ബഹു ജോർ,ജിയ

Friday 28 June 2024 1:48 AM IST

പോർച്ചുഗലിനെ 2-0ത്തിന് തോൽപ്പിച്ച് ജോർജിയ പ്രീ ക്വാർട്ടറിൽ

തുർക്കിയോടും തോറ്റ് ചെക് റിപ്പബ്ളിക്ക് പുറത്ത്

ഗെൽസൻകിർചൻ : അരങ്ങേറ്റം കുറിച്ച യൂറോകപ്പിൽ തന്നെ പ്രീക്വാർട്ടർ ഫൈനലിലെത്തി ചരിത്രം കുറിച്ച് ജോർജിയ. കഴിഞ്ഞരാത്രി നടന്ന ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ കരുത്തരായ പോർച്ചുഗലിനെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് അട്ടിമറിച്ച് എഫ് ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായാണ് ജോർജിയ പ്രീ ക്വാർട്ടറിലേക്ക് കടന്നത്.

കഴിഞ്ഞ മത്സരത്തിൽ ചെക് റിപ്പബ്ളിക്കിനെ 1-1ന് സമനിലയിൽ പിടിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്ന ജോർജിയ അത്യുജ്ജ്വല പ്രകടനമാണ് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നയിച്ച പോർച്ചുഗലിനെതിരെ പുറത്തെടുത്തത്. രണ്ടാം മിനിട്ടിൽതന്നെ ക്വിച്ച ക്വരാത്ത്സ്കെലിയയും 57-ാം മിനിട്ടിൽ ജോർജസ് മികൗത്ദാസെയും നേട‌ിയ ഗോളുകളാണ് ജോർജിയയ്ക്ക് എക്കാലവും ഓർമ്മയിൽ സൂക്ഷിക്കാനുള്ള വിജയം സമ്മാനിച്ചത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചതിനാൽ പരിചയസമ്പന്നരായ പെപ്പെ, ബ്രൂണോ ഫെർണാണ്ടസ്, ബെർനാഡോ സിൽവ, ഒന്നാം നമ്പർ ഗോളി റൂയി പട്രീഷ്യോ,യാവോ കാൻസെലോ എന്നിവരെ കരയ്ക്കിരുത്തി ക്രിസ്റ്റ്യാനോയ്ക്ക് ഒപ്പം യുവതാരങ്ങളെ പരീക്ഷിച്ച പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനെസിനെ അമ്പരപ്പിച്ചുകൊണ്ടാണ് ജോർജിയ

രണ്ടാം മിനിട്ടിൽതന്നെ ലീഡെടുത്തത്. പിന്നീട് പോർച്ചുഗൽ മുന്നേറ്റങ്ങളെ കോട്ടകെട്ടി തടുക്കുകയും ആദ്യ പകുതിയിൽ ക്രിസ്റ്റ്യാനോയെ അനങ്ങാൻ വിടാതെ പൂട്ടുകയും ചെയ്തു. രണ്ടാം പകുതിയിൽ അപ്രതീക്ഷിതമായി കിട്ടിയ പെനാൽറ്റി ഗോളാക്കിയ ശേഷം വിജയമുറപ്പിക്കാനായി പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഒരു ഫ്രീകിക്ക് ഉൾപ്പടെ ലഭിച്ച ചുരുക്കം അവസരങ്ങളിൽ നിരാശപ്പെടുത്തിയ ക്രിസ്റ്റ്യാനോയെ 66-ാം മിനിട്ടിൽ പിൻവലിച്ച് ഗോൺസാലോ റാമോസിനെ ഇറക്കിയിട്ടും ഗുണമുണ്ടായില്ല.

ഗോളുകൾ ഇങ്ങനെ

1-0

രണ്ടാം മിനിട്ട്

ക്വരാത്ത്സ്കെലിയ

ഹാഫ് ലൈനിന് അടുത്തുവച്ച് അന്റോണിയോ സിൽവ അലസമായി നൽകിയ ഒരു മിസ്‌പാസ് പിടിച്ചെടുത്ത് പന്തുമായി ഒറ്റയ്ക്ക് ഓടിക്കയറിയ മികൗത്ദാസെ നൽകിയ ക്രോസാണ് ക്വരാത്ത്സ്കെലിയ ആദ്യ ഗോളാക്കി മാറ്റിയത്.

2-0

57-ാം മിനിട്ട്

മികൗത്ദാസെ

ലച്ചോഷ്‌വിലിയെ ബോക്സിനുള്ളിൽവച്ച് അന്റോണിയോ സിൽവ വലിച്ചിട്ടത് വാർ പരിശോധിച്ച് റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്തമികൗത്ദാസെ ഗോളി ഡീഗോ കോസ്റ്റയെ നിഷ്പ്രഭനാക്കി പന്ത് വലയിലെത്തിച്ചു.

കളിച്ച ആറ് യൂറോ കപ്പുകളിൽ ഗ്രൂപ്പ് റൗണ്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗോളടിക്കാൻ കഴിയാത്ത ആദ്യ യൂറോകപ്പാണിത്. കളിച്ച നാല് ലോകകപ്പുകളിലും ക്രിസ്റ്റ്യാനോ ഗ്രൂപ്പ് ഘട്ടത്തിൽ ഗോളടിച്ചിട്ടുണ്ട്.

യൂറോ കപ്പിൽ ജോർജിയയുടെ ആദ്യ വിജയമാണിത്.

2022 ലോകകപ്പിൽ മൊറോക്കോയോട് തോറ്റശേഷം പോർച്ചുഗൽ ആദ്യമായാണ് ഒരു മത്സരത്തിൽ തോൽക്കുന്നത്. കോച്ച് റോബർട്ടോ മാർട്ടിനെസിന് കീഴിലുള്ള 13 മത്സരങ്ങളിലെ ആദ്യ തോൽവി.

സ്വപ്നത്തിലോ, സ്വർഗത്തിലോ

ക്വരാത്ത്സ്കെലിയ

ഇന്നലെ പോർച്ചുഗലിനെതിരെ ആദ്യ ഗോളടിച്ച് ടീമിന് ജയം സമ്മാനിച്ച ജോർജിയയുടെ ഏഴാം നമ്പർ കുപ്പായക്കാരൻ ക്വരാത്ത്സ്കെലിയ മത്സരം കഴിഞ്ഞ് താൻ സ്വപ്നത്തിലാണോ സ്വർഗത്തിലാണോ എന്നറിയാത്ത സ്ഥിതിയിലായി. തന്റെ ബാല്യകാല ഹീറോ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് എതിരെ കളിക്കാനും ഗോളടിക്കാനും ജയിക്കാനും മാൻ ഒഫ് ദ മാച്ചാകാനും കഴിഞ്ഞ നിർവൃതിയിലായിരുന്നു ഈ 23കാരൻ. മത്സരത്തിന് ശേഷം ക്രിസ്റ്റ്യാനോ സമ്മാനിച്ച ജഴ്സിയുടെയും മാൻ ഒഫ് ദ മാച്ച് ട്രോഫിയുടെയും ചിത്രവും താൻ ക്രിസ്റ്റ്യാനോയ്ക്ക് മത്സരത്തിന് മുമ്പ് ഷേക് ഹാൻഡ് നൽകുന്ന ചിത്രവും വർഷങ്ങൾക്ക് മുമ്പ് ബാൾ ബോയ് ആയിരിക്കേ ക്രിസ്റ്റ്യാനോയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രവും ക്വരാത്ത്സ്കെലിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

ജോർജിയുടെ പ്രീ ക്വാർട്ടർ പ്രവേശനത്തിന് നന്ദി പറയേണ്ടത് അവരുടെ ഗോൾ കീപ്പർ മമദാർഷ്‌വിലിക്ക് കൂടിയാണ്. ചെക്കക് റിപ്പബ്ളിക്കിനെതിരെ ഒരു ഡസനോളം സേവുകൾ പുറത്തെടുത്ത് സമനില പിടിച്ചുവാങ്ങിയ മമദാർഷ്വിലി പോർച്ചുഗലിനെതിരെയും മിന്നുന്ന സേവുകൾ പുറത്തെടുത്തു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സേവുകൾ (20) നടത്തിയ ഗോളിയും ഈ ജോർജിയക്കാരനാണ്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ചെക് റിപ്പബ്ളിക്കിനെ 2-1ന് കീഴടക്കി തുർക്കിയും പ്രീ ക്വാർട്ടറിലേക്ക് കടന്നു. 51-ാം മിനിട്ടിൽ ഹകാൻ കലാനോഗ്ളുവിലൂടെ തുർക്കിയാണ് ആദ്യം സ്കോർ ചെയ്തത്. 66-ാം മിനിട്ടിൽ തോമസ് സൗസെക്ക് ചെക്കിന് സമനില നൽകിയെങ്കിലും 90+4-ാം മിനിട്ടിൽ സെൻക് ടൗസനിലൂടെ തുർക്കി വിജയം കണ്ടു. ഗ്രൂപ്പിൽ പോർച്ചുഗലിനോട് മാത്രമാണ് തുർക്കി തോറ്റത്.

2006 ലോകകപ്പിൽ പോർച്ചുഗലിനെ തോൽപ്പിച്ച ഫ്രാൻസ് ടീമിൽ ക്രിസ്റ്റ്യാനോയ്ക്ക് എതിരെ കളിച്ച

വില്ലി സാഗ്നോളാണ് ജോർജിയയു‌ടെ പരിശീലകൻ.

Advertisement
Advertisement