പാരിസ് ഒളിമ്പിക്സിൽ റിലയൻസിന്റെ ഇന്ത്യ ഹൗസ്
കൊച്ചി. അടുത്ത മാസം നടക്കുന്ന 'പാരീസ് 2024 ഒളിമ്പിക്സിലെ ആദ്യത്തെ കൺട്രിഹൗസുമായി റിലയൻസ് ഫൗണ്ടേഷൻ. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനു(ഐഒഎ)മായി ചേർന്നാണ് റിലയൻസ് ഫൗണ്ടേഷൻ ഇന്ത്യ ഹൗസെന്ന പേരിൽ കൺട്രിഹൗസ് വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യൻ കായികതാരങ്ങളെ ആദരിക്കാനും വിജയങ്ങൾ ആഘോഷിക്കാനും ലോകത്തെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാനുമുള്ള ഇടമായി ഇന്ത്യാ ഹൗസ് മാറുമെന്നതിൽ സന്തോഷമുണ്ടെന്ന് ഐഒസി അംഗവും റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക ചെയർപേഴ്സണുമായ നിത എം. അംബാനി പറഞ്ഞു. റിലയൻസ് ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന ഇന്ത്യാ ഹൗസ് പാരീസ് ഒളിമ്പിക്സിലെ ഇന്ത്യൻ ആരാധകരുടെയും കായികതാരങ്ങളുടെയും പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ പറഞ്ഞു. ഐക്കണിക് പാർക്ക് ഡി ലാ വില്ലെറ്റിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യ ഹൗസ് ലോകത്തെ 14 കൺട്രി ഹൗസുകളിൽ ഒന്നായിരിക്കും. ഇന്ത്യൻ സംസ്കാരം മുതൽ കല, കായികം, യോഗ, കരകൗശലവസ്തുക്കൾ, സംഗീതം, മറ്റ് പ്രകടനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന അനുഭവങ്ങൾ ഇന്ത്യഹൗസ് വാഗ്ദാനം ചെയ്യുന്നു.