ചോറ്റാനിക്കരയുടെ സ്വന്തം സീതക്കുട്ടി വിട പറഞ്ഞിട്ട് മൂന്നാണ്ട്

Thursday 27 June 2024 9:32 PM IST

ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ ആറു പതിറ്റാണ്ടുകളോളം ചോറ്റാനിക്കര ഭഗവതിയുടെ തിടമ്പേറ്റിയ സീതക്കുട്ടി ആന മൺമറഞ്ഞിട്ട് മൂന്നു വർഷം പിന്നിടുന്നു. ചോറ്റാനിക്കര സീതക്കുട്ടി ആനയുടെ അനുസ്മരണം നാളെ നടക്കും. ചോറ്റാനിക്കരക്ഷേത്രത്തിലെ പടിഞ്ഞാറെ നടയിൽ വച്ച് സീതയുടെ ഛായചിത്രത്തിൽ രാവിലെ 10 മണിക്ക് പുഷ്പാർച്ചനയും നടക്കും.

തിരുവില്വാമല ക്ഷേത്രത്തിൽ ഒരു ഭക്തൻ നടയ്ക്കിരുത്തിയ കുട്ടിയാനയെ പിന്നീട് ദേവസ്വം ചോറ്റാനിക്കര ക്ഷേത്രത്തിന് നൽകുകയായിരുന്നു. അന്നു മുതൽ എല്ലാ എഴുന്നള്ളിപ്പിനും സീതക്കുട്ടിയായിരുന്നു. എല്ലാവരുമായി പെട്ടെന്ന് ഇണങ്ങുന്ന പ്രകൃതമുള്ള സീതക്കുട്ടി ഭക്തജനങ്ങൾക്കും നാട്ടുകാർക്കും പ്രിയങ്കരിയായിരുന്നു. തലമുറകളിലൂടെ പാടിപ്പതിഞ്ഞ് ഇന്നും ഭക്തഹൃദയങ്ങളിൽ സീതക്കുട്ടി നിറഞ്ഞ നിൽക്കുന്നു. തിരുവില്വാമല സ്വദേശിയായ മാധവനായിരുന്നു ആദ്യത്തെ പാപ്പാൻ. സീതയും പാപ്പാൻ മാധവനുമായുള്ള ആത്മബന്ധം ഇന്നും ചോറ്റാനിക്കരക്കാർക്ക് മറക്കാൻ സാധിക്കാത്തതാണ്. മാധവൻ പെൻഷൻ പറ്റി ദേവസ്വത്തിൽ നിന്ന് പിരിഞ്ഞപ്പോൾ സീത ഭക്ഷണം കഴിക്കാതെ ദിവസങ്ങളോളം നിരാഹാരം ഇരുന്നു. തുടർന്ന് ദേവസ്വം പാപ്പാൻ മാധവനെ തിരിച്ചെത്തിപ്പിച്ചപ്പോഴാണ് സീത ഭക്ഷണം കഴിച്ചത്.

ചോറ്റാനിക്കര ദേവിയുടെ നിത്യ ശീവേലിക്ക് തിടമ്പേറ്റിയ സീതക്കുട്ടി മറ്റൊരു ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലും കൊണ്ടുപോകാറില്ല. 2021 ലെ ജൂൺ 29 രാത്രി 10 മണിക്ക് കരൾ രോഗത്തെ തുടർന്നാണ് സീതക്കുട്ടി ചരിഞ്ഞത്.

ഗജ രാജാക്കന്മാർ നിരവധി ഉണ്ടെങ്കിലും ഗജറാണി പട്ടം നൽകി ആദരിച്ചത് സീതക്കുട്ടിയെ ആണ്. 2020 ഭഗവതിപ്രിയ മാതംഗ ചക്രവർത്തിനി പട്ടം നൽകി ആനപ്രേമി സംഘവും ആദരിച്ചു. സീതയുടെ ഓർമ്മയ്ക്കായി പ്രതിമ ക്ഷേത്ര മതിൽക്കകത്ത് സ്ഥാപിക്കണമെന്നാണ് ജീവനക്കാരുടെയും ഭക്തരുടെയും ആവശ്യം.

Advertisement
Advertisement