിയ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. സംഭവത്തിന് പിന്നിലുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണിതെന്ന് പൊലീസ് പറയുന്നു. മറ്റാർക്കെങ്കിലും വേണ്ടി ഇയാൾ കുറ്റമേറ്റതാണോയെന്നും സംശയിക്കുന്നുണ്ട്.

നിരവധി കൊലക്കേസുകളിൽ ഉൾപ്പെടെ പ്രതിയായ അമ്പിളിയും ദീപുവും സുഹൃത്തുക്കളായിരുന്നെന്ന് പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. കൊലപാതകം ആരുടെയും ക്വട്ടേഷനല്ലെന്നും ഇതിൽ മറ്റാർക്കും പങ്കില്ലെന്നും ആവർത്തിക്കുകയാണ് പ്രതി.

അതേസമയം, ദീപുവിന്റെ കാറിൽ നിന്ന് പണം കിട്ടിയില്ലെന്ന പ്രതിയുടെ മൊഴി, ഇയാളുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ കളവാണെന്ന് തെളിഞ്ഞു. പണം കണ്ടെത്താനായിട്ടില്ല. സംഭവത്തെക്കുറിച്ച് അമ്പളി പറഞ്ഞ കഥയും സമാനമായ കളവാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കടുത്ത മദ്യപാനിയും കരൾ രോഗമുൾപ്പെടെ മാരക രോഗങ്ങളുമുള്ള അമ്പളി പൊലീസ് മർദ്ദിക്കില്ലെന്നു കരുതി, പറഞ്ഞ കള്ളങ്ങൾ ആവർത്തിക്കുന്നതായാണ് വിവരം. ഇന്നലെ രാവിലെ 5.30ന് മലയത്തെ ഒളിസങ്കേതത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തപ്പോഴും പ്രതി മദ്യ ലഹരിയിലായിരുന്നു. എസ്.ഐ സതീഷ് നാരായണന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയുമായി തമിഴ്നാട്ടിലെത്തി. പിന്നാലെ തെളിവെടുപ്പിനായി എസ്.ഐ അരുളപ്പന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തേക്ക് കൊണ്ടുവരികയായിരുന്നു.

Advertisement
Advertisement