ആറ് മാസം താടിയും മുടിയും വളർത്തി; ടർബോയിലെ കണ്ണിൽ ചോരയില്ലാത്ത വില്ലനായതെങ്ങനെയെന്ന് വെളിപ്പെടുത്തി നൗഷാദ് ഷാഹുൽ

Thursday 27 June 2024 12:41 PM IST

വൈശാഖ് - മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ ടർബോ ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. ചിത്രത്തിൽ രാജ് ബി ഷെട്ടിയുടെ വലംകൈയനായ കണ്ണിൽ ചോരയില്ലാത്ത വില്ലനെ സിനിമ കണ്ടവരാരും മറക്കില്ല. നൗഷാദ് ഷാഹുൽ ആണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തെപ്പറ്റിയും, ലോക്കേഷൻ അനുഭവങ്ങളുമൊക്കെ അദ്ദേഹം കേരള കൗമുദി ഓൺലൈനിനോട് പങ്കുവയ്ക്കുന്നു.

ടർബോയിലെത്തിയത്


സംവിധായകൻ വൈശാഖുമായി ദീർഘകാലത്തെ സൗഹൃദമുണ്ട്. സിനിമയിലേക്ക് വരുന്നതിന് മുമ്പ് തന്നെ സുഹൃത്താണ്. പോക്കിരിരാജയാണ് വൈശാഖ് ആദ്യമായി സംവിധാനം ചെയ്ത സിനിമ. അതിൽ ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തിരുന്നു. ഈ സിനിമയ്ക്ക് മുമ്പ് വിലാപങ്ങൾക്കപ്പുറം, കേരള കഫേ എന്നീ ചീത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തിട്ടുണ്ട്.

പിന്നെ കുറേക്കാലം അഭിനയത്തിലായിരുന്നു ശ്രദ്ധ. കാപ്പ, ഷെഫീഖിന്റെ സന്തോഷം, ഭൂതകാലം, ഞാൻ മേരിക്കുട്ടി, മേപ്പടിയാൻ അങ്ങനെ കുറേ പടങ്ങൾ ചെയ്തു. വൈശാഖിന്റെ തന്നെ മധുരരാജയിൽ സർക്കിൾ ഇൻസ്‌പെക്ടറായി അഭിനയിച്ചു. ഒടുവിൽ ഇപ്പോൾ ടർബോയിൽ കില്ലർ വേഷത്തിലെത്തി നിൽക്കുന്നു.

ആ ഒറ്റവാചകത്തിൽ കഥാപാത്രമെന്തെന്ന് മനസിലായി

കാപ്പ എന്ന ചിത്രത്തിൽ ഗുണ്ടാ വേഷം ചെയ്തിരുന്നു. പൃഥിരാജ് അതിൽ ഗുണ്ടാ തലവനായിരുന്നു. പൃഥ്വിരാജിന്റെ വലംകൈയായിട്ടുള്ള കഥാപാത്രമാണ് ചെയ്തത്. അതിനുവേണ്ടി മുടി വളർത്തിയിരുന്നു. ഈ സിനിമയുടെ തൊട്ടുമുമ്പുള്ള കായ്‌പോള എന്ന ചിത്രത്തിലും ഗുണ്ടാ വേഷം അവതരിപ്പിച്ചിരുന്നു.

ആ രണ്ട് സിനിമകളും കഴിഞ്ഞിരിക്കുന്ന സമയത്താണ് ടർബോയിലേക്ക് വിളിക്കുന്നത്. താടിയും മുടിയും പരമാവധി വളർത്താനാണ് വൈശാഖ് പറഞ്ഞത്. ആറ് മാസത്തോളം താടിയും മുടിയും ഒന്നും ചെയ്തിട്ടില്ല. അതാണ് ലുക്ക് വൈസുള്ള പ്രിപ്പറേഷൻ.

സിനിമയിൽ ഞാൻ അങ്ങനെ ഫൈറ്റ് ചെയ്തിട്ടില്ല. ടർബോയിൽ മമ്മൂക്കയുമായൊക്കെ ഫൈറ്റ് ചെയ്യുന്ന സീൻ ഉണ്ട്. എന്നെ സംബന്ധിച്ച് അതൊരു വെല്ലുവിളിയായിരുന്നു. ഫൈറ്റ് രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് ഒരാഴ്ച പരിശീലനമുണ്ടായിരുന്നു. അന്ന് വൈശാഖ് ഫൈറ്റ് മാസ്റ്ററെ പരിചയപ്പെടുത്തി തന്നു. എനിക്ക് സ്‌പെഷൽ ട്രെയിനിംഗ് നൽകണമെന്ന് പറയുകയും ചെയ്തു. എന്നെ സംബന്ധിച്ച് ഇത് ആദ്യ അനുഭവമാണ്.


സിമ്പിളും പവർഫുള്ളുമായ രീതിയിലാണ് വൈശാഖ് ക്യാരക്ടറിനെപ്പറ്റി പറഞ്ഞുതന്നത്. കഥാപാത്രത്തെപ്പറ്റി കൂടുതൽ വിശദീകരണമൊന്നും നൽകിയിരുന്നില്ല. ലൊക്കേഷനിൽ ചെന്നു, ഫുൾ മേക്കപ്പ് ചെയ്തു. ശേഷം സിനിമയിൽ ഉപയോഗിക്കുന്ന സ്പ്രിംഗ് കത്തി എന്റെ കൈയിൽ തന്നു. അതുംകൊണ്ട് വൈശാഖിന്റെ മുന്നിലെത്തി.


ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല, ലൊക്കേഷനിൽ വെറുതെ ഇരിക്കുമ്പോൾ പോലും കണ്ണിൽ ചോരയില്ലാത്ത കൊലപാതകിയാണെന്ന ബോധം വേണമെന്ന് വൈശാഖ് പറഞ്ഞിരുന്നു. ആ ഒറ്റ വാചകത്തിൽ കഥാപാത്രമെന്താണെന്ന് മനസിലായി.

മമ്മൂക്കയ്‌ക്കൊപ്പമുള്ള ആദ്യ ഷോട്ട്

മമ്മൂക്കയുമായി നേരിട്ട് സംസാരിക്കുകയൊന്നും ചെയ്തിട്ടുണ്ടായിരുന്നില്ല. പക്ഷേ സീക്വൻസുകളിലൊക്കെ മമ്മൂക്ക നമ്മളോട് ആശയ വിനിമയം നടത്തുന്നുണ്ട്. അങ്ങോട്ട് നിൽക്കൂ, ഇങ്ങോട്ട് നിൽക്കൂ എന്നൊക്കെ കണ്ണുകൊണ്ട് പറഞ്ഞു. നമ്മളെ കൂളാക്കുന്ന പെരുമാറ്റമാണ്.

മമ്മൂക്കയെപ്പോലൊരാളുടെ മുന്നിൽ നിന്ന് അഭിനയിക്കുന്നത് ആലോചിക്കുമ്പോൾ സ്വാഭാവികമായിട്ടൊരു വിറയൽ ഉണ്ടായിരുന്നു. പക്ഷേ മമ്മൂക്ക നമ്മുടെ മുന്നിൽ വന്നാൽ അങ്ങനെയൊരു ഭയം തോന്നില്ല. ഒരുപാട് പുതിയ ആൾക്കാർക്കൊപ്പം വർക്ക് ചെയ്ത അനുഭവം മമ്മൂക്കയ്ക്കുണ്ട്. അതിനാൽ പുതിയ ആളുകൾ എവിടെയൊക്കെ പകച്ചുപോകുമെന്നൊക്കെ അദ്ദേഹത്തിനറിയാം.അത്തരം സാഹചര്യങ്ങൾ നന്നായി കൈകാര്യം ചെയ്യാൻ മമ്മൂക്കയ്ക്ക് സാധിക്കും. ആ കാര്യം വലിയൊരു അതിശയമായി തോന്നിയിരുന്നു.

മമ്മൂക്കയുമായിട്ടുള്ള ആദ്യ ഷോട്ട് ചെയ്യുമ്പോൾ രാജ് ബി ഷെട്ടി സാർ ലൊക്കേഷനിലുണ്ട്. ഷോട്ട് കഴിഞ്ഞപ്പോൾ പേടിയുണ്ടായിരുന്നോയെന്ന് രാജ് ബി ഷെട്ടി സാർ ചോദിച്ചു. എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. 'ഇല്ല, ബികോസ് ഹി ഈസ് മൈ ഇൻസ്‌പിറേഷൻ' എന്ന് പറഞ്ഞു.പറഞ്ഞത് ഓവർ ആയിപ്പോയോ എന്ന് പിന്നെ ആലോചിച്ചു. ഷെട്ടി സാറോട് പറഞ്ഞതായിരുന്നു സത്യം. നമ്മളിലൊരാളെപ്പോലെയാണ് അദ്ദേഹം പെരുമാറിയത്. ഭയങ്കര കംഫർട്ടബിളായിരുന്നു. കൂളായിരുന്നു. സീനിൽ മമ്മൂക്കയുടെ നേരെ കത്തി വീശാനൊക്കെ കോൺഫിഡൻസ് കിട്ടി.

ലൊക്കേഷനിലെ രാജ് ബി ഷെട്ടി

ഷെട്ടി സാറിന്റെ കൂടെയുള്ള അഭിനയം വലിയൊരു അനുഭവമായിരുന്നു. ഒരു ഒഴുക്കിന് എക്സ്പീരിയൻസ് എന്ന് പറയുകയല്ല. അഭിനയത്തിന്റെ കാര്യത്തിലായാലും ഒരു സഹപ്രവർത്തകനെന്ന നിലയിലും വളരെ വലിയ അനുഭവം തന്നെയായിരുന്നു.

ഭയങ്കര ആരാധന തോന്നിയ ആളാണ് ഷെട്ടി സാർ. അദ്ദേഹത്തോട് സംസാരിക്കണമെന്നൊക്കെ ഷൂട്ടിംഗിന് പോകുന്നതിന് മുമ്പ് ആഗ്രഹിച്ചിരുന്നു. എങ്ങനെയായിരിക്കും പെരുമാറ്റമെന്നൊക്കെ ചിന്തിച്ചിരുന്നു. ഷൂട്ട് ചെയ്ത് ഉടൻ കാരവാനിലേക്ക് പോകുമോ, അത്രയും വലിയ ആർട്ടിസ്റ്റല്ലേ. എന്നാൽ കാരവാനിൽ പോയിരിക്കാൻ ആഗ്രഹിക്കുന്നയാളല്ല, സെറ്റിലുള്ള എല്ലാവരോടും തോളിൽ കൈയിട്ട് സംസാരിക്കുന്ന ആളാണ്. ആദ്യ ദിവസം തന്നെ വലിയ സർപ്രൈസായി.

സാറിന് നന്നായി മലയാളം അറിയാം. അദ്ദേഹം മംഗളൂരു ആണ്. മലയാള സിനിമകളെല്ലാം കണ്ടിട്ടുണ്ട്. മമ്മൂക്കയുടെയും ലാലേട്ടന്റെയുമൊക്കെ ആരാധകനാണ്. സംവിധായകനും എഡിറ്ററും പ്രൊഡ്യൂസറുമൊക്കെയാണ്. ആക്ഷൻ സീൻ ആദ്യമായി ചെയ്യുന്നയാളാണ് ഞാൻ. എനിക്ക് സാർ കുറച്ച് ടിപ്‌സൊക്കെ പറഞ്ഞുതന്നു. നമ്മൾ നന്നായി ചെയ്താൽ അഭിനന്ദിക്കും. മൃഗസ്‌നേഹിയാണ് അദ്ദേഹം. നമ്മുടെ വീട്ടിലെ പൂച്ചയെക്കുറിച്ചും പട്ടിയെപ്പറ്റിയുമൊക്കെ സംസാരിക്കും.


ആഗ്രഹിക്കുന്ന കഥാപാത്രങ്ങൾ

എല്ലാതരം കഥാപാത്രങ്ങൾ ചെയ്യാനും ആഗ്രഹമുണ്ട്. ആർക്കെങ്കിലും വേണ്ടി എന്തെങ്കിലും ത്യജിക്കുന്ന കഥാപാത്രമാണ് പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടം. ഞാൻ ആദ്യമായി ശ്രദ്ധിക്കപ്പെട്ടത് ടർബോയിലെ കഥാപാത്രമാണ്. എന്നിരുന്നാലും ഇതുവരെ പൊലീസ്, പ്രൊഫസർ, മന്ത്രവാദി, ട്രാവൽ എജന്റ്, സദാചാരവാദിയായ നാട്ടുകാരൻ, അയൽക്കാരൻ തുടങ്ങി നിരവധി വേഷങ്ങൾ ചെയ്തു. ഒരു കൊഠുര വില്ലൻ കഥാപാത്രം ചെയ്യണമെന്നത് വലിയ ആഗ്രഹമായിരുന്നു. മലയാളത്തിൽ ചെയ്യാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ല.


പുതിയ പ്രൊജക്ടുകൾ

സിനിമയും വെബ്സീരീസുമാണ് പുറത്തിറങ്ങാനുള്ളത്. മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹന്റെ 'കഥ ഇന്നുവരെ'യാണ് റിലീസാകാനുള്ള ചിത്രം. ബിജു മേനോനും പ്രധാന നായികയായ മേതിൽ ദേവികയും ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ ക്ലർക്ക് വേഷമാണ്.

കേരള ക്രൈം ഫയൽ സീസൺ 2 ആണ് വെബ് സീരീസ്. സാധാരണക്കാരനായ ഒരാളായിട്ടാണ് അതിൽ അഭിനയിക്കുന്നത്.


ഐടി മേഖലയിൽ നിന്ന് സിനിമയിലേക്ക്

സ്‌കൂൾ കാലം തൊട്ടേ സിനിമയോട് ആഗ്രഹമുണ്ട്. അന്ന് ഡിഗ്രിക്കൊന്നും പോകാതെ പോളി ടെക്നിക്കിൽ കമ്പ്യൂട്ടർ എൻജിനിയറിംഗ് ഡിപ്ലോമ തിരഞ്ഞെടുത്തു. പെട്ടെന്നൊരു ജോലിയിലേക്ക് കയറി, അത്യാവശ്യം സമ്പാദ്യമുണ്ടാക്കിയ ശേഷം സിനിമയിലേക്ക് വരികയായിരുന്നു ലക്ഷ്യം.

ഒന്നുരണ്ട് വർഷം ഐടി മേഖലയിൽ ജോലി ചെയ്തു. എനിക്കത് തുടരാൻ തോന്നിയില്ല. സിനിമയിലാണെങ്കിൽ ഒരു കോൺടാക്ടും ഇല്ല. 2000ത്തിൽ മീഡിയ ഫീൽഡിൽ വന്നു. എൻടിവി പ്രൊഡക്ഷൻ ഹൗസിൽ പ്രോഗ്രാം പ്രൊഡ്യൂസറായി കയറി. അത് കഴിഞ്ഞ് രണ്ട് വർഷം ഏഷ്യാനെറ്റിൽ ജോലി ചെയ്തു. അവിടെ നിന്നിറങ്ങിയ ശേഷവും മീഡിയ പ്രവർത്തനങ്ങൾ തുടർന്നു. അഭിനയിക്കാനുള്ള ശ്രമവും നടത്തി. പിന്നെ അസിസ്റ്റന്റ് ഡയറക്ടറായി. 2017ൽ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിലൂടെ അഭിനയരംഗത്തെത്തി.


കുടുംബം

തിരുവനന്തപുരത്താണ് എന്റെ വീട്. ഭാര്യ ശബാനി ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്. സോഫ്റ്റ്‌വെയർ എഞ്ചിനിയറാണ്. രണ്ട് മക്കളുണ്ട്.

Advertisement
Advertisement