ഡാമുകളിൽ ജലനിരപ്പ് കുതിച്ചുയരുന്നു

Saturday 29 June 2024 3:45 AM IST

ഇടുക്കി: നാല് ദിവസം വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചതോടെ സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് കുതിച്ചുയരുന്നു. കെ.എസ്.ഇ.ബിയുടെ കീഴിലുള്ള സംഭരണികളിലെ ജലനിരപ്പ് രണ്ട് ദിവസത്തിനിടെ അഞ്ച് ശതമാനമാണ് കൂടിയത്. 16 അണക്കെട്ടുകളിലായി ആകെ 31 ശതമാനമാണ് നിലവിൽ ജലനിരപ്പ്. ഇതോടെ, 1285.348 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലമുണ്ട്.

ഇടുക്കി ഡാമിൽ രണ്ട് ദിവസം കൊണ്ട് അഞ്ചടിയിലേറെയാണ് ജലനിരപ്പ് ഉയർന്നത്. 2329.56 അടിയായിരുന്ന ജലനിരപ്പാണ് 2335ലെത്തിയത്. ഇപ്പോൾ പരമാവധി സംഭരണശേഷിയുടെ 34 ശതമാനം ജലമുണ്ട്. 2403 അടിയാണ് പരമാവധി സംഭരണശേഷി. നാല് ദിവസം കൊണ്ട് വൃഷ്ടിപ്രദേശത്ത് 225.4 മില്ലി മീറ്റർ മഴ ലഭിച്ചു. ഇതോടെ നീരൊഴുക്ക് ശക്തമായി. 58.306 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലമാണ് 24 മണിക്കൂറിൽ ഡാമിലേക്ക് ഒഴുകിയെത്തിയത്

ഒമ്പത് ചെറു

ഡാമുകൾ തുറന്നു

താരതമ്യേന ചെറുതായ ഒമ്പത് അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. തിരുവനന്തപുരത്തെ നെയ്യാർ, പത്തനംതിട്ടയിലെ മൂഴിയാർ, മണിയാർ, ഇടുക്കിയിലെ കല്ലാർകുട്ടി,​ ലോവർപെരിയാർ (പാംബ്ല),​ മലങ്കര, എറണാകുളത്തെ ഭൂതത്താൻകെട്ട്, തൃശ്ശൂരിലെ പെരിങ്ങൽക്കുത്ത്, കണ്ണൂരിലെ പഴശ്ശി എന്നിവയുടെ ഷട്ടറുകൾ തുറന്നിരിക്കുകയാണ്. ഇതിൽ നെയ്യാർ,​ മണിയാർ,​ മലങ്കര,​ ഭൂതത്താൻകെട്ട്,​ പഴശ്ശി എന്നീ ഡാമുകൾ ജലസേചനവകുപ്പിന്റെ കീഴിലുള്ളതാണ്. അണക്കെട്ടുകൾക്ക് താഴെ തീരപ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. ഇടുക്കിയിലെ ഇരട്ടയാർ ഡാം റെഡ് അലർട്ടിലാണ്. രണ്ട് ദിവസംകൊണ്ട് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും നാല് അടിയോളം ഉയർന്ന് 121.8 അടിയിലെത്തി. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി.

കിട്ടിയ മഴ പോര

തിങ്കളാഴ്ച വരെ സംസ്ഥാനത്താകെ 37 ശതമാനം മഴയുടെ കുറവാണുണ്ടായിരുന്നത്. എന്നാൽ ഇന്നലെയത് 23 ശതമാനമായി . ഇതുവരെ 577.8 മില്ലി മീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് സംസ്ഥാനത്ത് 444.9 മി.മീ മഴയാണ് കിട്ടിയത്. നിലവിൽ വയനാട് ജില്ലയിലാണ് കാലവർഷം ഏറ്റവും കുറവ് ലഭിച്ചത് (-35%)​. കോട്ടയം,​ തിരുവനന്തപുരം ജില്ലകളിലാണ് മികച്ച മഴ ലഭിച്ചത്. അഞ്ച് ശതമാനം മാത്രം കുറവ്. ഇന്നലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോട് ജില്ലയിലെ പാണത്തൂരാണ്- 191.5 മി.മീ.

Advertisement
Advertisement