മനസുവച്ചാൽ കൊല്ലം കെ എസ് ആർ ടി സി ഡിപ്പോയും ഹൈടെക്കാകും,​ ചെയ്യേണ്ടത് ഇത്രമാത്രം

Saturday 29 June 2024 1:33 AM IST

കൊല്ലം: കി​ഫ്ബി​യുടെ കൺ​സൾട്ടൻസി​ വി​ഭാഗമായ കിഫ്കോൺ ക്ഷണിച്ച താത്പര്യപത്രത്തിൽ തുടർനടപടി​ കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് വൈകിപ്പിക്കുന്നതിൽ ടൂറിസം, വാണിജ്യ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ഹൈടെക്ക് ആകാമെന്ന കൊല്ലം ഡിപ്പോയുടെ പ്രതീക്ഷകൾ പ്രതിസന്ധിയിൽ. മന്ത്രിയും സി.എം.ഡിയും മാറിയതോടെ പദ്ധതി ഉപേക്ഷിക്കുമെന്ന ആശങ്കയുമുണ്ട്.

കൊല്ലത്തിന് പുറമേ മൂന്നാർ, കായംകുളം എന്നിവിടങ്ങളിലേതടക്കം എട്ടിടങ്ങളിലെ കെ.എസ്.ആർ.ടി.സി ഭൂമി സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാനാണ് കിഫ്കോൺ താത്പര്യപത്രം ക്ഷണിച്ചത്. ഇതിൽ കൊല്ലം ഡിപ്പോയുടെ കാര്യത്തിൽ മാത്രമാണ് പ്രതികരണം ഉണ്ടായത്. കൊല്ലം ഡിപ്പോ വികസനത്തിന് ലഭിച്ച താത്പര്യപത്രങ്ങൾ പരിശോധിക്കുകയോ മൊത്തത്തിൽ വീണ്ടും ക്ഷണിക്കുകയോ ആണ് മുന്നിലുള്ള വഴി. ഇക്കാര്യത്തിൽ കിഫ്ബി കെ.എസ്.ആർ.ടി.സിയുടെ നിലപാട് ആരാഞ്ഞങ്കിലും പ്രതികരിച്ചിട്ടില്ല.

തകർച്ചയുടെ വക്കിൽ നിൽക്കുന്ന നിലവിലെ ഡിപ്പോ കെട്ടിടത്തിന് പകരം എം. മുകേഷ് എം.എൽ.എയുടെ പ്രദേശിക ഫണ്ട് ഉപയോഗിച്ച് പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ രൂപരേഖ പൊതുമരാമത്ത് ആർക്കിടെക്റചറൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിത്തുടങ്ങി. നിലവിൽ ഗ്യാരേജ് സ്ഥിതി ചെയ്യുന്നിടത്താണ് പുതിയ ഓഫീസ് ലക്ഷ്യമിടുന്നത്.

പദ്ധതി​ കായൽക്കരയി​ലെ ഭൂമി​യി​ൽ

 ഡിപ്പോയ്ക്ക് മുന്നിൽ ഉടൻ യാത്രയ്ക്ക് പുറപ്പെടുന്ന 12 ബസുകൾക്ക് പാർക്കിംഗ് സൗകര്യം

 യാത്ര പൂർത്തിയാക്കിയ 50 ബസുകൾ പാർക്ക് ചെയ്യാനുള്ള ഇടം

 ഓഫീസ് സൗകര്യം, സൗജന്യ വിശ്രമ കേന്ദ്രം, ഫീസ് ഈടാക്കിയുള്ള വിശ്രമകേന്ദ്രം

 ജീവനക്കാർക്കുള്ള വിശ്രമകേന്ദ്രം, ഡോർമെറ്ററി, വാഷ് റൂം, ക്യാന്റീൻ

 പൊതു പാർക്കിംഗ് കേന്ദ്രം, ഷീ ലോഡ്ജ്, ഇലക്ട്രിക് ചാർജ്ജിംഗ് സ്റ്റേഷൻ

 ടോയ്‌ലെറ്റ്, മാലിന്യസംസ്കരണ പ്ലാന്റ്

 കരാർ ഏജൻസിക്ക് നിശ്ചിതകാലത്തേക്ക് സ്ഥലം വിട്ടുനൽകും

 സ്ഥലത്തിനുള്ള വാടകയായി നിശ്ചിത തുക കെ.എസ്.ആർ.ടി.സിക്ക്

 കരാർ കാലാവധി കഴിയുമ്പോൾ ഭൂമിയും കെട്ടിടങ്ങളും തിരികെ