അമ്മയുടെ ചൂടേൽക്കാതെ വിരിഞ്ഞത് 14 മൂർഖൻ കുഞ്ഞുങ്ങൾ, കണ്ണൂരിലെ ഒരു വീട്ടിൽ കണ്ട അതിശയിപ്പിക്കുന്ന കാഴ്‌ച

Friday 28 June 2024 2:34 PM IST

കണ്ണൂർ: കൃത്രിമ ആവാസ വ്യവസ്ഥയൊരുക്കി 14 മൂർഖൻ കുഞ്ഞുങ്ങളെ വിരിയിച്ചു. കണ്ണൂരിലാണ് സംഭവം. വനംവകുപ്പ് റെസ്‌ക്യൂ ടീമംഗവും മൃഗസംരക്ഷണ പ്രവർത്തകരുടെ കൂട്ടായ്‌മയായ മാർക്കിന്റെ പ്രവർത്തകനുമായ പനങ്കാവ് സ്വദേശി ജിഷ്‌ണു രാജാണ് കൃത്രിമ ആവാസ വ്യവസ്ഥയൊരുക്കി മുട്ടകൾ വിരിയിച്ചെടുത്തത്.

നല്ല ആരോഗ്യവും ശൗര്യവുമുള്ള മൂർഖൻ കുഞ്ഞുങ്ങളാണ് വിരിഞ്ഞത്. വളപട്ടണത്തെ ഒരു വീട്ടുപറമ്പിൽ മൂർഖൻ പാമ്പിനെ പിടിക്കാനെത്തിയപ്പോഴാണ് ജിഷ്‌ണുവിന് മുട്ടകൾ ലഭിച്ചത്. മൂർഖനെ പിടിച്ച് വനംവകുപ്പിന് കൈമാറിയ ശേഷം നടത്തിയ തെരച്ചിലിലാണ് പരിസരത്ത് നിന്നും 14 മുട്ടകൾ ലഭിച്ചത്. തുടർന്ന് വനംവകുപ്പിന്റെ അനുമതിയോടെ വിരിയിക്കാനായി മുട്ട വീട്ടിലേക്ക് കൊണ്ടുവന്നു.

പ്ലാസ്റ്റിക് ഡ്രമ്മിൽ അമിത ചൂടും തണുപ്പുമില്ലാത്ത അന്തരീക്ഷമുണ്ടാക്കിയാണ് മുട്ടകൾ വിരിയിക്കാൻ വച്ചത്. മാളത്തിന് സമീപമായ അന്തരീക്ഷം ഒരുക്കാനായി ഡ്രമ്മിൽ മണ്ണ് നിറച്ച് അതിന് മുകളിൽ മരപ്പൊടി വിതറിയാണ് മുട്ടകൾ വിരിയിക്കാൻ വച്ചത്. ശേഷം മുഴുവൻ മുട്ടകളും വിരിഞ്ഞ് പാമ്പിൻ കുഞ്ഞുങ്ങൾ പുറത്തുവന്നു. വനംവകുപ്പിന്റെ നിർദേശാനുസരണം ഇവയെ പ്രകൃതിദത്തമായ ആവാസ വ്യവസ്ഥയിലേക്ക് തന്നെ തുറന്നുവിടും.

Advertisement
Advertisement