ധനകമ്മി കുത്തനെ കുറയുന്നു

Saturday 29 June 2024 12:18 AM IST

ഏപ്രിൽ, മേയ് ധനകമ്മി 50,615 കോടി രൂപ

കൊച്ചി: നികുതി, നികുതിയിതര വരുമാനങ്ങളിലുണ്ടായ വൻ വർദ്ധനയുടെ കരുത്തിൽ നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് മാസങ്ങളിൽ ഇന്ത്യയുടെ ധന കമ്മി കുത്തനെ കുറഞ്ഞു. കംട്രോളർ ജനറൽ ഒഫ് അക്കൗണ്ട്സിന്റെ കണക്കുകളനുസരിച്ച് ഏപ്രിൽ, മേയ് മാസത്തിൽ ഇന്ത്യയുടെ ധനകമ്മി 50,615 കോടി രൂപയായാണ് കുറഞ്ഞത്. നടപ്പു സാമ്പത്തിക വർഷത്തെ ബഡ്‌ജറ്റിൽ ലക്ഷ്യമിടുന്ന ധനകമ്മിയുടെ മൂന്ന് ശതമാനമാണിത്. മുൻവർഷം ഇതേകാലയളവിൽ ധനകമ്മി മൊത്തം ലക്ഷ്യത്തിന്റെ 11.8 ശതമാനമായിരുന്നു.

മൊത്തം വരുമാനം ബഡ്‌ജറ്റ് ലക്ഷ്യത്തിന്റെ 12 ശതമാനമായ 3.19 ലക്ഷം കോടി രൂപയായി ഉയർന്നു. മുൻവർഷം ഇതേകാലയളവിൽ വരുമാനം 2.78 ലക്ഷം കോടി രൂപയായിരുന്നു. സർക്കാരിന്റെ മൊത്തം ചെലവ് ബഡ്‌ജറ്റ് ലക്ഷ്യത്തിന്റെ 13 ശതമാനമായ 6.23 ലക്ഷം കോടി രൂപയിലേക്ക് താഴ്ന്നു. മുൻവർഷം ഇതേകാലയളവിലെ ചെലവ് 6.26 ലക്ഷം കോടി രൂപയായിരുന്നു. പൊതു തിരഞ്ഞെടുപ്പ് മൂലം കേന്ദ്ര സർക്കാരിന്റെ മൂലധന നിക്ഷേപത്തിലുണ്ടായ ഇടിവാണ് ചെലവ് കുറയാൻ കാരണം.

ധനകമ്മി

കേന്ദ്ര സർക്കാരിന്റെ വരവും ചെലവും തമ്മിലുള്ള അന്തരമായ ധനകമ്മി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 16.54 ലക്ഷം കോടി രൂപയായിരുന്നു. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ(ജി.ഡി.പി) 5.6 ശതമാനമായാണ് ഇക്കാലയളവിൽ ധനകമ്മി കുറഞ്ഞത്. മുൻവർഷം ധനകമ്മി 17.86 ലക്ഷം കോടി രൂപയായിരുന്നു.

റിസർവ് ബാങ്ക് സഹായം ലോട്ടറി

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിത ഇനത്തിൽ റിസർവ് ബാങ്ക് 2.11 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാരിന് നൽകിയതാണ് പ്രധാനമായും ധനകമ്മി കുറയ്ക്കാൻ സഹായിച്ചത്.

Advertisement
Advertisement