സ്വർണ്ണക്കടത്ത് - ക്വട്ടേഷൻ ബന്ധം: വിവാദച്ചുഴിയിൽ വീണ്ടും കണ്ണൂരിലെ സി.പി.എം

Saturday 29 June 2024 2:53 AM IST

കണ്ണൂർ : സ്വർണ്ണക്കടത്ത്- ക്വട്ടേഷൻ ബന്ധത്തിനെതിരേ നടത്തിയ പോരാട്ടത്തിൽ നീതി ലഭിച്ചില്ലെന്ന് ആരോപിച്ചുള്ള ജില്ലാ കമ്മിറ്റി അംഗം മനു തോമസിന്റെ പടിയിറക്കം കണ്ണൂർ സി.പി.എമ്മിനെ പിടിച്ചുലയ്ക്കുന്നു. അംഗത്വം പുതുക്കിയില്ലെന്ന് വിശദീകരിച്ച് ജില്ലാ കമ്മിറ്റി മനുതോമസിന്റെ പുറത്തുപോക്ക് ന്യായീകരിക്കാൻ ശ്രമിക്കുന്നതിനിടെ, മനു തോമസിനെതിരായി സംസ്ഥാന സമിതി അംഗം പി. ജയരാജൻ രംഗത്തിറങ്ങി.

ഇതോടെയാണ് കുഴിച്ചു മൂടപ്പെട്ട ക്വട്ടേഷൻ ബന്ധങ്ങൾ വലിച്ചു പുറത്തിടുന്നതിലേക്ക് പോര് വഴി മാറിയത്.

മനുവിന് ബിസിനസ് ബന്ധങ്ങളുണ്ടെന്നും വിശുദ്ധനാകാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു പി. ജയരാജന്റെ ആരോപണം. പാർട്ടിയിൽ ഗ്രൂപ്പുണ്ടാക്കാൻ ശ്രമിച്ചയാളാണ് ജയരാജനെന്ന് മനു തോമസ് മറുപടി നല്‍കി. ജയരാജനെ വിമർശിച്ചതിന്റെ പേരിൽ ക്വട്ടേഷൻ സംഘത്തലവൻ ആകാശ് തില്ലങ്കേരി അടക്കമുള്ള ക്രിമിനൽ സംഘം മനു തോമസിനെതിരേ കൊലവിളി ഉയർത്തി. തുടർന്ന്, ജയരാജന്റെ മകനാണ് ക്വട്ടേഷൻ സംഘങ്ങളുടെ കോ-ഓർഡിനേറ്ററെന്ന ആരോപണം മനുതോമസ് ഉയർത്തി.

2021ൽ കോഴിക്കോട് രാമനാട്ടുകരയിൽ അഞ്ചു പേരുടെ മരണത്തിനിടിയാക്കിയ സ്വർണ്ണം പൊട്ടിക്കൽ കേസ് ഇതോടെ വീണ്ടും ചർച്ചയിലേക്ക് വന്നിരിക്കുകയാണ്. പാർട്ടി സൈബർ പോരാളികളായ ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും ഈ ക്രിമനൽ പ്രവർത്തനത്തിന് പിന്നിലുണ്ടെന്ന വിവരം പുറത്തുവന്നതിനെ തുടർന്ന് അന്ന് സി.പി.എം അവരെ തള്ളിപ്പറഞ്ഞിരുന്നു. സ്വർണ്ണക്കടത്ത് സംഘത്തെ സംരക്ഷിച്ചതിൽ സി.പി.എം ജില്ല കമ്മിറ്റി അംഗം എം. ഷാജറിനു പങ്കുണ്ടെന്ന് മനുതോമസ് ആരോപിച്ചിരുന്നെങ്കിലും ആരോപണത്തിൽ കഴമ്പില്ലെന്നായിരുന്നു അന്വേഷണ കമ്മിഷൻ കണ്ടെത്തിയത്. തുടർന്ന് സംസ്ഥാന സെക്രട്ടറിക്ക് മനുതോമസ് പരാതി നൽകിയിരുന്നെങ്കിലും നീതി ലഭിക്കാത്തിനെ

തുടർന്നാണ് അംഗത്വം പുതുക്കാതിരുന്നത്

പി. ജയരാജൻ

പ്രതിരോധത്തിൽ

നിസ്വാർത്ഥനും കമ്മ്യൂണിസ്റ്റു മൂല്യങ്ങൾ കൊണ്ടു നടക്കുന്ന നേതാവുമെന്ന ജയരാജന്റെ പ്രതിച്ഛായയുടെ കടയ്ക്കലാണ് മനു തോമസ് വെട്ടിയത്. ക്വട്ടേഷൻ സംഘത്തിന്റെ സംരക്ഷകൻ പി.ജയരാജനാണെന്നും വിപുലമായ ബിസിനസ് ബന്ധങ്ങൾ പി.ജയരാജനും മകനും കേരളത്തിലും ഗൾഫിലുമുണ്ടെന്നുമുള്ള ആരോപണങ്ങളാണ് മനു തോമസ് ഉയർത്തിയത്. സൈബർ പോരാളികളുടെ കരുത്തിൽ ഉയർന്ന പി.ജെയുടെ പ്രതിച്ഛായ തകർക്കലാണ് ലക്ഷ്യം. ഇതിന് അണിയറയിൽ നിന്ന് ഉന്നത നേതാക്കളുടെ പിന്തുണ മനുതോമസിന് ലഭിക്കുന്നുണ്ടെന്ന സൂചനകളുമുണ്ട്. ആരോപണവിധേയനായ പി. ജയരാജനെതിരെ നടപടി വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്.

തളിപ്പറഞ്ഞ സൈബർ

ടീം വീണ്ടും രംഗത്ത്

സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് തോൽവിയിൽ പോരാളി ഷാജി അടക്കമുള്ള സോഷ്യൽ മീഡിയ പേജുകൾക്കെതിരെ സി.പി.എം നേതാവ് എം.വി. ജയരാജൻ പരസ്യമായി രംഗത്ത് വന്നിരുന്നു. പാർട്ടിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ പണം വാങ്ങി ചിലർ കോൺഗ്രസിന് ജോലി ചെയ്യുന്നുവെന്ന ആരോപണമാണ് എം.വി. ജയരാജൻ ഉന്നയിച്ചിരുന്നത്. എന്നാലിപ്പോൾ ഇതേ പേജുകൾ പി. ജയരാജനു വേണ്ടിയും പാർട്ടിയെ പ്രതിരോധത്തിലാക്കിയ മനു തോമസിനെതിരായും രംഗത്തുവന്നിട്ടുണ്ട്.

Advertisement
Advertisement