ഓണം കഴിഞ്ഞിട്ടും ഈ ഉശിര് ഉണ്ടായിരുന്നെങ്കിൽ കേരളം എന്നേ രക്ഷപ്പെട്ടേനെ

Friday 28 June 2024 3:21 PM IST

ചാലക്കുടി: ഓണത്തിന് മേലൂർ പഞ്ചായത്തിലാകെ ചെണ്ടുമല്ലി പൂക്കൾ. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലെ ആശയമായിരുന്നു അത്. അതിനായി തോട്ടങ്ങൾ കണ്ടെത്തി. കൃഷിഭവനിൽ നിന്നും സബ്‌സിഡി നിരക്കിൽ കുടുംബശ്രീ യൂണിറ്റുകൾക്ക് വിതരണം ചെയ്തു. വില തൈ ഒന്നിന് 3.5 രൂപ. തൊഴിലുറപ്പ് തൊഴിലാളികൾ പൂക്കൃഷിക്ക് നിലം തയ്യാറാക്കി നൽകി. കൃഷിയുടെ തുടർച്ചെലവുകൾക്ക് മേലൂർ സഹകരണ ബാങ്ക് പലിശ രഹിത വായ്പ, കുടുംബശ്രീ യൂണിറ്റുകൾക്ക് നൽകും. കൃഷിഭവൻ, കുടുംബശ്രീ, കർഷക കൂട്ടായ്മകൾ എന്നിവയുടെ സംയുക്ത സംരംഭത്തിൽ പച്ചക്കറി വിത്തുകളും കൃഷിയിടത്തിലിറങ്ങും.

വിവിധ ഇടങ്ങളിലായി 25,000 ചെണ്ടുമല്ലി തൈകളാണ് നടുക. രണ്ട് കളറിലാണ് ചെണ്ടുമല്ലികൾ നടുക. പൂവ് വിൽപ്പനയുടെ ലാഭം കുടുംബശ്രീ യൂണിറ്റുകൾക്കാകും നൽകുക. പയർ, വെണ്ട, തക്കാളി, പച്ചമുളക്, മത്തൻ, കുമ്പളം എന്നിവയും ഓണത്തിന് സുലഭമാകും.

ഇതോടൊപ്പം കൃഷി ഭവൻ സൗജന്യമായി നൽകുന്ന പച്ചക്കറി വിത്തുകളും എല്ലാ വാർഡുകളിലെ കൃഷിയിടത്തിലും സ്ഥാനം പിടിക്കും. കുന്നപ്പിള്ളിയിൽ മൂന്ന് ഏക്കറിൽ കൃഷി ചെയ്യും. മറ്റൊരിടവും ഇതിന് തയ്യാറായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് കുന്നപ്പിള്ളിയിൽ പദ്ധതി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിത അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ലീല സുബ്രഹ്മണ്യൻ, ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദിര പ്രകാശൻ, ബ്‌ളോക്ക് കൃഷി അസി. ഡയറക്ടർ പി.കെ.ലാൽസുന, സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.കെ.കൃഷ്ണൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ബാബു, ധന്യ, ഷിജി വികാസ്, പി.ആർ.ബിബിൻ രാജ്, രാഹുൽകൃഷ്ണ എന്നിവർ സംസാരിച്ചു.

കളറാക്കാൻ രണ്ട് കളറിൽ ചെണ്ടുമല്ലി

നടുക 25,000 ചെണ്ടുമല്ലി തൈ

ലാഭം കുടുംബശ്രീ യൂണിറ്റുകൾക്ക്

നടുന്നത് പയർ, വെണ്ട, തക്കാളി, പച്ചമുളക്, മത്തൻ, കുമ്പളം ഇനങ്ങളും

Advertisement
Advertisement