കിലോയ്ക്ക് ലഭിക്കുന്നത് 350 രൂപ വരെ,​ ഉത്തരേന്ത്യയിൽ വൻ ഡിമാൻഡ്,​ ലാഭം കൊയ്യുന്നത് തമിഴ്‌നാടും കർണാടകയും

Friday 28 June 2024 12:55 AM IST

കിളിമാനൂർ: നാട്ടിൻപുറങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന കമുകും അടയ്ക്കയും അപ്രത്യക്ഷമാകുന്നു. മലയോരത്ത് ധാരാളമായി കാണുന്ന കമുകിൽ രോഗബാധ ഉണ്ടാകുന്നതാണ് അടയ്ക്കയുടെ ഡിമാൻഡ് കുറയാൻ കാരണമെന്ന് കർഷകർ പറയുന്നു. അടയ്ക്കയുടെ ഉത്പാദനം കുറഞ്ഞതോടെ വിലയും വ‌ർദ്ധിച്ചു. കേരളത്തിൽ ഇപ്പോൾ അടയ്ക്കയുടെ സീസൺ ആണ്. എന്നാൽ മഴ വിളവെടുപ്പിനെ സാരമായി ബാധിച്ചു. വടക്കൻ ജില്ലകളിൽ നിന്ന് ലോഡ് കണക്കിന് അടയ്ക്കയാണ് ശേഖരിക്കുന്നത്. എന്നാൽ രോഗബാധ കാരണം തെക്കൻ ജില്ലകളിലെ പ്രതിസന്ധി നേരിടുകയാണ്.

പ്രധാന രോഗങ്ങൾ

1. കടചീയൽ

വേരിലൂടെയോ കടഭാഗത്തുകൂടിയോ ആണ് രോഗാണു ബാധിക്കുന്നത്. നല്ല നീർവാർച്ച സൗകര്യം ഒരുക്കുന്നതും ഒരുശതമാനം ബോർഡോ മിശ്രിതം മണ്ണിൽ ഒഴിച്ചുകൊടുക്കുന്നതും രോഗത്തെ തടയും.

2. മഹാളി

വൻതോതിൽ കായ്കൾ അഴുകി കൊഴിയുന്ന അവസ്ഥ. അടയ്ക്കയുടെ ഞെടുപ്പ് ഭാഗം നനഞ്ഞ് ജീർണിച്ച അവസ്ഥയും അടയ്ക്കയുടെ ഉൾഭാഗം വിവർണമായും കാണപ്പെടും. രോഗബാധയേറ്റ ഭാഗം നശിപ്പിക്കുക. ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം കുലകളിൽ തളിക്കുക.

3. ചുവട് ചീയൽ

ഇലകൾക്ക് മഞ്ഞനിറം ബാധിക്കുക,​ ഓലകൾ കൊഴിയുക,​ മരത്തിന്റെ ചുവടുഭാഗത്ത് തവിട്ട് നിറത്തിൽ പൊട്ടുകൾ വീണ് പിന്നീട് അവ കൂടിച്ചേരുകയും കാലക്രമേണ താഴ്ഭാഗത്തിയി കൂണുകൾ രൂപപ്പെടുകയും ചെയ്യുന്നു. രോഗം വന്ന മരങ്ങളെ വേരോടെ പിഴുത് നശിപ്പിക്കുക.

4. മണ്ട,​ കൂമ്പ് ചീയൽ

നാമ്പോലകൾ മഞ്ഞനിറത്തിലാവുകയും പിന്നീട് വരുന്ന നാമ്പും അതിന് ചുറ്റുമുള്ള ഭാഗം അഴുകുകയും ചെയ്യുന്നതാണ് കൂമ്പ് ചീയൽ. പുറം പാളികൾ വാടുകയും പിന്നീട് മഞ്ഞ നിറം വീണ് ഉള്ളിലേക്ക് വ്യാപിക്കുന്നതാണ് മണ്ടചീയൽ രോഗം. രോഗബാധിതമായ മരങ്ങളും ഭാഗങ്ങളും തോട്ടത്തിൽ നിന്ന് മാറ്റി കത്തിച്ചുകളയണം. 10 ശതമാനം വീര്യമുള്ള ബോർഡോകുഴമ്പ് രോഗം ബാധിച്ച ഭാഗം മുറിച്ച് മാറ്റിയ ശേഷം പുരട്ടുക.

പ്രിയം അയലത്തുകാർക്ക്

നിജാം പാക്കുപോലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ തയ്യാറാക്കുന്നതിനാണ് കേരളത്തിൽ നിന്ന് അടയ്ക്ക കയറ്റി അയയ്ക്കുന്നത്. പാൻ മസാലയ്ക്ക് നിരോധനം ഉണ്ടെങ്കിലും തമിഴ്നാട്,​ കർണാടക എന്നിവിടങ്ങളിലെ ലൈസൻസികൾ കേരളത്തിൽ നിന്ന് ശേഖരിക്കുന്ന അടയ്ക്ക ഉത്തരേന്ത്യയിലേക്ക് കയറ്റി അയയ്ക്കും. കേരളത്തിലെയും കർണാടകത്തിലെയും അടയ്ക്കയ്ക്ക് ഗുണമേന്മ കൂടുതലാണ്.

പാക്കിന് വിപണി വില ഒരെണ്ണം: 5രൂപ

കൊട്ടടയ്ക്ക (കിലോയ്ക്ക്): 300- 350

Advertisement
Advertisement