ടി.പി കേസ് ശിക്ഷായിളവ്, കള്ളക്കളി ആക്ഷേപം; സഭയിൽ പോർവിളി

Friday 28 June 2024 4:58 AM IST

 ട്രൗസർ മനോജിനും ഇളവിന് ശ്രമമെന്ന് സതീശൻ

തിരുവനന്തപുരം: ടി.പി വധക്കേസിലെ നാലു പ്രതികൾക്ക് ശിക്ഷായിളവിനുള്ള നീക്കത്തിനെതിരായ പ്രതിപക്ഷ ബഹളത്തിൽ നിയമസഭ പ്രക്ഷുബ്‌ധമായി. ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ പോർവിളിച്ചു. പ്രതിപക്ഷം സ്പീക്കറുടെ പോഡിയത്തിനു മുന്നിൽ പ്ലക്കാർഡുയർത്തി മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോയി.

നേരത്തേ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നൽകാതിരുന്ന വിഷയം ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സബ്മിഷനായി ഉന്നയിക്കുകയായിരുന്നു. നാല് പ്രതികൾക്കാണ് ഇളവിന് ശ്രമമെന്ന് സതീശൻ പറഞ്ഞു. ട്രൗസർ മനോജാണ് നാലാമൻ. സർക്കാർ കള്ളക്കളി നടത്തുകയാണ്. ഇളവ് സംബന്ധിച്ച റിപ്പോർട്ടിനായി ഞായറാഴ്ച വൈകിട്ട് ഏഴരയ്ക്കടക്കം 3 പൊലീസ് സ്റ്റേഷനുകളിൽ നിന്ന് കെ.കെ.രമയുടെ മൊഴിയെടുത്തു.

രാഷ്ട്രീയക്കൊലയാളികൾക്ക് ശിക്ഷായിളവ് നൽകരുതെന്ന് നിയമസഭ പാസാക്കിയ നിയമം സർക്കാർ ഉത്തരവിലൂടെ ഭേദഗതി ചെയ്തത് ഈ പ്രതികൾക്കായാണ്. പരോളും അവധിയും ശിക്ഷായിളവും ആകെ ശിക്ഷയുടെ മൂന്നിലൊന്നിൽ കുറവായിരിക്കണമെന്ന ചട്ടവും പാലിച്ചില്ല. പ്രതികൾ പരോളിലിറങ്ങി സ്വർണക്കടത്ത്, മയക്കുമരുന്ന്,​തോക്ക് കേസുകളിലും പെട്ടെന്ന് സതീശൻ ആരോപിച്ചു.

ടി.പി കേസ് പ്രതികൾക്ക്

ഇളവ് നൽകില്ലെന്ന് മന്ത്രി

20 വർഷം ശിക്ഷയനുഭവിക്കാതെ ഇളവിന് അർഹതയില്ലെന്നും, നിയമവിരുദ്ധമായ പരിഗണന ആർക്കും നൽകില്ലെന്നും മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി എം.ബി.രാജേഷ് മറുപടി നൽകി. ടി.പി കേസ് പ്രതികൾക്ക് ഇളവ് നൽകില്ല. ഇവരെ ഒഴിവാക്കി പുതുക്കിയ പട്ടിക നൽകാൻ ആഭ്യന്തര അഡി.ചീഫ്സെക്രട്ടറി കഴിഞ്ഞ മൂന്നിന് ജയിൽ മേധാവിക്ക് നിർദ്ദേശം നൽകിയെന്നും പറഞ്ഞു. തുടർന്ന് സംസാരിക്കാൻ സതീശൻ എഴുന്നേറ്റതോടെ വീണ്ടും ബഹളമായി. 11.45ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്ലക്കാർഡുകളുയർത്തി ഡെപ്യൂട്ടി സ്പീക്കറുടെ കാഴ്ച മറച്ചു. ബഹളം മൂത്തതോടെ സ്പീക്കർ സീറ്റിലെത്തി. റോജി ജോൺ പോഡിയത്തിനു മുകളിലേക്ക് കയറി. സതീശന് അവസരം നൽകാമെന്ന് ഉറപ്പു കിട്ടിയതോടെ പ്രതിപക്ഷാംഗങ്ങൾ സീറ്റിലേക്ക് മടങ്ങി. സതീശൻ എഴുന്നേറ്റതും ഭരണപക്ഷം ബഹളം വച്ചു. ശിക്ഷായിളവ് പട്ടിക പുതുക്കാൻ ഉത്തരവായശേഷം പൊലീസ് രമയുടെ മൊഴിയെടുത്തത് എന്തിനെന്ന് സതീശൻ ചോദിച്ചു. പിന്നാലെയായിരുന്നു വാക്കൗട്ട്.

മൂന്ന് ഉദ്യോഗസ്ഥർക്ക്
സസ്പെൻഷൻ

 20 വർഷം ശിക്ഷയനുഭവിക്കാതെ ഇളവിന് പരിഗണിക്കരുതെന്ന ഹൈക്കോടതി ഉത്തരവുണ്ടായിരിക്കെ, ടി.പി കേസ് പ്രതികൾക്കായി പൊലീസിന്റെ റിപ്പോർട്ട് തേടിയ കണ്ണൂർ സെൻട്രൽ ജയിലിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ജയിൽ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുൺ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒ.വി. രഘുനാഥ് എന്നിവരെയാണ് സസ്പെൻഡ് ചെയ്ത് മുഖ്യമന്ത്രി ഉത്തരവിട്ടത്

ശിക്ഷായിളവിന് ജയിൽ സൂപ്രണ്ട് പൊലീസ് റിപ്പോർട്ട് തേടിയത് മാനദണ്ഡപ്രകാരമല്ല. സൂപ്രണ്ടിനോട് ജയിൽ മേധാവി വിശദീകരണം തേടിയിരുന്നു

ജയിൽ സൂപ്രണ്ട് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ കത്തും ഇതിനു കിട്ടിയ വിശദീകരണവും മാദ്ധ്യമങ്ങൾക്ക് ലഭിച്ചതും പരിശോധിക്കും

Advertisement
Advertisement