രാത്രി ഒറ്റയ്ക്ക് ഇരതേടിയിറങ്ങിയ പുലിക്കുട്ടി പെട്ടു, കോഴിക്കൂട്ടിൽ! 

Thursday 27 June 2024 12:00 AM IST
കോഴിക്കൂട്ടിലകപ്പെട്ട പുലിക്കുട്ടി

സുൽത്താൻ ബത്തേരി: രാത്രി ഒറ്റയ്ക്ക് ഇര തേടിയിറങ്ങിയ പുലിക്കുട്ടി ചെന്ന് പെട്ടത് കോഴിക്കൂട്ടിൽ!. കൂട്ടിലകപ്പെട്ട കുട്ടിയെ വനപാലകരെത്തി വനത്തിൽ കൊണ്ടുചെന്ന് വിട്ടു. ചീരാൽ മുണ്ടുപറമ്പിൽ കുട്ടപ്പന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് ആറുമാസം പ്രായമായ പുലിക്കുട്ടി കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.
രാത്രി കോഴിക്കൂട്ടിൽ നിന്ന് ബഹളം കേട്ടപ്പോൾ വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് പുലിയുടെ കുട്ടിയെ കോഴിക്കൂട്ടിൽ കണ്ടത്. ഉടൻ വീട്ടുകാർ കൂട് അടച്ച് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. കോഴിക്കൂടിന്റെ അടിവശത്തെ പലകയുടെ ഇടയിലൂടെ അകത്തുകടന്ന പുലിക്കുട്ടിക്ക് അതുവഴി തിരികെ പുറത്തേക്ക് കടക്കാൻ കഴിഞ്ഞില്ല. കൂടിനുള്ളിൽ തലങ്ങും വിലങ്ങും നടന്നു. കൂട്ടിൽ നിറയെ കോഴികളുണ്ടായിരുന്നെങ്കിലും ഒന്നിനെപോലും പിടികൂടിയില്ല. മേപ്പാടി റെയിഞ്ച് ഓഫീസിന്റെ പരിധിയിൽ മുത്തങ്ങ വന്യ ജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് കുടുക്കി. മുത്തങ്ങ റെയിഞ്ച് ഓഫീസിൽ നിന്നുള്ള വനപാലകരെത്തിയാണ് പുലിക്കുട്ടിയെ വലയിട്ട് പിടികൂടിയശേഷം വനത്തിനുള്ളിൽ കൊണ്ടുപോയി വിട്ടത്.

Advertisement
Advertisement