സെമി പരീക്ഷ ഇംഗ്ളീഷിൽ

Wednesday 26 June 2024 10:35 PM IST

ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള ട്വന്റി-20 ലോകകപ്പ് സെമിഫൈനൽ ഇന്ന് രാത്രി 8ന്

ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനുമായുള്ള ആദ്യ സെമി രാവിലെ 6 മണി മുതൽ

ഗയാന : കഴിഞ്ഞ ട്വന്റി -20 ലോകകപ്പിന്റെ സെമിഫൈനലിൽ തങ്ങളെ 10 വിക്കറ്റിന് തോൽപ്പിച്ച ഇംഗ്ളണ്ടിനെതിരെ പ്രതികാരം ചെയ്യാൻ രോഹിത് ശർമ്മയും സംഘവും ഈ ലോകകപ്പിന്റെ സെമിഫൈനലിൽ ഇന്ന് ഇറങ്ങുകയാണ്. ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള സെമിഫൈനൽ തുടങ്ങുന്നത്. രാവിലെ ആറു മണിക്ക് ടറോബ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ആദ്യ സെമിഫൈനൽ നടക്കും. ശനിയാഴ്ച രാത്രി എട്ടിന് ബ്രിഡ്ജ്ടൗണിലാണ് ഫൈനൽ.

ഏകദിന ലോകകപ്പിലെ ഫൈനൽ തോൽവിക്ക് ഓസ്ട്രലിയയോട് സൂപ്പർ എട്ട് റൗണ്ടിലെ അവസാന മത്സരത്തിൽ പകരം ചോദിച്ചാണ് ഇന്ത്യ ഒന്നാം ഗ്രൂപ്പിലെ ഒന്നാമന്മാരായി സെമിയിലേക്ക് കാലെടുത്തുവച്ചത്. സൂപ്പർഎട്ടിൽ ദക്ഷിണാഫ്രിക്കയോട് തോറ്റ് രണ്ടാമന്മാരായാണ് ഇംഗ്ളണ്ട് സെമിയിലെത്തിയത്. ഇന്ത്യയെപ്പോലെ ദക്ഷിണാഫ്രിക്കയും സൂപ്പർ എട്ടിലെ എല്ലാമത്സരവും ജയിച്ചവരാണ്. അഫ്ഗാനിസ്ഥാൻ ഇന്ത്യയോട് തോറ്റശേഷം ഓസ്ട്രേലിയയേയും ബംഗ്ളാദേശിനെയും അട്ടിമറിച്ചാണ് ചരിത്രത്തിലെ ആദ്യ സെമിഫൈനൽ ബർത്ത് ബുക്ക് ചെയ്തത്.

പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തിൽ അയർലാൻഡിനെ എട്ടുവിക്കറ്റിന് തോൽപ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ പാകിസ്ഥാനെ ആറു റൺസിനും തുടർന്ന് അമേരിക്കയെ ഏഴുവിക്കറ്റിനും തോൽപ്പിച്ച് എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായാണ് സൂപ്പർ എട്ടിലേക്ക് കടന്നത്. കാനഡയ്ക്ക് എതിരായ കളി മഴയെടുത്തിരുന്നു. പ്രാഥമിക റൗണ്ടിൽ ഓസ്ട്രേലിയ,നമീബിയ,ഒമാൻ എന്നിവർക്കെതിരെ ജയിച്ചാണ് ഇംഗ്ളണ്ട് സൂപ്പർ എട്ടിലെത്തിയത്. സ്കോട്ട്‌ലാൻഡിന് എതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. സൂപ്പർ എട്ടിൽ വിൻഡീസിനെ എട്ടുവിക്കറ്റിന് തോൽപ്പിച്ചപ്പോൾ ദക്ഷിണാഫ്രിക്കയോട് ഏഴു റൺസിന് തോറ്റു. അമേരിക്കയെ 10 വിക്കറ്റിന് ചുരുട്ടിയാണ് സെമി ഉറപ്പിച്ചത്.

ഇന്ത്യയും ഇംഗ്ളണ്ടും : കരുത്തും ദൗർബല്യവും

മികച്ച ബൗളിംഗ് നിരയും ആൾറൗണ്ടർമാർ കരുത്തുപകരുന്ന ബാറ്റിംഗ് ലൈനപ്പുമാണ് ഇന്ത്യയുടെ കരുത്ത്. ഫീൽഡിംഗിൽ ഉൾപ്പടെ ടീം എഫർട്ടും അഭിനന്ദനീയമാണ്.

ഓസ്ട്രേലിയയ്ക്ക് എതിരെ നായകൻ രോഹിത് ശർമ്മ പുറത്തെടുത്ത ഫോം ടീമിന് മൊത്തത്തിൽ ഉണർവ് പകരുന്നതാണ്. അഫ്ഗാനെതിരെ അർദ്ധസെഞ്ച്വറി നേടി സൂര്യകുമാർ യാദവും തുടക്കം മുതൽ മികവ് കാട്ടുന്ന റിഷഭ് പന്തും ബാറ്റിംഗിന് കരുത്തേകും.

പേസർമാരായ ബുംറയും അർഷ്ദീപും മികച്ച ഫോമിലാണ്. അക്ഷർ പട്ടേൽ,ഹാർദിക് പാണ്ഡ്യ എന്നിവരുടെ ആൾറൗണ്ട് മികവും തെളിയിക്കപ്പെട്ടുകഴിഞ്ഞു. ശിവം ദുബെ,രവീന്ദ്ര ജഡേജ എന്നീ ആൾറൗണ്ടർമാർകൂടി ഫോമിലെത്തുകയാണെങ്കിൽ അടിപൊളിയാകും.

സ്പെഷ്യലിസ്റ്റ് സ്പിന്നർ കുൽദീപും സാഹചര്യം മനസിലാക്കി കളിക്കാൻ കഴിയുന്ന താരമാണ്. ബാറ്റർ വിരാട് കൊഹ്‌ലി തുടർച്ചയായി നിരാശപ്പെടുത്തുന്നതാണ് ആശങ്ക ഉണർത്തുന്ന ഘടകം.

നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ളണ്ട് അത്ര മികച്ച ടീമാണെന്ന് പറയാനാൻ കഴിയില്ല. പക്ഷേ അവരെ എഴുതിത്തള്ളാനുമാകില്ല. വെല്ലുവിളികളെ നേരിടാനുള്ള ധൈര്യമാണ് അവരെ വേറിട്ടുനിറുത്തുന്നത്.

ഓപ്പണർമാരായ ഫിൽ സാൾട്ടിന്റെയും ബട്ട്‌ലറുടെയും ഫോം ഇംഗ്ളണ്ടിന് ആവേശം പകരുന്നു. വിൻഡീസിനെതിരെ സാൾട്ടും അമേരിക്കയ്ക്ക് എതിരെ ബട്ട്‌ലറും നേടിയ അതിവേഗ അപരാജിത അർദ്ധസെഞ്ച്വറികളാണ് ഇംഗ്ളണ്ടിന് വിജയമൊരുക്കിയത്.

ജോണി ബെയർസ്റ്റോ,ഹാരി ബ്രൂക്ക്,ലിയാം ലിവിംഗ്സ്റ്റൺ, മൊയീൻ അലി തുടങ്ങിയ ശക്തമായ ബാറ്റിംഗ് ലൈനപ്പാണ് ഇംഗ്ളണ്ടിനുള്ളത്. മൊയീനും . ലിവിംഗ്സ്റ്റണും മികച്ച സ്പിന്നർമാരുമാണ്.

ടീമിലേക്ക് തിരിച്ചെത്തിയ ജൊഫ്ര ആർച്ചർ,റീസ് ടോപ്‌ലേ,സാം കറാൻ, ക്രിസ് ജോർദാൻ, ആദിൽ റഷീദ് തുടങ്ങി വലിയ ബൗളിംഗ് ഓപ്ഷനുകളാണ് ഇംഗ്ളീഷ് ക്യാപ്ടൻ ബട്ട്‌ലറുടെ കയ്യിലുള്ളത്.

ടീമുകൾ ഇവരിൽ നിന്ന്

ഇന്ത്യ : രോ​ഹി​ത് ​(​ക്യാ​പ്ട​ൻ)​ ,​യ​ശ്വ​സി​,​ ​വി​രാ​ട് ​,​ ​സൂ​ര്യ​കു​മാ​ർ​ ​യാ​ദ​വ്,​ ​റി​ഷ​ഭ് ​പ​ന്ത്,​ ​സ​ഞ്ജു​ ​,​ ​ഹാ​ർ​ദി​ക് ​ ,​ ​ശി​വം​ ​ദു​ബെ,​ ​ര​വീ​ന്ദ്ര​ ​ജ​ഡേ​ജ,​അ​ക്ഷ​ർ​ ​പ​ട്ടേ​ൽ,​കു​ൽ​ദീ​പ് ​യാ​ദ​വ്,​യു​സ്‌​വേ​ന്ദ്ര​ ​ച​ഹ​ൽ,​ ​അ​ർ​ഷ്ദീ​പ് ​സിം​ഗ്,​ ​ജ​സ്പ്രീ​ത് ​ബും​റ,​ ​മു​ഹ​മ്മ​ദ് ​സി​റാ​ജ്.

ഇംഗ്ളണ്ട് : ജോസ് ബട്ട്‌ലർ(ക്യാപ്ടൻ),ഫിൽ സാൾട്ട്,ഹാരി ബ്രൂക്ക്, ബെയർസ്റ്റോ,ബെൻ ഡക്കറ്റ്,മൊയീൻ അലി,സാം കറൻ,ലിയാം ലിവിംഗ്സ്റ്റൺ, വിൽ ജാക്സ്,ജൊഫ്ര ആർച്ചർ,ക്രിസ് ജോർദാൻ, ആദിൽ റഷീദ്,റീസ് ടോപ്‌ലേ,ടോം ഹാർട്ട്‌ലി, മാർക്ക് വുഡ്.

23 ട്വന്റി-20 മത്സരങ്ങളിലാണ് ഇന്ത്യയും ഇംഗ്ളണ്ടും ഇതുവരെ ഏറ്റുമുട്ടിയത്.

12 മത്സരങ്ങളിൽ വിജയം നേടിയത് ഇന്ത്യ.

11കളികളിൽ വിജയം നേടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.

സൂപ്പർ എട്ട് പോയിന്റ് നില

(ടീം,കളി,ജയം,തോൽവി,ഉപേക്ഷിച്ചത് ,പോയിന്റ് എന്ന ക്രമത്തിൽ )

ഗ്രൂപ്പ് 1

ഇന്ത്യ 3-3-0-0-6

അഫ്ഗാനിസ്ഥാൻ 3-2-1-0-4

ഓസ്ട്രേലിയ 3-1-0-2-2

ബംഗ്ളാദേശ് 3-0-3-0-0

ഗ്രൂപ്പ് 2

ദക്ഷിണാഫ്രിക്ക 3-3-0-0-6

ഇംഗ്ളണ്ട് 3-2-1-0-4

വിൻഡീസ് 3-1-0-2-2

അമേരിക്ക 3-0-3-0-0

ടി.വി ലൈവ് : സ്റ്റാർ സ്പോർട്സിലും ഹോട്ട് സ്റ്റാറിലും

Advertisement
Advertisement