കൊച്ചി എഫ്.സിയെ സ്വന്തമാക്കി നടൻ പൃഥ്വിരാജ്

Friday 28 June 2024 9:43 PM IST

കൊച്ചി: പ്രൊഫഷണൽ ടീമായ കൊച്ചി ഫുട്ബാൾ ക്ളബിനെ നടൻ പൃഥ്വിരാജ് സ്വന്തമാക്കി. പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ചേർന്നാണ് കൊച്ചി എഫ്.സിയെ വാങ്ങിയത്. സിനിമയ്‌ക്ക് പിന്നാലെയാണ് ഫുട്ബാൾ മേഖലയിലും പൃഥ്വിരാജിന്റെ നിക്ഷേപം.

ഏതാനും ആഴ്‌ചകൾനീണ്ട ചർച്ചകൾക്കൊടുവിലാണ് ടീമിനെ പൃഥ്വിരാജ് വാങ്ങിയത്. ഭൂരിപക്ഷം ഓഹരിയും പൃഥ്വിരാജിന്റേതാണെങ്കിലും നിക്ഷേപത്തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ബിസിനസുകാരായ നസ്‌ലി മുഹമ്മദ്, പ്രവീഷ് കുഴിപ്പള്ളി, ഷമീം ബക്കർ, മുഹമ്മദ് ഷൈജൽ എന്നിവരാണ് സഹഉടമകൾ.

സൂപ്പർതാരത്തിന്റെ കടന്നുവരവ് സൂപ്പർലീഗിന് പ്രാധാന്യവും ശ്രദ്ധയും നൽകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. കേരളത്തിലെ ഫുട്‌ബാളിനെ പ്രൊഫഷണൽ തലത്തിൽ ഉയർത്താനും താഴേക്കിടയിൽ കളിക്കാരെ വളർത്താനും സൂപ്പർലീഗ് കേരളയ്ക്ക് കഴിയുമെന്ന് പൃഥ്വിരാജ് പറഞ്ഞു.

ആഗോള ഫുട്‌ബാൾ കളിയാവേശങ്ങൾക്ക് സമാനമായ പ്രതീക്ഷയാണ് സൂപ്പർലീഗ് കേരളയിലും പ്രതീക്ഷിക്കുന്നതെന്ന് സുപ്രിയ മേനോൻ പറഞ്ഞു. ലോകംതന്നെ അത്ഭുതത്തോടെ നോക്കുന്ന ഫുട്‌ബാൾ ആരാധകരുള്ള സ്ഥലമാണ് കേരളം. ആദ്യത്തെ ഫുട്‌ബാൾ ലീഗിൽ കൂടുതൽ വനിതാ കായികപ്രേമികളുടെ പ്രാതിനിദ്ധ്യം ഉറപ്പാക്കാൻ പിന്തുണയുണ്ടാകുമെന്ന് സുപ്രിയ പറഞ്ഞു.
സൂപ്പർലീഗ് കേരളയിൽ പൃഥ്വിരാജ് പങ്കാളിയാകുന്നത് മത്സരത്തെ കൂടുതൽ ആകർഷണീയമാക്കുമെന്നും ലോകമെമ്പാടുമുള്ള മലയാളികൾക്ക് ലീഗിന്റെ ഭാഗമാകാൻ പ്രചോദനമാകുമെന്നും സൂപ്പർലീഗ് കേരള മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു.

ഇത്തരം നിക്ഷേപങ്ങൾ കേരള ഫുട്‌ബാളിനും സംസ്ഥാനത്തിന്റെ കായിക സമ്പദ്‌വ്യവസ്ഥയ്ക്കും ഉത്തേജനമാകുമെന്ന് കെ.എഫ്.എ പ്രസിഡന്റ് നവാസ് മീരാൻ പറഞ്ഞു.

മത്സരങ്ങൾ ആഗസ്റ്റിൽ

ഇന്ത്യൻ സൂപ്പർലീഗ് മാതൃകയിൽ സംഘടിപ്പിക്കുന്ന കേരളത്തിലെ പ്രഥമ ഫുട്‌ബാൾ ടൂർണമെന്റാണ് സൂപ്പർലീഗ് കേരള. മത്സരിക്കുന്ന ആറു ടീമുകളിൽ ഒന്നാണ് കൊച്ചി എഫ്.സി. തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, മലപ്പുറം എന്നിവയാണ് മറ്റു ടീമുകൾ. കളിക്കാരെ ജൂലായ് ആദ്യവാരം നടക്കുന്ന ലേലത്തിലൂടെയാണ് ടീമുകൾ സ്വന്തമാക്കുക. ആറു വിദേശികളെയും ടീമിൽ ഉൾപ്പെടുത്താം. ആഗസ്റ്റ് അവസാനവാരം ആരംഭിക്കുന്ന സൂപ്പർലീഗ് കേരള 60 ദിവസം നീണ്ടുനിൽക്കും.

''നമ്മുടെ നാട്ടിലെ മികച്ച കളിക്കാർക്ക് നിരവധി അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ കായികസമ്പത്തിനെ മെച്ചപ്പെടുത്താൻ സൂപ്പർലീഗ് പോലുള്ള അന്താരാഷ്ട്ര ടൂർണമെന്റുകൾക്ക് കഴിയും.""

പൃഥ്വിരാജ്

''നടൻ പൃഥ്വിരാജിന്റെ ലീഗിലെ പങ്കാളിത്തം യുവാക്കൾക്കിടയിൽ ടൂർണമെന്റിന് വലിയ പ്രചോദനവും ഊർജവും പകരും.""

മാത്യു ജോസഫ്

സി.ഇ.ഒ

സൂപ്പർലീഗ് കേരള

Advertisement
Advertisement