പൊരുത്തക്കേടുകൾക്ക് പരിഹാരം കാണാൻ ജാഗ്രതാ സമിതികൾ കാര്യക്ഷമമാക്കണം: വനിതാകമ്മിഷൻ

Thursday 27 June 2024 12:04 AM IST
vanitha

കോഴിക്കോട്: വർദ്ധിച്ചുവരുന്ന ഭാര്യാഭർതൃ ബന്ധത്തിലെ പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിനും അയൽപക്ക ബന്ധങ്ങൾ കുറ്റമറ്റതാക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള വാർഡ്തല ജാഗ്രതാ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി .സതീദേവി.

കോഴിക്കോട് ടൗൺഹാളിൽ നടത്തിയ ജില്ലാതല സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അദ്ധ്യക്ഷ.

മറ്റു ജില്ലകളിൽ എന്നപോലെ കോഴിക്കോടും തകരുന്ന ഭാര്യാഭർതൃ ബന്ധങ്ങൾ വ്യക്തമാക്കുന്ന കൂടുതൽ കേസുകൾ വരുന്നുണ്ട്. വിവാഹശേഷം ചുരുങ്ങിയ കാലം ഒരുമിച്ച് ജീവിച്ചശേഷം സൗന്ദര്യം പോര, സ്വർണം വേണ്ടത്രയില്ല എന്നീ കാരണങ്ങൾ പറഞ്ഞ് ഭർത്താവ് ഉപദ്രവിക്കുന്നതായുള്ള പരാതികൾ കൂടുന്നു. ഇതിനെതിരെ വാർഡ് തലത്തിൽ ബോധവത്ക്കരണവും കൗൺസലിംഗും നടത്തേണ്ടതുണ്ട്. ഇത്തരം സംഭവങ്ങളുടെ തിക്തഫലം അനുഭവിക്കുന്നത് കുട്ടികൾ ആണെന്നതിനാൽ അവർക്ക് പ്രത്യേക കൗൺസലിംഗ് നൽകണം. ഇതുപോലുള്ള സംഭവങ്ങൾ വിവാഹപൂർവ കൗൺസലിംഗിന്റെ അനിവാര്യത അടിവരയിടുന്നതാണ്. വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് തന്നെ വരനും വധുവും വിവാഹപൂർവ കൗൺസലിംഗ് നേടിയിട്ടുണ്ട് എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് നല്ലതായിരിക്കും.
അയൽപക്കങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വാർഡുതല ജാഗ്രതാസമിതികളിൽ നിന്നാണ് കമ്മിഷൻ റിപ്പോർട്ട് തേടുക. വാർഡ്തല ജാഗ്രതാ സമിതികൾ കാര്യക്ഷമമാക്കണം. തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങളാണ് മറ്റൊരു പ്രധാന പ്രശ്‌നം. പത്തിൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ പരാതിപരിഹാര സംവിധാനം വേണമെന്ന നിയമം പാലിക്കപ്പെടുന്നില്ല. എല്ലാ ജില്ലകളിലും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രാദേശികതല പരാതി പരിഹാര സംവിധാനം ഉണ്ടെങ്കിലും അവ കാര്യക്ഷമമല്ല. ഇവയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു.

ബുധനാഴ്ചത്തെ സിറ്റിംഗിൽ 12 പരാതികൾ തീർപ്പാക്കി. അഞ്ചെണ്ണത്തിൽ റിപ്പോർട്ട് തേടി. 65 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ആകെ 82 പരാതികളാണ് പരിഗണനയ്ക്കു വന്നത്. കമ്മിഷൻ അംഗം അഡ്വ. പി.കുഞ്ഞായിഷ, ഡയറക്ടർ ഷാജി സുഗുണൻ, അഭിഭാഷകരായ റീന സുകുമാർ, ജമിനി, അഭിജ, കൗൺസലർമാരായ ജിൻസി, ജിഷ, വനിതാ പോലീസ് ഉദ്യോഗസ്ഥ ദിവ്യശ്രീ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement