കേരള ബാങ്കിന് 209 കോടി രൂപ ലാഭം

Wednesday 26 June 2024 11:47 PM IST

തിരുവനന്തപുരം: കേരളബാങ്കിന് 209കോടിയുടെ അറ്റാദായം. മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ കണക്കാണിത്. തുടർച്ചയായ അഞ്ചാംവർഷമാണ് ബാങ്ക് ലാഭം കൈവരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്തം ബിസിനസ് 101194 കോടി രൂപയിൽ നിന്നും 116582 കോടി രൂപയായി ഉയർന്നു.

പുതുതായി 19601 കോടി രൂപയുടെ വായ്പ അനുവദിച്ചു. കാർഷിക മേഖലയിൽ 99200 വായ്പകളും ചെറുകിട സംരംഭ മേഖലയിൽ 85000ത്തിലധികം വായ്പകളും ബാങ്ക് നൽകി. മൂലധന പര്യാപ്തത 10.32%മായി ബാങ്ക് നിലനിറുത്തി. റിസർവ് ബാങ്ക് മാനദണ്ഡപ്രകാരം മൂലധന പര്യാപ്തത 9% ആണ് വേണ്ടത്. ഇക്കാര്യത്തിൽ നിലവിൽ ബാങ്കിന്റെ സ്ഥിതി സുരക്ഷിതമാണ്. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് 10335 കോടി രൂപയുടെ വായ്പ അനുവദിച്ചു. മൊത്തം വായ്പയിൽ 21% ആണിത്.

2019 നവംബർ 29ന് കേരള ബാങ്ക് രൂപീകരിക്കുമ്പോൾ ബാങ്കിന്റെ സഞ്ചിത നഷ്ടം 1151 കോടി രൂപ ആയിരുന്നു. നിഷ്‌ക്രിയ ആസ്തി 8834 കോടി രൂപയും (23.39%). 2024 മാർച്ച് 31ലെ കണക്ക് പ്രകാരം ബാങ്കിന്റെ സഞ്ചിത നഷ്ടം 477 കോടി രൂപയും നിഷ്‌ക്രിയ ആസ്തി 11.45 ശതമാനവുമാണ്.
നിലവിൽ ബാങ്കിന് കാർഷിക മേഖലയിൽ 24.65%ആണ് വായ്പാനിൽപ്പുബാക്കി. ഇത് ഈ വർഷം 30% ആക്കി ഉയർത്തും.

#ഗ്രേഡ് മാറ്റം ബാങ്കിന്റെ പ്രവർത്തനത്തെ ബാധിക്കില്ല
നബാർഡ് ഇൻസ്‌പെക്ഷൻ ഗ്രേഡുമായി ബന്ധപ്പെട്ട വിഷയം
സഹകരണ ബാങ്കുകളുടെ സൂപ്പർവൈസർ എന്ന നിലയിൽ നബാർഡ് വർഷാവർഷം ബാങ്കിൽ ഇൻസ്‌പെക്ഷൻ നടത്താറുണ്ട്. ഇത് ഒരു സാധാരണ നടപടിക്രമമാണ്. 2022-23 സാമ്പത്തിക വർഷത്തെ ഇൻസ്‌പെക്ഷനെ തുടർന്ന് നടത്തിയ റേറ്റിംഗിലാണ് ബാങ്കിന്റെ റേറ്റിംഗ് 'ബി'യിൽ നിന്ന് 'സി' ആക്കി മാറ്റിയത്. ഇത്തരത്തിലുള്ള മാറ്റം ബാങ്കിന്റെ പ്രവർത്തനത്തെ വലിയ തോതിൽ ബാധിക്കുന്നതല്ല. ബാങ്ക് അനുവദിക്കുന്ന വ്യക്തിഗത വായ്പകൾ, മോർട്ട്‌ഗേജ് വായ്പകൾ എന്നിവയുടെ പരമാവധി പരിധി 40ലക്ഷം രൂപയിൽ നിന്നും 25ലക്ഷം രൂപയായി കുറയുമെന്ന് മാത്രം. ബാങ്കിന് 48000 കോടി രൂപയുടെ വായ്പയുണ്ട്. ഇതിൽ ഏകദേശം 3 ശതമാനം വായ്പകൾ മാത്രമാണ് വ്യക്തിഗത വായ്പകൾ. പദ്ധതിയുടെ അടിസ്ഥാനത്തിൽ കാർഷിക വായ്പ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പരിധിയില്ലാതെയും വ്യക്തികൾക്ക് ഭവന വായ്പ 75 ലക്ഷം രൂപ വരെയും കേരള ബാങ്ക് അനുവദിക്കുന്നുണ്ട്.

Advertisement
Advertisement