പെൻഷൻകാരുടെ അവകാശങ്ങൾ സംരക്ഷിക്കും: മന്ത്രി വാസവൻ

Friday 28 June 2024 1:51 AM IST

കൊല്ലം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവകാശങ്ങൾ സംരക്ഷിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ. കേരള സ്‌റ്റേറ്റ്‌ സർവീസ്‌ പെൻഷണേഴ്‌സ്‌ യൂണിയൻ (കെ.എസ്.എസ്.പി.യു) സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.എ കുടിശിക ഉൾപ്പെടെ നൽകുന്നതിന്‌ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. ശമ്പള പരിഷ്കരണമടക്കം സർക്കാർ പരിഗണിക്കും. ഈ മാസം മുതൽ മുടങ്ങാതെ സാമൂഹ്യക്ഷേമ പെൻഷൻ നൽകും. വയോജനക്ഷേമത്തിന്‌ സർക്കാർ പ്രഥമപരിഗണന നൽകും. അവരുടെ സംരക്ഷണത്തിനായി വയോജന കേന്ദ്രങ്ങൾ തുറക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.

കേന്ദ്രസർക്കാരിന്റെ സമീപനങ്ങളാണ് കേരളത്തെ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് നയിച്ചത്. കേന്ദ്രത്തിന് കേരളത്തോട് എപ്പോഴും വിവേചനപരമായ നിലപാടാണ്. കോടികൾ ചെലവഴിച്ച്‌ നിർമ്മിച്ച അയോദ്ധ്യ രാമക്ഷേത്രത്തിലെ ശ്രീരാമൻ ഇന്ന്‌ നനയുന്ന അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

യൂണിയൻ സംസ്ഥാന പ്രസിഡന്റ് എൻ.സദാശിവൻ നായർ അദ്ധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ കെ.വരദരാജൻ, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, കെ.എസ്.എസ്.പി.യു ജില്ലാ പ്രസിഡന്റ് പി.ചന്ദ്രശേഖരപിള്ള, സംസ്ഥാന സെക്രട്ടറി എസ്. വിജയധരൻ പിള്ള, ടി.ജെ.എബ്രഹാം, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വി.മുരളീധരൻ, കെ.മോഹൻകുമാർ, എ.പി.ജോസ്, സംസ്ഥാന ട്രഷറർ കെ.സദാശിവൻ നായർ, ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ എന്നിവർ സംസാരിച്ചു.

Advertisement
Advertisement