ആഘോഷങ്ങളില്ലാതെ പി.ടി.ഉഷയ്ക്ക് 60-ാം പിറന്നാൾ

Friday 28 June 2024 1:45 AM IST

' ഞാനിപ്പോഴും ലോസ് ഏഞ്ചൽസിലെ ഒളിമ്പിക്സ് ട്രാക്കിൽ..'


കോഴിക്കോട്: മലയാളി അത്‌ലറ്റിക് ഇതിഹാസം പി. ടി ഉഷയ്ക്ക് ഡൽഹിയിൽ വലിയ ആഘോഷങ്ങളില്ളാതെ അറുപതാം പിറന്നാൾ.

രാജ്യസഭാ എം.പിയും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റുമായ ഉഷ പിറന്നാൾ ദിനമായ ഇന്നലെ രാവിലെ മുതൽ നല്ല തിരക്കിലായിരുന്നു. രാവിലെ തന്നെ സംയുക്ത പാർലമെന്റ് യോഗത്തിനു പോകാനുള്ള തയ്യാറെടുപ്പ് . പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ അവസാനവട്ട തയ്യാറെടുപ്പുകളുടെ മീറ്റിംഗുകൾ വേറെ.

എം.പിമാർക്കുള്ള ഡൽഹിയിലെ 601-ാം നമ്പർ ഫ്‌ളാറ്റിൽചെറിയൊരു കേക്ക് മുറിച്ചിറങ്ങിയാലോ എന്ന് ഭർത്താവ് ശ്രീനിവാസൻ പറഞ്ഞപ്പോൾ , അയ്യോ ഇന്നിപ്പോൾ ഒന്നിനും നേരമില്ലെന്നുപറഞ്ഞ് പയ്യോളി എക്സ്പ്രസ് പാഞ്ഞുതുടങ്ങിയിരുന്നു. പക്ഷേ പിറന്നാൾ അറിഞ്ഞ് വീട്ടിലെത്തിയ മാദ്ധ്യമസുഹൃത്തുകൾക്കും ഫോണിലൂടെ ആശംസകൾ അറിയിച്ചവർക്കും നന്ദി പറഞ്ഞ് കാറിൽ കയറാൻ അൽപ്പസമയം വേണ്ടിവന്നു.

'' അറുപത് വയസായി എന്നൊന്നും തോന്നുന്നില്ല.ഞാനിപ്പോഴും 40 വർഷം പിറകിലാണ്; 20-ാം വയസിൽ ലോസ് എഞ്ചൽസ് ഒളിമ്പിക്‌സിൽ ഓടാനായി ട്രാക്കിൽനിൽക്കുകയാണ്. ജീവിതത്തിൽ എത്രയെത്ര സന്തോഷ ദിനങ്ങൾ വന്നാലും മനസ്സിപ്പോഴും ആ വലിയ നഷ്ടത്തിലാണ്. എനിക്ക് മെഡൽ നഷ്ടമായ ആ ദിനം സന്തോഷത്തിനൊപ്പം സങ്കടവും നിറയ്ക്കുന്നു. അതിൽ നിന്നാണ് സത്യത്തിൽ കോഴിക്കോട്ടെ ഉഷ സ്‌കൂളിന്റെ പിറവി. എന്നെങ്കിലും ഒരാളെയെങ്കിലും എനിക്ക് നഷ്ടപ്പെട്ട മെഡലിലേക്ക് ഞാനെത്തിക്കും"" - പി.ടി ഉഷ കേരള കൗമുദിയോട് പറഞ്ഞു.

പിലാവുള്ളകണ്ടി തെക്കേപ്പറമ്പിൽ ഉഷ

ഇന്ത്യയിലെ എക്കാലത്തേയും മികച്ച കായികതാരങ്ങളിലൊരാളാണ് പി.ടി. ഉഷ. 100,200 മീറ്ററുകളിലും 400 മീറ്റർ ഹർഡിൽസിലുമായി നിരവധി അന്താരാഷ്ട്ര മെഡലുകൾ നേടി.

1984 ലോസാഞ്ചലസ് ഒളിമ്പിക്സിൽ സെക്കൻഡിന്റെ നൂറിലൊരംശത്തിനാണ് ഉഷയ്ക്ക് വെങ്കലമെഡൽ നഷ്ടമായത്. ആ ഒളിമ്പിക്സിൽ കുറിച്ച 55.42 സെക്കൻഡാണ് ഇന്നും 400 മീറ്റർ ഹർഡിൽസിലെ ദേശീയ റെക്കാഡ്.

1986 സോൾ ഏഷ്യൻ ഗെയിംസിൽ നാലു സ്വർണമെഡലുകൾ നേടി. പങ്കെടുത്ത നാല് ഏഷ്യൻ ഗെയിംസുകളിൽ നിന്ന് നാലുസ്വർണവും ഏഴ് വെള്ളിയും നേടി.

1985 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വന്തമാക്കിയത് അഞ്ച് സ്വർണമെഡലുകൾ. പങ്കെടുത്ത അഞ്ച് ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽ നിന്നായി 14 സ്വർണവും ആറ് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 23 മെഡലുകൾ.

1984ൽ പദ്മശ്രീ ബഹുമതിയും അർജുന അവാർഡും ഉഷയെത്തേടിയെത്തി. 2000ത്തിൽ ട്രാക്കിൽ നിന്ന് വിരമിച്ച് ഉഷ സ്കൂൾ ഒഫ് അത്‌ലറ്റിക്സ് തുടങ്ങി.

കേരള, കോഴിക്കോട് സർവ്വകലാശാലകളും കാൺപൂർ ഐ.ഐ.ടിയും അടക്കം ഏഴ് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ പി.ടി. ഉഷയ്ക്ക് ഡോക്ടറേറ്റ് നൽകി ആദരിച്ചു.

2022ൽ രാജ്യസഭാ എം.പിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2023ൽ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്.

Advertisement
Advertisement