ഓണത്തിന് പച്ചക്കറി സംഭരിക്കാൻ റിവോൾവിംഗ് ഫണ്ട് : മന്ത്രി പ്രസാദ്

Thursday 27 June 2024 2:58 AM IST

തിരുവനന്തപുരം: ഓണക്കാല വിതരണത്തിനായി സംസ്ഥാനത്തിനകത്ത് തന്നെ ഉത്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറിസംഭരണം ഈർജ്ജിതമാക്കാൻ റിവോൾവിംഗ് ഫണ്ട് വിനിയോഗിക്കുമെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയിൽ അറിയിച്ചു. ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഇടുക്കിയിലെ കാന്തല്ലൂർ, വട്ടവട എന്നിവിടങ്ങളിൽ ഉത്പാദിപ്പിക്കുന്ന മുഴുവൻ പച്ചക്കറിയും സംഭരിക്കാൻ ഹോർട്ടികോർപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മാർച്ച് 31 വരെയുള്ള സംഭരണവില പൂർണ്ണമായി നൽകി. സംസ്ഥാനത്ത് പച്ചക്കറിയുടെ ഉത്പാദനം 17.21 ലക്ഷം ടണ്ണിലേയ്ക്ക് ഉയർന്നിട്ടുണ്ട്. സമഗ്രപച്ചക്കറി വികസന പദ്ധതിക്ക് അനുവദിച്ച 17 കോടി രൂപ ഓരാഴ്ചകൾക്കുള്ളിൽ കർഷകരുടെ കൈകളിലെത്തും.

സംസ്ഥാനത്ത് ധാന്യ കൃഷി വ്യാപിപ്പിക്കും. എല്ലാ ജില്ലകളിലും മില്ലറ്റ് കഫേ ആരംഭിക്കും. വൈൻ വില്പനയ്ക്ക് അനുമതി ലഭിക്കുന്ന മുറയ്ക്ക് ഉത്പാദനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement