അഫ്ഗാൻ അവസാനിച്ചു ദേ, ദ. ആഫ്രിക്ക

Friday 28 June 2024 1:46 AM IST

ട്വന്റി-20 ലോകകപ്പിന്റെ ആദ്യ സെമിയിൽ അഫ്ഗാനിസ്ഥാനെ 9 വിക്കറ്റിന് തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ

ദക്ഷിണാഫ്രിക്ക ഒരു ലോകകപ്പ് ഫൈനലിൽ ഇടം പിടിക്കുന്നത് ആദ്യം

ടറോബ : ചരിത്രത്തിലാദ്യമായി ഒരു ലോകകപ്പിന്റെ സെമിയിലെത്തിയ അഫ്ഗാനിസ്ഥാനെ അരിഞ്ഞിട്ട് ദക്ഷിണാഫ്രിക്ക ആദ്യമായൊരു ലോകകപ്പിന്റെ ഫൈനലിലെത്തി.

ഇന്നലെ വെസ്റ്റ് ഇൻഡീസിലെ ട്രിനിഡാഡ് ടറോബ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ നടന്ന ആദ്യ സെമിഫൈനലിൽ ഒൻപത് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാന്റെ അശ്വമേധം അവസാനിപ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ 11.5 ഓവറിൽ വെറും 56 റൺസിന് ആൾഔട്ടാക്കിയശേഷം 67 പന്തുകളും ഒൻപത് വിക്കറ്റുകളും ബാക്കിനിറുത്തി 8.5 ഓവറിൽ ദക്ഷിണാഫ്രിക്ക വിജയം കാണുകയായിരുന്നു. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ പേസർ മാർക്കോ ജാൻസനും സ്പിന്നർ തബാരേസ് ഷംസിയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ കാഗിസോ റബാദയും അൻറിച്ച് നോർക്യേയും ചേർന്നാണ് അഫ്ഗാന്റെ സ്വപ്നങ്ങൾ തകർത്തരച്ചുകളഞ്ഞത്.

ആദ്യ ഓവറിൽതന്നെ റഹ്മാനുള്ള ഗുർബാസിനെ (0) ഹെൻറിക്സിന്റെ കയ്യിലെത്തിച്ച് ജാൻസൺ കിടിലൻ തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നൽകിയത്. മൂന്നാം ഓവറിൽ ഗുൽബാദിൻ നയ്ബിനെ (9) ബൗൾഡാക്കുകകൂടിചെയ്ത ജാൻസന് പിന്നാലെ നാലാം ഓവറിലെ ആദ്യപന്തിൽ റബാദ ഇബ്രാഹിം സദ്രാന്റെയും (2) കുറ്റിതെറുപ്പിച്ചു.ഇതേ ഓവറിലെ നാലാം പന്തിൽ മുഹമ്മദ് നബിയേയും (0) റബാദ ബൗൾഡാക്കിയതോടെ അഫ്ഗാൻ 20/4 എന്ന നിലയിലായി. മൂന്ന് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ഖാരോട്ടെയും (2) ജാൻസണ് കീഴടങ്ങി. ടീം സ്കോർ 28ലെത്തിയപ്പോൾ ടോപ് സ്കോററായ അസ്മത്തുള്ള ഒമർസായ്‌യെ (10) നോർക്യേ കൂടാരം കയറ്റി. തുടർന്ന് കരിം ജന്നത്തും (8) റാഷിദ് ഖാനും(8) ചേർന്ന് 10-ാം ഓവറിൽ 50 റൺസിൽ എത്തിച്ചു. എന്നാൽ പിന്നീട് ആറ് റൺസ് കൂടി നേടുന്നതിനിടയിൽ ശേഷിച്ച നാലുവിക്കറ്റുകളും അഫ്ഗാന് നഷ്ടമായി.

പത്താം ഓവറിൽ കരീം ജന്നത്തിനെയും നൂർ അഹമ്മദിനെയും(0) തബാരേസ് ഷംസി എൽ.ബിയിൽ കുരുക്കുകയായിരുന്നു. അടുത്ത ഓവറിൽ റാഷിദ് ഖാനെ നോർക്യേ ബൗൾഡാക്കി. 12-ാം ഓവറിൽ ഷംസി നവീൻ ഉൽ ഹഖിനെയും(2) വിക്കറ്റിന് മുന്നിൽ കുരുക്കിയാണ്

അഫ്ഗാന്റെ ഇന്നിംഗ്സിന് കർട്ടനിട്ടത്.

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഓവറിൽ ക്വിന്റൺ ഡി കോക്കിന്റെ (5) വിക്കറ്റ് മാത്രമാണ് നഷ്ടമായത്. തുടർന്ന് റീസ ഹെൻറിക്സും (29*), നായകൻ എയ്ഡൻ മാർക്രമും (23*) ചേർന്ന് അവരെ വിജയത്തിലേക്ക് നയിച്ചു.

സ്കോർ കാർഡ്

അഫ്ഗാനിസ്ഥാൻ 56 (11.5 ഓവർ)

ഒമർസായ് 10, കരീം ജന്നത്ത് 8, റാഷിദ് 8

മാർക്കോ ജാൻസൺ : 3-0-16-3

തബാരേസ് ഷംസി : 1.5-0-6-3

കാഗിസോ റബാദ : 3-1-14-2

അൻറിച്ച് നോർക്യേ : 3-0-7-2

ദക്ഷിണാഫ്രിക്ക 60/1 (8.5)

റീസ ഹെൻറിക്സ് 29*,

എയ്ഡൻ മാർക്രം 23*

ഫസൽ ഹഖ് ഫറൂഖി 2-0-11-1

മാൻ ഒഫ് ദ മാച്ച് : മാർക്കോ ജാൻസൺ

1

ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഒരു ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്. രണ്ടാം തവണയാണ് ഒരു ഐ.സി.സി ടൂർണമെന്റിന്റെ ഫൈനലിലെത്തുന്നത്. 1998ലെ നോക്കൗട്ട് ട്രോഫിയിലായിരുന്നു ആദ്യ ഫൈനൽ.

8

തുടർച്ചയായ എട്ടാം വിജയമാണ് ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്ക നേടിയത്. ആദ്യമായാണ് ദക്ഷിണാഫ്രിക്ക ട്വന്റി-20 ഫോർമാറ്റിൽ എട്ട് മത്സരങ്ങൾ തുടർച്ചയായി ജയിക്കുന്നത്.

56

ട്വന്റി-20 ഫോർമാറ്റിലെ തങ്ങളുടെ ഏറ്റവും ചെറിയ ടോട്ടലിലാണ് അഫ്ഗാൻ ഇന്നലെ ആൾഔട്ടായത്. 2014 ലോകകപ്പിൽ ബംഗ്ളാദേശിനെതിരെ നേടിയ 72 റൺസായിരുന്നു ഇതിന് മുമ്പുള്ള കുറഞ്ഞ സ്കോർ. ദക്ഷിണാഫ്രിക്ക എതിരാളികളെ ആൾഔട്ടാക്കുന്ന ഏറ്റവും കുറഞ്ഞ സ്കോറും ട്വന്റി-20 ലോകകപ്പിലെ നോക്കൗട്ട് ഘട്ടത്തിലെ ഏറ്റവും കുറഞ്ഞ സ്കോറും ഇതുതന്നെ.

17

വിക്കറ്റുകളാണ് ഫസൽ ഹഖ് ഫറൂഖി ഈ ലോകകപ്പിൽ നേടിയത്. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകളെന്ന റെക്കാഡ് ഫറൂഖി സ്വന്തമാക്കി. 2021 ലോകകപ്പിൽ 16 വിക്കറ്റ് നേടിയ വാനിന്ദു ഹസരംഗയുടെ റെക്കാഡാണ് ഫറൂഖി തകർത്തത്.

ടോപ് സ്കോറർ എക്സ്ട്രാസ്

അഫ്ഗാൻ ഇന്നിംഗ്സിലെ ഏതൊരു ബാറ്ററെക്കാളും കൂടുതൽ റൺസ് അഫ്ഗാന് ലഭിച്ചത് എക്സ്ട്രാസിൽ നിന്നാണ്. 13 എക്സ്ട്രാസുകളാണ് ദക്ഷിണാഫ്രിക്ക നൽകിയത്. 10 റൺസ് നേടിയ ഒമർസായ്‌യാണ് അഫ്ഗാൻ ബാറ്റർമാരിൽ ഏറ്റവും കൂടുതൽ റൺസ് എടുത്തത്.

ട്വന്റി-20 ഫോർമാറ്റിൽ അഫ്ഗാൻ നേരിട്ട 22 രാജ്യങ്ങളിൽ ഇന്ത്യ,ദക്ഷിണാഫ്രിക്ക, നേപ്പാൾ എന്നിവർക്കെതിരെ മാത്രമേ ജയിക്കാൻ കഴിയാതെയുള്ളൂ

ഒരു കളിയും തോൽക്കാതെയാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തിയിരിക്കുന്നത്. ഫൈനലിലും ജയിക്കുകയാണെങ്കിൽ ഒറ്റക്കളിയും തോൽക്കാതെ ട്വന്റി-20 ലോകകപ്പ് നേടുന്ന ആദ്യ ടീമാകും.

2009, 2014 ട്വന്റി-20 ലോകകപ്പുകളിലും 1992, 1999, 2015,2023 ഏകദിന ലോകകപ്പുകളിലും സെമിയിൽ പുറത്തായിരുന്നവരാണ് ദക്ഷിണാഫ്രിക്കക്കാർ.

Advertisement
Advertisement