എല്ലാ സ്‌കൂളുകൾക്കും ഗ്രേഡിംഗ് ഇക്കൊല്ലം : മന്ത്രി വി.ശിവൻകുട്ടി

Thursday 27 June 2024 12:42 AM IST

തിരുവനന്തപുരം:വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ഇൗ വർഷം സ്‌കൂളുകൾക്കെല്ലാം ഗ്രേഡിംഗ് ഏർപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു.

വിദ്യാഭ്യാസ, തൊഴിൽ വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന് ചേരാത്ത പ്രവൃത്തികൾ ചെയ്യുന്ന അധ്യാപകരെ സർവ്വീസിൽ നിന്ന് നീക്കും. വിദ്യാർത്ഥികളുടെ പഠന മികവ് ഉറപ്പാക്കുന്നതിനൊപ്പം അധ്യാപകരുടെയും എ.ഇ.ഒ മുതലുള്ള ഉദ്യോഗസ്ഥരുടെയും പ്രകടനവും വിലയിരുത്തും. അക്കാഡമിക് നിലവാരം മെച്ചപ്പെടുത്താൻ എല്ലാ ജില്ലയിലെയും ഒരു സ്‌കൂൾ മോഡൽ സ്‌കൂളായി ഉയർത്തും. സമഗ്രശിക്ഷാ കേരളയുടെ വർണ്ണക്കൂടാരം പദ്ധതിയിൽ 1500ലേറെ പ്രി - പ്രൈമറി കേന്ദ്രങ്ങളും ഓരോ ജില്ലയിലും നാല് മോഡൽ പ്രി - പ്രൈമറി സ്‌കൂളുകളും സ്ഥാപിക്കും. സംസ്ഥാനത്ത് 236 സ്‌കിൽ പരിശീലന
കേന്ദ്രങ്ങളും ആരംഭിക്കും. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി പ്രത്യേക എസ്.എസ്.എൽ.സി പരീക്ഷ ഇക്കൊല്ലം തുടങ്ങും.

പുതിയ അധ്യാപകർക്ക് ഒരാഴ്ച റസിഡൻഷ്യൽ പരിശീലനം നിർബന്ധമാക്കും. ആറു മാസത്തിലൊരിക്കൽ തുടർ പരിശീലനവും നൽകും. എല്ലാ അധ്യാപകർക്കും പഠനസഹായി ആയി ടീച്ചർ ടെക്സ്റ്റ് നൽകും. ചരിത്രത്തിൽ ആദ്യമായി രക്ഷിതാക്കൾക്കുള്ള പുസ്തകങ്ങളും ഈ വർഷം നൽകും. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ
പുതുക്കിയ പാഠപുസ്തകങ്ങൾ അടുത്തവർഷം മേയിൽ വിതരണം ചെയ്യും.
വർഷങ്ങളായി പരിഷ്‌കരിക്കാത്ത ഹയർസെക്കൻഡറി പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement