പരാതി വാട്സാപ്പിൽ എത്തിയതോടെ സുരേഷ് ഗോപി ഇടപെട്ടു; 48 മണിക്കൂറിനുള്ളിൽ കോട്ടയം സ്വദേശിക്ക് നഷ്ടപരിഹാരം

Thursday 27 June 2024 9:47 AM IST

പാലാ: കടപ്പാട്ടൂരുള്ള ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പമ്പിൽ നിന്നും അടിച്ച ഡീസലിൽ വെള്ളം. പരാതിയിൽ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ അടിയന്തര ഇടപെടലിനെത്തുടർന്ന് കാർ ഉടമയ്ക്ക് 48 മണിക്കൂറിനുള്ളിൽ നഷ്ടപരിഹാരവും മായം കണ്ടെത്തിയ പമ്പ് പൂട്ടിക്കാനും ഉത്തരവായി. പരിശോധനകൾക്ക്‌ ശേഷം പമ്പ് കഴിഞ്ഞ ദിവസമാണ് വീണ്ടും തുറന്നത്.

ഇടതു സഹയാത്രികനും സെന്റർഫോർ കൺസ്യൂമർ എജ്യൂക്കേഷന്റെ മാനേജിംഗ് ട്രസ്​റ്റിയുമായ ജെയിംസ് വടക്കന്റെ മരുമകൻ ജിജു കുര്യന്റെ കാറിലാണ് ഡീസലിൽ വെള്ളത്തിന്റെ അംശം കണ്ടെത്തിയത്. ഇന്ത്യൻ ഓയിൽ കോർപറേഷനിൽ നിന്ന് മറുപടി ലഭിക്കാത്തതിനെത്തുടർന്ന് ജെയിംസ് വടക്കൻ സുഹൃത്തും ബിജെപി നേതാവുമായ ശിവശങ്കരൻ വഴിയാണ് സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് വാട്‌സാപ്പിൽ പരാതി അയച്ചത്.

കഴിഞ്ഞ 17നാണ് ജിജു കാറിൽ കടപ്പാട്ടൂരെ പമ്പിൽ നിന്നും 35ലി​റ്റർ ഡീസൽ അടിച്ചത്. അടിച്ചപ്പോൾ തന്നെ വാണിംഗ് ലൈ​റ്റുകൾ തെളിഞ്ഞു ബീപ് ശബ്ദവും കേട്ടു. തുടർന്ന് കാർ തകരാറായതിനെത്തുടർന്ന് ഹോണ്ടയുടെ വർക്‌ഷോപ്പിൽ പരിശോധിച്ചപ്പോൾ ഡീസലിനൊപ്പം വെള്ളം കയറിയെന്ന് കണ്ടെത്തുകയായിരുന്നു.

വടക്കൻ ഐഒസി അധികാരികളെവിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടർന്നാണ് 22-ാം തീയതി സുരേഷ്‌ഗോപിക്ക് പരാതി നൽകിയത്. വിഷയം ഏ​റ്റെടുത്തിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കുമെന്നും സുരേഷ്‌ഗോപിയുടെ ഓഫീസിൽ നിന്നും മറുപടി ലഭിച്ചു. ഡീസൽ ഊ​റ്റിക്കളഞ്ഞ് ടാങ്ക് വൃത്തിയാക്കിയതുൾപ്പെടെ ചെലവായ 9894 രൂപ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ ജിജുവിന്റെ അക്കൗണ്ടിലേക്ക് ഐഒസി ഡീലർ അയച്ചുകൊടുത്തു.

Advertisement
Advertisement