മെഷീൻ ചതിച്ചാശാനേ; വനിതകളും 'ഫിറ്റാണ് '

Friday 28 June 2024 4:24 AM IST

കോതമംഗലം: ബ്രത്ത് അനലൈസർ പറഞ്ഞു,​ വനിതാ ജീവനക്കാരും അടിച്ചു ഫിറ്റാണ്. പാവങ്ങൾ,​ ഒന്ന് അമ്പരന്നെങ്കിലും തർക്കിച്ചു. മറ്റു ജീവനക്കാരും ഒപ്പം നിന്നു. എന്നാൽ പരിശോധകനും മെഷീനിൽ ഊതട്ടെയെന്നായി. ഊതിച്ചു. പുള്ളിക്കാരൻ ഫുൾ ഫിറ്റാണെന്ന് മെഷീൻ!

കെ.എസ്.ആർ.ടി.സിയുടെ കോതമംഗലം ഡിപ്പോയിലാണ് ബ്രത്ത് അനലൈസർ പണിപറ്റിച്ചത്. ഡിപ്പോയിലെ ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ തൊടുപുഴയിലെ ഇൻസ്പെക്ടർമാരായ രവി, സാംസൺ എന്നിവർ ഇന്നലെ പുലർച്ചെ 3.50നാണ് കോതമംഗലത്തെത്തിയത്. ആദ്യമൊക്കെ പരിശോധന കുഴപ്പമില്ലാതെ നടന്നു. രാവിലെ 8.05ന് പാലക്കാട് സർവീസ് പോകാനൊരുങ്ങിയ കണ്ടക്ടർ പി.വി. ബിജു ഊതിയപ്പോൾ 39 ശതമാനം മദ്യാംശമുണ്ടെന്ന് യന്ത്രം സൂചിപ്പിച്ചു. മദ്യപിച്ചിട്ടില്ലാത്ത ബിജു ത‌ർക്കിച്ചു. ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ ഷാജു സെബാസ്റ്റ്യനും ബിജുവിനെ പിന്തുണച്ചു. തുടർന്ന് ഷാജുവിനെ ഊതിക്കാനായി തീരുമാനം.

ഷാജുവിന്റെ ശ്വാസത്തിൽ മദ്യസാന്ദ്രത 40 ശതമാനം.

അനലൈസറിൽ തകരാറുണ്ടെന്ന് ജീവനക്കാരും ഇല്ലെന്ന് സ്ക്വാഡും. തർക്കം നീണ്ടതോടെയാണ് വനിതാ ജീവനക്കാരെ പരിശോധിക്കാൻ തീരുമാനിച്ചത്. ഓഫീസ് ജീവനക്കാരി റഷീദയ്ക്ക് 35 ശതമാനവും സ്റ്റോർ കീപ്പർ അമ്പിളിക്ക് 40 ശതമാനവും ആൽക്കഹോൾ കാണിച്ചു. ഇതോടെ പരിശോധകർ തടിതപ്പാൻ നോക്കിയെങ്കിലും ജീവനക്കാർ വിട്ടില്ല. സ്ക്വാഡ് അംഗം രവി ഊതിക്കാണിക്കണമെന്ന് അവർ ശഠിച്ചു. ഫലം വന്നു,​ മദ്യത്തന്റെ അളവ് 45ശതമാനം! പരിശോധകർ ക്ഷമ പറഞ്ഞ് തടയൂരി.

വിവരമറിഞ്ഞ് മാദ്ധ്യമപ്രവർത്തക‌ർ ഡിപ്പോയിലെത്തി. ബ്രെത്ത് അനലൈസറിന് പുലർകാലത്ത് പ്രശ്നമുണ്ടായിരുന്നില്ലെന്നും നേരം വെളുത്തതോടെ പിണങ്ങിയെന്നുമാണ് വിശദീകരണം.

Advertisement
Advertisement