തിരു.വിമാനത്താവളത്തിലെ യുസർ ഫീ വർദ്ധന യാത്രക്കാർക്ക് തിരിച്ചടി
ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര യാത്രയ്ക്കും രാജ്യാന്തര യാത്രയ്ക്കും യുസർ ഫീ നിരക്ക് അൻപത് ശതമാനം വർദ്ധിപ്പിച്ചത്
യാത്രക്കാർക്ക് കനത്ത തിരിച്ചടിയാവും. ആഭ്യന്തര യാത്രയ്ക്ക് 264 രൂപയും രാജ്യാന്തര യാത്രയ്ക്ക് 631 രൂപയുമാണ് വർദ്ധിപ്പിച്ചത്.
ഓരോ അഞ്ച് വർഷം കൂടുമ്പോഴും എയർപോർട്ടുകളിലെ യുസർ ഡെവലപ്മെന്റ് ഫീ പുതുക്കി നിശ്ചയിക്കുന്നത് കേന്ദ്ര സർക്കാറിന് കീഴിലുള്ള എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയാണ്.അടുത്ത അഞ്ച് വർഷം എയർപോർട്ട് വികസനത്തിനായി നിക്ഷേപിക്കാൻ പോകുന്ന തുകയുടെ അടിസ്ഥാനത്തിലാണ് യുസർഫീ നിശ്ചയിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിനായി അടുത്ത അഞ്ച് വർഷം 1200കോടി രൂപ ചെലവിടാൻ എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി തീരുമാനിച്ചതിന് പിന്നാലെയാണ് യുസർ ഫീ നിരക്ക് അടുത്ത ഒരു വർഷത്തേക്ക് ഉയർത്തിയത്. പുതിയ നിരക്കുകൾ ജൂലായ് ഒന്നു മുതൽ പ്രാബല്യത്തിൽ വരും.
യുസേഴ്സ് ഫീ നിരക്ക് കൂട്ടിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എം.പിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്ത് നൽകി. 2016 മുതൽ 2022വരെയുള്ള കാലയളവിൽ എയർപോർട്ട് അതോറിറ്റിക്കുണ്ടായ നഷ്ടം നികത്താൻ 902 കോടി രൂപ അദാനി ഗ്രൂപ്പ് എയർപോർട്ട് അതോറിറ്റിക്ക് മുർകൂറായി നർകണം ഇതു കൂടി കണക്കിലെടുത്താണ് പുതിയ നിരക്ക് പ്രഖ്യാപനം.
വിമാനത്താവളത്തിലെ യൂസർ ഫീ വർദ്ധന പിൻവലിക്കണം: എൻ.കെ.പ്രേമചന്ദ്രൻ
തിരുവനന്തപുരം:തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ യൂസർഫീസും ലാൻഡിംഗ് ഫീസും വർദ്ധിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ചറാപു രാംമോഹൻ നായിഡുവിന് കത്തയച്ചു.യൂസർഫീസ് 506രൂപയായിരുന്നത് 770രൂപയാക്കി. ലാൻഡിംഗ് ഫീസ് അഞ്ചര ഇരട്ടി കൂട്ടി. ഇക്കാര്യത്തിൽ മന്ത്രിതല യോഗം വിളിക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
വിമാനത്തിൽ
ബോംബ് ഭീഷണി
ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മുംബയിലെത്തിയ വിസ്താര എയർലൈൻസിന്റെ വിമാനത്തിൽ ബോംബ് ഭീഷണി. ഇന്നലെ ഉച്ചയ്ക്ക് 12.30ന് പുറപ്പെട്ട വിമാനത്തിലാണ് സംഭവം.
ടോയ്ലെറ്റിൽ നിന്നാണ് ബോംബെന്ന് എഴുതിയ വെള്ളപേപ്പർ കണ്ടെത്തിയത്. വിമാനം ടേക്ക് ഓഫായശേഷം ടോയ്ലെറ്റിലേക്ക് പോയ യാത്രക്കാരൻ പേപ്പർ കണ്ടതോടെ ഭയന്ന് കാബിൻക്രൂവിനെ വിവരമറിയിച്ചു. തുടർന്ന് പരിശോധന നടത്തിയശേഷം പൈലറ്റ് ഉടൻ തന്നെ വിവരം എയർട്രാഫിക്ക് കൺട്രോൾ ടവറിലേക്ക് കൈമാറുകയായിരുന്നു.
മുംബയ് വിമാനത്താവളത്തിൽ ലാൻഡിംഗ് നടത്തിയ ശേഷം സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ വിമാനത്തിലും യാത്രക്കാരുടെ ലഗേജുകളും പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടത്താൻ കഴിഞ്ഞില്ല.