ഇങ്ങോട്ട് ദ്രോഹിച്ചാൽ തിരിച്ചും ദ്രോഹിക്കും,​ തമിഴ്‌നാടിന്റെ നടപടിക്കെതിരെ മുന്നറിയിപ്പുമായി മന്ത്രി ഗണേഷ് കുമാർ

Thursday 27 June 2024 7:12 PM IST

തിരുവനന്തപുരം: കേരള സർക്കാരുമായി കൂടിയാലോചിക്കാതെ ടൂറിസ്റ്റ് ബസുകൾക്കുളള ടാക്സ് വർദ്ധിപ്പിച്ച തമിഴ്നാട് സർക്കാരിന്റെ നടപടിക്കെതിരെ മന്ത്രി കെ .ബി. ഗണേഷ് കുമാർ.

കേരളവുമായി ആലോചിക്കാതെയാണ് 4000 രൂപ ടാക്സ് വർദ്ധിപ്പിച്ചതെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. കേരളത്തിൽ ശബരിമല സീസണാണ് വരുന്നതെന്ന് തമിഴ്‌നാട് ഓർക്കണം. തമിഴ്നാട്ടിൽ നിന്നാണ് ശബരിമലയിലേക്ക് ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തുന്നത്. അവിടെ 4000 വാങ്ങിയാൽ ഇവിടെയും നാലായിരം വാങ്ങിക്കും. ഇങ്ങോട്ട് ദ്രോഹിച്ചാൽ തിരികെ അങ്ങോട്ടും ദ്രോഹിക്കുമെന്നും ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞു.


കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ കൊടുക്കാൻ സംവിധാനം വരുമെന്നും മന്ത്രി വിശദീകരിച്ചു. അതിനുള്ള മുന്നൊരുക്കങ്ങൾ നടക്കുകയാണ്. ബാങ്ക് വായ്പ എടുക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിച്ച് വരികയാണ്. കെ.എസ്.ആർ.ടി.സി കൂടുതൽ എസി ബസുകളിലേക്ക് മാറും. കാലാവസ്ഥ മാറ്റവും മാറി വരുന്ന ആവശ്യങ്ങളും പരിഗണിച്ച് സൗകര്യമുള്ള ബസുകൾ ഇറക്കും. കെ.എസ്.ആർ.ടി.സി ഷോപ്പിംഗ് കോംപ്ലക്സുകളുടെ വ്യവസ്ഥകളിൽ ഇളവ് വരുത്തി പരമാവധി കടകൾ വാടകയ്ക്ക് നൽകാൻ നടപടി എടുക്കും. കെ.എസ്.ആർ.ടി.സി കംഫർട് സ്റ്റേഷനുകൾ സംസ്ഥാന വ്യാപകമായി പരിഷ്കരിക്കും.കംഫർട് സ്റ്റേഷൻ പരിപാലനം സുലഭ് എന്ന ഏജൻസിയെ ഏൽപ്പിക്കാൻ ഉദ്ദേശിക്കുന്നു. 23 ഡ്രൈവിംഗ് സ്കൂളുകൾ കൂടി കെഎസ്ആർടിസി തുടങ്ങുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേര്‍ത്തു.

Advertisement
Advertisement