'അവധിയൊന്നുമില്ല, മക്കളേ വേഗം ബാഗ് പാക്ക് ചെയ്‌തോളൂ', വൈറലായി കളക്ടറുടെ കമന്റ്

Friday 28 June 2024 7:52 AM IST

പത്തനംതിട്ട: മഴക്കാലമായാല്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത് ജില്ലാ കളക്ടര്‍മാരാണ്. സോഷ്യല്‍ മീഡിയയുടെ കാലത്ത് പലപ്പോഴും അവധിയുണ്ടോയെന്ന് ചോദിച്ച് പല കുട്ടികളും കളക്ടര്‍മാരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റുകള്‍ക്ക് കീഴില്‍ എത്താറുമുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പോസ്റ്റ് ചെയ്ത ഒരു കമന്റ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.

മഴയെ തുടര്‍ന്ന് ജില്ലയില്‍ അവധിയൊന്നുമില്ലെന്നും ബാഗ് പാക്ക് ചെയ്‌തോളാനും പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്.പ്രേംകൃഷ്ണന്‍ കമന്റിലൂടെ അറിയിച്ചത്. 'അവധിയൊന്നുമില്ല, ഗ്രീന്‍ ആണ് മക്കളെ, ഹോം വര്‍ക്കൊക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്‌തോളു' എന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ കളക്ടറുടെ കമന്റ്.

ധാരാളം പേരാണ് ജില്ലാ കളക്ടറുടെ പേജില്‍ അവധിയുണ്ടോ എന്ന് ചോദിച്ച് എത്തിയത്. കളക്ടറുടെ മറുപടി ഇതിനോടകം വൈറലായി. രണ്ടായിരത്തോളം പേരാണ് കമന്റിന് ലൈക്ക് ചെയ്തിരിക്കുന്നത്. പത്തനംതിട്ടയുടെ കിഴക്കന്‍ മേഖലയില്‍ വെള്ളമൊഴിഞ്ഞെങ്കിലും തിരുവല്ല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ടുണ്ട്.

അതേസമയം, കോട്ടയം ജില്ലയിലെ മുഴുവനും ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ആലപ്പുഴയില്‍ കുട്ടനാട്, ചെങ്ങന്നൂര്‍, ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലാണ് അവധി. വയനാട് അടക്കമുള്ള ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധിയാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും അധികൃതര്‍ അറിയിക്കുന്നു.

Advertisement
Advertisement