കപ്പിൽ കയ്യൊപ്പിടാൻ

Friday 28 June 2024 9:50 PM IST

ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി-20 ലോകകപ്പ് ഫൈനൽ ഇന്ന് രാത്രി 8 മുതൽ

ബാർബഡോസ് : മാസങ്ങൾക്കുമുമ്പൊരു കലാശക്കളിയിൽ കൈവിട്ടുപോയ ലോക കിരീടത്തിന്റെ കനലുകളാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനസിൽ. ഒരിക്കൽപ്പോലും കൈക്കലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ലോക കിരീടത്തെച്ചൊല്ലിയുള്ള നിരാശയും വാശിയുമാണ് ദക്ഷിണാഫ്രിക്കക്കാർക്ക്. കരീബിയൻ കടൽക്കരയിൽ നാളെ ആര് കിരീടത്തിൽ കയ്യൊപ്പിടുമെന്ന ആകാംക്ഷയിൽ ലോകവും.

ഒരു മാസത്തോളമായി അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടന്നുവരുന്ന ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് കലാശക്കളിയിലേക്ക് എത്തുമ്പോൾ മികച്ച രണ്ട് ടീമുകൾ തന്നെയാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇതുവരെ ഒരു കളിപോലും തോൽക്കാതെ ഫൈനലിലേക്കുള്ള ടിക്കറ്റെടുത്തവർ. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഐ.സി.സി ക്രിക്കറ്റ് ടൂർണമെന്റിൽ ദക്ഷിണാഫ്രിക്ക ഫൈനൽ കളിക്കാനൊരുങ്ങുന്നത്. നിരവധി തവണ സെമിഫൈനലിൽ തട്ടിത്തകർന്ന ആഫ്രിക്കക്കാരുടെ സ്വപ്നങ്ങൾക്ക് ഇക്കുറി നിറം പകർന്നത് അഫ്ഗാനിസ്ഥാനെതിരായ സെമിയിലെ വമ്പൻ വിജയത്തോടെയാണ്. ഇന്ത്യയാകട്ടെ രണ്ട് വർഷം മുമ്പ് നടന്ന ട്വന്റി-20 ലോകകപ്പിന്റെ സെമിഫൈനലിൽ തങ്ങളെ 10 വിക്കറ്റിന് തോൽപ്പിച്ച ഇംഗ്ളണ്ടിന്റെ 10 വിക്കറ്റുകളും ഇക്കുറി സെമിയിൽ പിഴുതെറിഞ്ഞ് 68 റൺസിന്റെ വിജയവുമായി കലാശക്കളിക്ക് ടിക്കറ്റെടുത്തിരിക്കുന്നു.

കാനഡയ്ക്ക് എതിരായ ഒരു മത്സരം മഴയെടുത്തതൊഴിച്ചാൽ ഈ ലോകകപ്പിൽ കളിച്ച മത്സരങ്ങളിലെല്ലാം ജയിക്കാൻ രോഹിത് ശർമ്മയ്ക്കും കൂട്ടർക്കും കഴിഞ്ഞിരുന്നു. പ്രാഥമിക റൗണ്ടിൽ പാകിസ്ഥാനെയും അമേരിക്കയേയും അയർലാൻഡിനെയും തോൽപ്പിച്ച ഇന്ത്യ സൂപ്പർ എട്ടിൽ ബംഗ്ളാദേശിനെയും അഫ്ഗാനെയും തോൽപ്പിച്ചെങ്കിലും കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലിലെ പരാജയത്തിന് ഓസ്ട്രേലിയയോട് പകരം തീർത്തതാണ് സ്റ്റൈലായത്. പ്രാഥമിക റൗണ്ടിൽ ശ്രീലങ്ക,ഹോളണ്ട്,ബംഗ്ളാദേശ്, നേപ്പാൾ എന്നിവരെയൊക്കെ കീഴടക്കിയെത്തിയ ദക്ഷിണാഫ്രിക്കക്കാർ സൂപ്പർ എട്ടിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ളണ്ടിനെയും ആതിഥേയരായ വിൻഡീസിനെയും കറുത്ത കുതിരകളായ അമേരിക്കയേയും കീഴടക്കിയാണ് സെമിയിലേക്ക് കുതിച്ചത്.

ചങ്കുറപ്പോടെ ഇന്ത്യ

സെമി ഫൈനലിലെ തകർപ്പൻ വിജയത്തോടെ മികച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ ഫൈനലിലേക്ക് ചുവടുവയ്ക്കുന്നത്. മികച്ച സ്പിൻ /പേസ് ബൗളിംഗ് നിരയും ആൾറൗണ്ടർമാർ കരുത്തുപകരുന്ന ബാറ്റിംഗ് ലൈനപ്പുമാണ് ഇന്ത്യയുടെ കരുത്ത്.

ഓസ്ട്രേലിയയ്ക്കും ഇംഗ്ളണ്ടിനുമെതിരെ നായകൻ രോഹിത് ശർമ്മ പുറത്തെടുത്ത ഫോം ടീമിന് മൊത്തത്തിൽ ഉണർവ് പകരുന്നതാണ്.സൂര്യകുമാർ യാദവും സെമിയിൽ അവസരോചിത പ്രകടനമാണ് കാഴ്ചവച്ചത്. റിഷഭ് പന്ത് സെമിയിൽ തിളങ്ങിയില്ലെങ്കിലും മികച്ച ഫോമിലാണ്.

അക്ഷർ പട്ടേൽ,ഹാർദിക് പാണ്ഡ്യ എന്നിവരുടെ ആൾറൗണ്ട് മികവും തെളിയിക്കപ്പെട്ടുകഴിഞ്ഞു. ശിവം ദുബെ,രവീന്ദ്ര ജഡേജ എന്നീ ആൾറൗണ്ടർമാർകൂടി ഫോമിലെത്തുകയാണെങ്കിൽ അടിപൊളിയാകും.

പേസർമാരായ ബുംറയും അർഷ്ദീപും മികച്ച ഫോമിലാണ്. ബുംറയുടെ ഓവറുകളിലൂടെ ഏത് എതിരാളിയുടെയും മുനയൊടിക്കാൻ കഴിയും. പിന്നീട് സ്പിന്നർമാർ ചുമതലയേറ്റെടുന്നതാണ് ഇന്ത്യയുടെ തന്ത്രം.

സ്പെഷ്യലിസ്റ്റ് സ്പിന്നർ കുൽദീപും അക്ഷർ പട്ടേലും സാഹചര്യം മനസിലാക്കി കളിക്കാൻ കഴിയുന്ന താരമാണ്. ബാറ്റർ വിരാട് കൊഹ്‌ലി തുടർച്ചയായി നിരാശപ്പെടുത്തുന്നതാണ് ആശങ്ക ഉണർത്തുന്ന ഘടകം.

ധീരതയോടെ ദക്ഷിണാഫ്രിക്ക

ആദ്യമായൊരു ലോകകപ്പ് ഫൈനലിൽ കളിക്കുന്നതിന്റെ സമ്മർദ്ദമുണ്ടെങ്കിലും അസാദ്ധ്യമായി ഒന്നുമില്ലെന്ന ധൈര്യത്തോടെയാണ് എയ്ഡൻ മാർക്രമും സംഘവും ഇന്ത്യയ്ക്ക് എതിരെ ഇറങ്ങുന്നത്.

കൂട്ടായ്മയുടെ കരുത്താണ് ദക്ഷിണാഫ്രിക്കയുടെ വിജയരഹസ്യം. ഒറ്റയാൻ പോരാട്ടങ്ങളിലൂടെ മുന്നേറുന്നതിൽ അവർ വിശ്വസിക്കുന്നില്ല. അതിനർത്ഥം ദക്ഷിണാഫ്രിക്കൻ ടീമിൽ സൂപ്പർ സ്റ്റാറുകൾ ഇല്ലെന്നല്ല, അവർ എല്ലാവരും സൂപ്പർ സ്റ്റാറുകളാണെന്നാണ്.

പരിചയസമ്പന്നനായ ക്വിന്റൺ ഡി കോക്ക്, എയ്ഡൻ മാർക്രം,റീസ ഹെൻറിക്സ്, യുവതാരം ട്രിസ്റ്റൺ സ്റ്റബ്സ്,ഹെൻറിച്ച് ക്ളാസൻ,ഡേവിഡ് മില്ലർ എന്നിങ്ങനെ ആഴമേറിയതാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് ലൈനപ്പ്.

ആൾറൗണ്ടറായ മാർക്കോ യാൻസനും അൻറിച്ച് നോർക്യേയും പേസ് ബൗളിംഗിലാണ് മികവ് കാട്ടുന്നത്. വിശ്വസ്തനായ പേസർ കാഗിസോ റബാദയും സംഘത്തിലുണ്ട്.

തബാരേസ് ഷംസിയും കേശവ് മഹാരാജുമാണ് സംഘത്തിലെ സ്പെഷ്യലിസ്റ്റ് സ്പിന്നർമാർ. ഷംസി സെമിയിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. നായകൻ എയ്ഡൻ മാർക്രമിന്റെ സ്പിൻ ബൗളിംഗ് മികവും മുതൽക്കൂട്ടാണ്.

ടീമുകൾ ഇവരിൽ നിന്ന്

ഇന്ത്യ : രോ​ഹി​ത് ​(​ക്യാ​പ്ട​ൻ)​ ,​യ​ശ്വ​സി​,​ ​വി​രാ​ട് ​,​ ​സൂ​ര്യ​കു​മാ​ർ​ ​യാ​ദ​വ്,​ ​റി​ഷ​ഭ് ​പ​ന്ത്,​ ​സ​ഞ്ജു​ ​,​ ​ഹാ​ർ​ദി​ക് ​ ,​ ​ശി​വം​ ​ദു​ബെ,​ ​ര​വീ​ന്ദ്ര​ ​ജ​ഡേ​ജ,​അ​ക്ഷ​ർ​ ​പ​ട്ടേ​ൽ,​കു​ൽ​ദീ​പ് ​യാ​ദ​വ്,​യു​സ്‌​വേ​ന്ദ്ര​ ​ച​ഹ​ൽ,​ ​അ​ർ​ഷ്ദീ​പ് ​സിം​ഗ്,​ ​ജ​സ്പ്രീ​ത് ​ബും​റ,​ ​മു​ഹ​മ്മ​ദ് ​സി​റാ​ജ്.

ദക്ഷിണാഫ്രിക്ക :

എയ്ഡൻ മാർക്രം(ക്യാപ്ടൻ),ക്വിന്റൺ ഡി കോക്ക്, റീസ ഹെൻറിക്സ്, ട്രിസ്റ്റൺ സ്റ്റബ്സ്,ഹെൻറിച്ച് ക്ളാസൻ,ഡേവിഡ് മില്ലർ,റയാൻ റിക്കിൾടൺ, മാർക്കോ യാൻസൺ,തബാരേസ് ഷംസി, കേശവ് മഹാരാജ്, അൻറിച്ച് നോർക്യേ, കാഗിസോ റബാദ, ജെറാഡ് കോറ്റ്സെ, ബാർട്ട്മാൻ, ബ്യോൺ ഫോർച്യുൻ.

ഫൈനലിലേക്കുള്ള വഴി

ഇന്ത്യ

പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തിൽ അയർലാൻഡിനെ എട്ടുവിക്കറ്റിന് തോൽപ്പിച്ചു.

രണ്ടാം മത്സരത്തിൽ പാകിസ്ഥാനെ ആറു റൺസിന് കീഴടക്കി.

അമേരിക്കയെ തോൽപ്പിച്ചത് ഏഴുവിക്കറ്റിന്.

കാനഡയ്ക്ക് എതിരായ കളി മഴയെടുത്തു.

സൂപ്പർ എട്ടിൽ 47 റൺസിന് അഫ്ഗാനെ കീഴടക്കി.

ബംഗ്ളാദേശിനെതിരെ 50 റൺസ് ജയം.

ഓസ്ട്രേലിയയെ മറികടന്നത് 24 റൺസിന്.

സെമിയിൽ ഇംഗ്ളണ്ടിനെ 68 റൺസിന് തകർത്തു.

ദക്ഷിണാഫ്രിക്ക

പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തിൽ ലങ്കയെ 6 വിക്കറ്റിന് തോൽപ്പിച്ചു.

രണ്ടാം മത്സരത്തിൽ ഹോളണ്ടിനെ 4 വിക്കറ്റിന് കീഴടക്കി.

ബംഗ്ളാദേശിനെതിരായ ജയം നാലു റൺസിന്.

നേപ്പാളിനെതിരെ ഒരു റൺസിന് പൊരുതിനേടി.

സൂപ്പർ എട്ടിൽ അമേരിക്കയ്ക്ക് എതിരെ ആദ്യ ജയം 18 റൺസിന്.

ഇംഗ്ളണ്ടിനെ കീഴടക്കിയത് ഏഴ് റൺസിന്

വിൻഡീസിനെതിരെ മൂന്ന് വിക്കറ്റ് ജയം.

സെമിയിൽ അഫ്ഗാനെ 9 വിക്കറ്റിന് തകർത്തു.

8 pm മുതൽ സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും ലൈവ്

1

ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഒരു ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്. രണ്ടാം തവണയാണ് ഒരു ഐ.സി.സി ടൂർണമെന്റിന്റെ ഫൈനലിലെത്തുന്നത്. 1998ലെ നോക്കൗട്ട് ട്രോഫിയിലായിരുന്നു ആദ്യ ഫൈനൽ.

8

തുടർച്ചയായ എട്ടാം വിജയമാണ് ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്ക നേടിയത്. ആദ്യമായാണ് ദക്ഷിണാഫ്രിക്ക ട്വന്റി-20 ഫോർമാറ്റിൽ എട്ട് മത്സരങ്ങൾ തുടർച്ചയായി ജയിക്കുന്നത്.

ഒരു കളിയും തോൽക്കാതെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഫൈനലിലെത്തിയിരിക്കുന്നത്. ഫൈനലിൽ ആരു ജയിച്ചാലും ഒറ്റക്കളിയും തോൽക്കാതെ ട്വന്റി-20 ലോകകപ്പ് നേടുന്ന ആദ്യ ടീമാകും.

2009, 2014 ട്വന്റി-20 ലോകകപ്പുകളിലും 1992, 1999, 2015,2023 ഏകദിന ലോകകപ്പുകളിലും സെമിയിൽ പുറത്തായിരുന്നവരാണ് ദക്ഷിണാഫ്രിക്കക്കാർ.

2013 ചാമ്പ്യൻസ് ട്രോഫിയിലാണ് ണ് ഇന്ത്യ അവസാനമായി ഒരു ഐ.സി.സി കിരീടം നേടിയത്. അതിന് ശേഷം 2014 ട്വന്റി-20 ലോകകപ്പിലും 2023 ഏകദിന ലോകകപ്പിലും 2017 ചാമ്പ്യൻസ് ട്രോഫിയിലും 2021ലെയും 2023ലെയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പുകളിലെയും ഫൈനലുകളിൽ തോറ്റു.

വിരാട് കൊഹ്‌ലി അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം ഫൈനലിനായി കരുതിവച്ചിരിക്കുകയാണ്.

- രോഹിത് ശർമ്മ, ഇന്ത്യൻ ക്യാപ്ടൻ

ഫൈനലിൽ എത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഭാഗ്യമില്ലാത്തവർ എന്ന ചീത്തപ്പേര് മായ്ച്ചുകളയാൻ ഒരു ജയം കൂടി വേണം.

- എയ്ഡൻ മാർക്രം, ദക്ഷിണാഫ്രിക്കൻ ക്യാപ്ടൻ.

Advertisement
Advertisement