ഇനി കള്ളന് കൊടുക്കില്ല; സൈക്കിളിന് ഇരട്ടപ്പൂട്ടിട്ട് അവന്തിക

Friday 28 June 2024 4:27 AM IST

കൊച്ചി: വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സമ്മാനിച്ച സൈക്കിൾ ഇനിയൊരു കള്ളനും വിട്ടുകൊടുക്കില്ലെന്ന തീരുമാനത്തിലാണ് അവന്തിക. ഇരട്ടപ്പൂട്ടിട്ടാണ് സൈക്കിളിന് സുരക്ഷ ഒരുക്കിയത്.

മോഷണം പോയതിന് പകരം മന്ത്രി സമ്മാനിച്ച സൈക്കിളും കവർച്ച ചെയ്യപ്പെട്ട സാഹചര്യത്തിലാണ് അവന്തിക ഇരട്ടപ്പൂട്ടിട്ടത്. മുൻചക്രങ്ങളിൽ രണ്ടുതവണ ചുറ്റാവുന്ന സൈക്കിൾപ്പൂട്ട് ഇടും. ഹാൻഡിലിൽ ഉരുക്കുചങ്ങല കോർത്ത് അറ്റം പടികളുടെ കൈവരിയുടെ തൂണിൽ ബന്ധിപ്പിച്ചു താഴിട്ടുപൂട്ടുകയും ചെയ്യും. സവാരി കഴിഞ്ഞ് വാടകവീട്ടിൽ എത്തിയാൽ സൈക്കിൾ പൂട്ടിയിട്ടശേഷമേ അകത്തേക്ക് കയറൂ. ഇനിയും മോഷണത്തിന് അവസരം കൊടുക്കില്ലെന്ന് അവന്തിക പറഞ്ഞു.

എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ് വൺ സയൻസ് ക്ളാസ് ആരംഭിച്ചതോടെ അവന്തിക പഠനത്തിരക്കിലാണ്. ഞായറാഴ്ച എൻട്രൻസ് പരിശീലനവും ആരംഭിച്ചു. ബസിൽ സ്‌കൂളിൽ പോകുന്ന അവന്തിക വെണ്ണലയിൽ ട്യൂഷന് ചെല്ലുന്നത് സൈക്കിളിലാണ്.

പാലാരിവട്ടം വട്ടത്തിപ്പാടത്തെ വീട്ടിൽ നിന്ന് മേയ് 21ന് പുലർച്ചെയാണ് അവന്തികയുടെ ബി.എസ്.എ ലേഡി ബേർഡ് സൈക്കിൾ മോഷ്ടിക്കപ്പെട്ടത്. പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് മന്ത്രി ശിവൻകുട്ടിയെ ഇ-മെയിലിൽ സങ്കടം അറിയിച്ചത്. ജൂൺ രണ്ടിന് കൊച്ചിയിലെത്തിയ മന്ത്രി പുതിയ സൈക്കിൾ സമ്മാനിച്ചു. 21ന് പുലർച്ചെ പുതിയ സൈക്കിളും മോഷ്‌ടിക്കപ്പെട്ടു. തൊട്ടടുത്തദിവസം കള്ളനെ പിടിച്ചതോടെ സൈക്കിൾ തിരിച്ചുകിട്ടി.

Advertisement
Advertisement