ആയിരം സൂക്ഷ്മ സംരംഭങ്ങൾ ഒരുക്കാൻ കർമ്മ പരിപാടിയുമായി കുടുംബശ്രീ

Thursday 27 June 2024 12:43 AM IST

വണ്ടൂർ: അടുത്ത രണ്ടു മാസത്തിനകം വണ്ടൂർ ബ്ലോക്കിൽ ആയിരം സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കാനുള്ള കർമ്മ പരിപാടിയുമായി കുടുംബശ്രീ വണ്ടൂർ മൈക്രോ എന്റർപ്രൈസ് റിസോഴ്സ്സ് സെന്റർ(എം.ഇ.ആർ.സി). ഇതിനായി വണ്ടൂർ എം.ഇ.ആർ.സി ജനറൽ ബോഡി യോഗം കർമ്മപദ്ധതി തയ്യാറാക്കി.

ജൂലായ്, ആഗസ്റ്റ് മാസങ്ങളിലായി കുടുംബശ്രീ ഓക്സിലറി അംഗങ്ങളുടെ ആയിരം സംരംഭങ്ങൾ രജിസ്റ്റർ ചെയ്യും. അയൽക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് തലങ്ങളിൽ ഇതിനായി പ്രത്യേകം പരിശീലന പരിപാടികൾ നടപ്പിലാക്കും. ഒരു അയൽക്കൂട്ടത്തിൽ ഒരു സംരംഭം എന്ന ലക്ഷ്യത്തിന്റെ ആദ്യപടിയായാണ് പാണ്ടിക്കാട്, പോരൂർ, വണ്ടൂർ, മമ്പാട്, തിരുവാലി, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസുകളുടെ മേൽനോട്ടത്തിൽ ആയിരം പുതിയ സംരംഭങ്ങൾ നടപ്പിലാക്കുന്നത്. സംരംഭ രൂപീകരണത്തോടൊപ്പം കുടുംബശ്രീ വിപണന പ്രവർത്തനങ്ങളായ ഹോംഷോപ്പ്, മാസച്ചന്ത, കിയോസ്‌ക്, ഔട്ട്‌ലെറ്റ്, ആഴ്ചച്ചന്ത, നാട്ടുചന്ത, നാനോ മാർക്കറ്റ്, ഓഫീസ് മേള, ഓൺലൈൻ മാർക്കറ്റിംഗ് തുടങ്ങിയവയും സജീവമാക്കും.

അയൽക്കൂട്ട തലങ്ങളിൽ കൂടുതൽ സംരംഭങ്ങൾ
അയൽക്കൂട്ടതലങ്ങളിൽ കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി അംഗങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുക, പുതിയ വിപണി സാദ്ധ്യതകൾ തുറക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് റിസോഴ്സ് സെന്റർ (എം.ഇ.ആർ.സി) പദ്ധതി ആരംഭിച്ചത്.

പദ്ധതിയുടെ ഭാഗമായി ഓരോ സി.ഡി.എസിലും മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാരെ നിയമിച്ചിട്ടുണ്ട്.
വണ്ടൂർ ബ്ലോക്ക് പരിധിയിൽ പുതുതായി സംരംഭം ആരംഭിക്കാൻ താത്പര്യമുള്ള അയൽക്കൂട്ട അംഗങ്ങൾ, ഓക്സിലറി അംഗങ്ങൾ എന്നിവർ അതത് സി.ഡി.എസ് ഓഫീസിൽ നേരിട്ടോ, ബ്ലോക്ക് തല റിസോഴ്സ് സെന്ററിലോ നേരിട്ട് ബന്ധപ്പെടണം. ഫോൺ: 04931 200250.

Advertisement
Advertisement