മഴ കനത്തു, നാശനഷ്ടങ്ങളും

Thursday 27 June 2024 12:03 AM IST
rain

കോഴിക്കോട്: കാലവർഷം ശക്തി പ്രാപിച്ചതോടെ കോഴിക്കോട് ജില്ലയിൽ കനത്ത മഴ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തോരാമഴയാണ്. മലയോരത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും ഭീതി ഉയർത്തുകയാണ്. ഇന്നലെ രാവിലെയോടെ തുടങ്ങിയ മഴ രാത്രിയിലും തുടർന്നു. ശക്തമായ മഴയിൽ മിക്കയിടങ്ങളിലും വീടുകളും മതിലും തകർന്നു. പലയിടങ്ങളിൽ ഗതാഗതം തടസപ്പെട്ടു. താഴ്ന്നപ്രദേശങ്ങൾ പലതും വെള്ളത്തിലായി. തോടുകളും പൂനൂർ പുഴ, മുത്തപ്പൻ പുഴ, ചാലിയാർ എന്നിവ കര കവിഞ്ഞൊഴുകി. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം കാര്യക്ഷമമല്ലാത്തതിനാൽ ഓടകൾ നിറഞ്ഞ് നിരത്തുകളിൽ പലയിടങ്ങളിലും വെള്ളക്കെട്ടായി. ജില്ലയിൽ കടൽക്ഷോഭ ഭീഷണിയും നിലനിൽക്കുന്നുണ്ട്.

മരങ്ങൾ കടപുഴകി നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചു.നന്മണ്ട - എഴുകുളം - ഇയ്യാട് റോഡിൽ പടിഞ്ഞാറയിൽ പീടികയ്ക്ക് സമീപം താനിക്കാം പറമ്പിൽ സുമേഷിന്റെ വീട്ടിലെ കിണർ ഇടിഞ്ഞ് താഴ്ന്നു. നാദാപുരത്ത് വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു. കാവിലുംപാറ ചുരം റോഡിലെ ചുങ്കക്കുറ്റി, നാലാം വളവ് ഭാഗങ്ങളിൽ മണ്ണിടിഞ്ഞു വീണു. തുടർന്ന് കെ.ആർ.എഫ് ബി.അധികൃതരുടെ നേതൃത്വത്തിൽ വീണ് കിടക്കുന്ന മണ്ണ് നീക്കി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

@ കക്കയം കരിയാത്തുംപാറ

ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചു

മഴ മുന്നറിയിപ്പിനെ തുടർന്ന് കെ.എസ്.ഇ.ബിയുടെ കക്കയം ഹൈഡൽ ടൂറിസം സെന്റർ, വനംവകുപ്പിന്റെ കക്കയം ഇക്കോ ടൂറിസം സെന്റർ, ടൂറിസം മാനേജ് മെന്റ് കമ്മറ്റിയുടെ കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം എന്നിവ അടച്ചു. കല്ലാനോട് തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രം തുറന്ന് പ്രവർത്തിക്കുമെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികളെ കരിയാത്തുംപാറയിലേക്ക് പ്രവേശിപ്പിക്കില്ല. കക്കയം, ഉരക്കുഴി മേഖലയിലെ ടൂറിസം സെന്ററിലും വിനോദസഞ്ചാരികളുടെ പ്രവേശനം പൂർണമായി നിർത്തിവച്ചിട്ടുണ്ട്.

@കോഴിക്കോട്ട് ഓറഞ്ച് അലർട്ട്

കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ജൂൺ ഒന്ന് മുതൽ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ലഭിച്ചത് 342.11 മില്ലി മീറ്റർ മഴയാണ്.

@വേണം, ജാഗ്രത

കടൽ കൂടുതൽ പ്രക്ഷുബ്ധമാകാൻ സാദ്ധ്യതയുള്ളതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അപകടമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.ഉറപ്പില്ലാത്ത മേൽക്കൂരയുള്ള വീടുകളിൽ താമസിക്കുന്നവർ സുരക്ഷാ മുൻകരുതൽ എടുക്കണം. അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ,പോസ്റ്റുകൾ,ബോർഡുകൾ എന്നിവ നീക്കണം. പുഴകളിൽ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കും ഇറങ്ങാൻ പാടില്ല. മലയോര മേഖലയിലേക്കും ടൂറിസ്റ്റ് ഇടങ്ങളിലേക്കുമുള്ള രാത്രി സഞ്ചാരം ഒഴിവാക്കണം. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടണം.

Advertisement
Advertisement