ജലജീവൻ മിഷൻ: ടാപ്പുമില്ല വെള്ളവും; വേണം 4.39 ലക്ഷം കണക്‌ഷനുകൾ

Thursday 27 June 2024 12:45 AM IST

മലപ്പുറം: ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും ടാപ്പുകളിലൂടെ കുടിവെള്ളം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയിൽ ഒരുവർഷത്തിനിടെ ജില്ലയിൽ ആകെ നൽകിയത് 13,500ഓളം കണക്‌ഷനുകൾ മാത്രം. കഴിഞ്ഞ വർഷം അരലക്ഷത്തോളം കണക്‌ഷനുകൾ നൽകിയ സ്ഥാനത്താണിത്. 2024ഓടെ എല്ലാ വീടുകളിലും ടാപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയിൽ 6,52,951 വീടുകളാണ് ഉൾപ്പെട്ടിട്ടുള്ളത്. 2020-21 സാമ്പത്തിക വർഷത്തിൽ തുടക്കമിട്ട പദ്ധതിയിൽ ഇതുവരെ 2,13,282 വീടുകളിലാണ് ടാപ്പ് കണക്‌ഷൻ നൽകാനായത്. ഈ സാമ്പത്തിക വർഷത്തിൽ പദ്ധതി പൂർത്തീകരിക്കും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചതെങ്കിൽ ഇത് യാഥാർത്ഥ്യമാവാൻ 4,39,669 കണക്‌ഷനുകൾ കൂടി നൽകേണ്ടതുണ്ട്. ആകെ 32.66 ശതമാനം മാത്രമാണ് പദ്ധതിയുടെ ഇതുവരെയുള്ള പൂർത്തീകരണം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണക്‌ഷനുകൾ നൽകാൻ അവശേഷിക്കുന്നതും മലപ്പുറത്താണ്. 62.36 ശതമാനവുമായി കൊല്ലം ജില്ലയാണ് പദ്ധതി പൂർത്തീകരണത്തിൽ മുന്നിൽ.

അനുമതി നീളുന്നു

  • പദ്ധതിയുടെ ടാങ്ക് ഉൾപ്പെടെ നിർമ്മിക്കാൻ ആവശ്യമായ സ്ഥലം ലഭിക്കുന്നതിലും കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ പൊതുമരാമത്ത്, റെയിൽവേ, നാഷണൽ ഹൈവേ അതോറിറ്റി, വനം വകുപ്പ് എന്നിവിടങ്ങളിൽ നിന്ന് അനുമതി വൈകുന്നതും പദ്ധതിയുടെ കാലതാമസത്തിന് പ്രധാന കാരണമാണ്.
  • പൈപ്പിടാൻ വിവിധ പൊതുമരാമത്ത് റോഡുകൾ കട്ട് ചെയ്യുന്നതിനുള്ള അനുമതിക്ക് സുഗമ ഓൺലൈൻ പോർട്ടൽ മുഖാന്തരം അപേക്ഷിച്ചിട്ടും അനുമതി നീളുന്നു എന്നാണ് ജലവിഭവ വകുപ്പ് അധികൃതരുടെ വാദം.
  • പൈപ്പിടുന്നതിനായി റോഡുകളിലടക്കം കുഴിച്ച കുഴികൾ മൺസൂൺ എത്തിയിട്ടും വിവിധ ഇടങ്ങളിൽ റീടാറിംഗ് നടത്താത്തത് യാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

പൊതുമരാമത്ത് വകുപ്പ് ജില്ലാ അധികൃതരുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് അനുമതി വേഗത്തിൽ ലഭ്യമാക്കാൻ വേണ്ട ഇടപെടലുകൾ നടത്തുന്നുണ്ട്.

ജലവിഭവ വകുപ്പ് അധികൃതർ

Advertisement
Advertisement