അടരാടി നേടി അർജന്റീന

Wednesday 26 June 2024 10:32 PM IST

ചിലിയെ 1-0ത്തിന് തോൽപ്പിച്ച് അർജന്റീന കോപ്പ ക്വാർട്ടറിൽ

88-ാം മിനിട്ടിൽ വിജയ ഗോളടിച്ചത് ലൗതാരോ മാർട്ടിനസ്

ന്യൂയോർക്ക് : മത്സരത്തിന്റെ അവസാനഘട്ടം വരെ നീണ്ട നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ ഏകപക്ഷീയമായ ഏക ഗോളിന് കരുത്തരായ ചിലിയെ കീഴടക്കി അർജന്റീന കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. അമേരിക്കയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 88-ാം മിനിട്ടിൽ ലൗതാരോ മാർട്ടിനെസ് നേടിയ ഗോളിനായിരുന്നു അർജന്റീനയുടെ വിജയം. 2016ൽ ഇതേ വേദിയിൽ നടന്ന കോപ്പ ഫൈനലിൽ തങ്ങളെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചുവിട്ട ചിലിയോടുള്ള പ്രതികാരം കൂടിയായി മെസിയുടെയും സംഘത്തിന്റേയും വിജയം.

88-ാം മിനിട്ടുവരെ ഗോൾ പോസ്റ്റിന് മുന്നിൽ ഒരു വന്മതിൽ പോലെ നിലയുറപ്പിച്ച ചിലിയൻ ഗോളി ക്ളോഡിയോ ബ്രാവോയുടെ മികച്ച സേവുകളാണ് അർജന്റീനയുടെ ഗോൾ വൈകിപ്പിച്ചത്. 22 ഷോട്ടുകളാണ് അർജന്റീന മത്സരത്തിൽ പായിച്ചത്. ഇതിൽ ഒൻപത് എണ്ണവും ഗോൾ പോസ്റ്റിന് നേരേ ആയിരുന്നു. അർജന്റീനാ ശ്രമങ്ങളിൽ മിക്കതും ബ്രാവോയുടെ കരങ്ങളിൽ എരിഞ്ഞടങ്ങി. മെസിയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു. ഒടുവിൽ പകരക്കാരനായി ഇറങ്ങിയ ലൗതാരോ മാർട്ടിനസാണ് ബ്രാവോയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്.

ഗ്രൂപ്പിൽ അർജന്റീനയുടെ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ കാനഡയെ 2-0ത്തിന് തോൽപ്പിച്ചിരുന്നു. അവസാന മത്സരത്തിൽ ഞായറാഴ്ച പെറുവിനെ നേരിടും. ആദ്യമത്സരത്തിൽ പെറുവുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്ന ചിലി ഞായറാഴ്ച അവസാന ഗ്രൂപ്പ് മത്സരത്തിൽ കാനഡയെ നേരിടും. ഈ മത്സരത്തിൽ മികച്ച മാർജിനിൽ ജയിച്ചാലേ ചിലിക്ക് ക്വാർട്ടറിൽ കടക്കാനാകൂ. ഇന്നലെ നടന്ന എ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കാനഡ 1-0ത്തിന് പെറുവിനെ തോൽപ്പിച്ചതോടെയാണ് ചിലിയുടെ വഴി ക്ളേശകരമായത്. 74-ാം മിനിട്ടിൽ ജൊനാഥൻ ഡേവിഡ് നേടിയ ഗോളിനാണ് കാനഡ പെറുവിനെ കീഴടക്കിയത്.

88 ഇത് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ലൗതാരോ മാർട്ടിനസ് പകരക്കാരനായി ഇറങ്ങി 88-ാം മിനിട്ടിൽ ഗോളടിക്കുന്നത്. കാനഡയ്ക്ക് എതിരെ ലൗതാരോ ഗോളടിച്ചതും 88-ാം മിനിട്ടിലാണ്.

പനി, പരിക്ക് ; മെസി വിശ്രമിക്കും

ചിലിക്കെതിരായ മത്സരത്തിൽ സൂപ്പർ താരം മെസി കളിക്കാനിറങ്ങിയത് പനി അവഗണിച്ചാണ്. മത്സരത്തിനിടെ മെസിക്ക് നേരിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടയിലെ പേശികൾക്കാണ് പരിക്ക്. മത്സരത്തിനിടെ മെസിക്ക് വൈദ്യസഹായം ആവശ്യമായി വന്നിരുന്നു. എങ്കിലും താരം മത്സരം പൂർത്തിയാക്കിയാണ് മടങ്ങിയത്. ചിലിക്കെതിരായ മത്സരത്തിനു മുമ്പ് തനിക്ക് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടിരുന്നുവെന്ന് മെസി പിന്നീട് പറഞ്ഞു. മത്സത്തിൽ ഗോളടിക്കാനും കഴിഞ്ഞില്ല. ടീം ഇതിനകം ക്വാർട്ടറിലത്തിയതിനാൽ ഞായറാഴ്ച പെറുവിനെതി‌രെ മെസി കളിക്കാനിടയില്ലെന്നാണ് അർജന്റീന ടീം മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്.

Advertisement
Advertisement