ഇംഗ്ളണ്ട് സ്ളോ ആയി

Wednesday 26 June 2024 10:39 PM IST

സ്ളൊവേനിയയുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ് ഇംഗ്ളണ്ട്

ഡെന്മാർക്കും സെർബിയയും തമ്മിലുള്ള മത്സരവും ഗോൾരഹിത സമനില

കൊളോൺ : യൂറോ കപ്പ് ഫുട്ബാൾ ഗ്രൂപ്പ് സിയിൽ കഴിഞ്ഞ രാത്രി നടന്ന ഇംഗ്ളണ്ടും സ്ളൊവേനിയയും തമ്മിലുള്ള മത്സരവും ഡെന്മാർക്കും സെർബിയയും തമ്മിലുള്ള മത്സരവും ഗോൾരഹിത സമനിലകളിൽ പിരിഞ്ഞു. ഇതോടെ ഗ്രൂപ്പിലെ ഒന്നാമന്മാരായി ഇംഗ്ളണ്ടും രണ്ടാമന്മാരായി ഡെന്മാർക്കും പ്രീ ക്വാർട്ടർ ഉറപ്പിച്ചു. മൂന്ന് പോയിന്റുള്ള സ്ളൊവേനിയ മൂന്നാം സ്ഥാനത്താണെങ്കിലും പ്രീ ക്വാർട്ടറിലേക്ക് കടക്കാമെന്ന പ്രതീക്ഷയിലാണ്.

ആദ്യ മത്സരത്തിൽ സെർബിയയെ 1-0ത്തിന് തോൽപ്പിച്ചിരുന്ന ഇംഗ്ളണ്ടിന്റെ തുടർച്ചയായ രണ്ടാം സമനിലയാണിത്. ഡെന്മാർക്കുമായി ഓരോ ഗോളടിച്ചാണ് സമനില വഴങ്ങിയതെങ്കിൽ സ്ളൊവേനിയയോട് എതിരിടാനെത്തിയപ്പോൾ സ്കോർ ബോർഡ് തുറക്കാനേ കഴിഞ്ഞില്ല. ഇരുടീമുകളും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാതിരുന്ന മത്സരമാണ് കൊളോണിൽ നടന്നത്. പ്രീ ക്വാർട്ടർ ബർത്ത് നഷ്ടമാകാതിരിക്കണമെങ്കിൽ തോൽക്കാതിരിക്കണം എന്ന് അറിയാമായിരുന്ന സ്ളൊവേനിയക്കാർ ഇംഗ്ളണ്ടിനെ ശരിക്കും സ്ളോ ആക്കുകയായിരുന്നു.

തുടർച്ചയായ മൂന്നാം സമനിലയോടെ മൂന്ന് വിലപ്പെട്ട പോയിന്റുകളാണ് സ്ളൊവേനിയ ഗ്രൂപ്പ് റൗണ്ടിൽ സ്വന്തമാക്കിയത്. ഡെന്മാർക്കും ഗ്രൂപ്പ് റൗണ്ടിലെ എല്ലാ മത്സരങ്ങളും സമനിലയിലാക്കുകയാണ് ചെയ്തത്. മൂന്ന് പോയിന്റുള്ള ഡെന്മാർക്ക് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. സെർബിയ രണ്ട് പോയിന്റുമായി നാലാമതാണ്.

യൂറോപ്പിൽ ആദ്യമായാണ് ഒരു ഗ്രൂപ്പിലെ രണ്ട് ടീമുകൾ എല്ലാ മത്സരങ്ങളും സമനിലയിലാക്കുന്നത്. 2016ൽ പോർച്ചുഗൽ ഗ്രൂപ്പിലെ എല്ലാമത്സരങ്ങളും സമനിലയിലാക്കിയിരുന്നു.

ഇംഗ്ളണ്ടിന് കുപ്പിയേറ്

തുടർച്ചയായ രണ്ട് മത്സരങ്ങളിലും ജയിക്കാൻ കഴിയാതിരുന്നതോടെ ക്ഷുഭിതരായ ഇംഗ്ളണ്ട് ആരാധകർ തങ്ങളുടെ ടീമിന് നേരേ

ഗ്രൗണ്ടിലേക്ക് ബിയർ കുപ്പികളെറിഞ്ഞു. ഇംഗ്ളണ്ട് കോച്ച് സൗത്ത്ഗേറ്റിനും ഏറുകിട്ടി.

Advertisement
Advertisement