'ഇത് ശരിക്കും ഞെട്ടിച്ചു'; ദുബായ് ഡ്യൂട്ടി ഫ്രീ ഭാഗ്യം വീണ്ടും ഇന്ത്യക്കാരനൊപ്പം; പ്രവാസിയുടെ അക്കൗണ്ടിൽ 8 കോടി

Friday 28 June 2024 10:09 AM IST

അബുദാബി: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഒരു മില്യൺ ഡോളർ സമ്മാനം നേടി ഇന്ത്യക്കാരൻ. അബുദാബിയിൽ താമസിക്കുന്ന എഞ്ചിനീയറും ഇൻസ്‌ട്രക്‌ടറുമായ ഖാലിഖ് നായിക് മുഹമ്മദാണ് ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായി മാറിയത്. ഹൈദരാബാദ് സ്വദേശിയാണ് അദ്ദേഹം. ഈ മാസം 13ന് ഓൺലൈനായാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. 3813 എന്ന നമ്പറായിരുന്നു അദ്ദേഹത്തിന്റെ ടിക്കറ്റിന്. 8,34,43,000രൂപയാണ് ഖാലിദിന് സമ്മാനമായി ലഭിക്കുക.

2012 മുതൽ ഖാലിഖ് അബുദാബിയിലാണ് താമസിക്കുന്നത്. കഴിഞ്ഞ നാല് വർഷമായി അദ്ദേഹം ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ട്. മൂന്ന് കുട്ടികളുടെ പിതാവ് കൂടിയായ അദ്ദേഹം ഖലീഫ സർവകലാശാലയിലാണ് ജോലി ചെയ്യുന്നത്. ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ -2ൽ വച്ച് ബുധനാഴ്‌ചയാണ് നറുക്കെടുപ്പ് നടന്നത്.

'ഇത് ശരിക്കും ഞെട്ടിച്ചു. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിന് നന്ദി. നിങ്ങൾ നിരവധി ആളുകളുടെ ജീവിതമാണ് മാറ്റിമറിച്ചത്. അവരിൽ ഒരാളാകാൻ സാധിച്ചതിൽ നന്ദി. ലഭിച്ച തുകയിൽ ഭൂരിഭാഗവും മക്കളുടെ വിദ്യാഭ്യാസത്തിനായും ഞങ്ങളുടെ കുടുംബത്തിന്റെ ഭാവി ചെലവുകൾക്കും വേണ്ടി ഉപയോഗിക്കും. മാത്രമല്ല, കുറച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളും ചെയ്യും', ഖാലിഖ് നായിക് മുഹമ്മദ് പറഞ്ഞു.

നിരവധി സമ്മാനങ്ങളാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പങ്കെടുത്തവരിലെ ഭാഗ്യവാന്മാർക്ക് ലഭിച്ചത്. യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരനായ രാജശേഖരൻ സമരേശന് ബിഎം‌ഡബ്ല്യു ആർ 1250 ആർഎസ് (വൈറ്റ്/ബ്ലൂ/ റെഡ് മെറ്റാലിക്) മോട്ടോർബൈക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹം ഓൺലൈനായെടുത്ത 1139 നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

ദുബായിൽ താമസമാക്കിയ പാകിസ്ഥാൻ സ്വദേശിയായ നസീറിന്റെ (44) ടിക്കറ്റിന് മെഴ്‌സിഡസ് ബെൻസ് എസ് 500 (ഗ്രാഫൈറ്റ് ഗ്രേ) കാർ ലഭിച്ചു. ജൂൺ ഏഴിന് ഓൺലൈനായാണ് അദ്ദേഹം 1137 എന്ന നമ്പറിലുള്ള ടിക്കറ്റെടുത്തത്. 20 വർഷമായി ദുബായിൽ സ്ഥിരതാമസമാക്കിയ നസീറിന് ഇതാദ്യമായല്ല സമ്മാനം ലഭിക്കുന്നത്. 2022ലെ നറുക്കെടുപ്പിൽ ബിഎം‌ഡബ്ല്യു എഫ് 900 എക്‌സ് ആർ (ബ്ലാക്ക് സ്റ്റോം മെറ്റാലിക്) ബൈക്ക് ലഭിച്ചു. ഒരു ലോജിസ്റ്റിക്സ് കമ്പനിയിൽ ജോലി ചെയ്യുകയാണ് അദ്ദേഹം.

Advertisement
Advertisement