'കാഫിർ' സ്ക്രീൻഷോട്ട് : യഥാർത്ഥ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നു: മുഹമ്മദ് കാസിം

Saturday 29 June 2024 3:06 AM IST

കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ തലേന്ന് വടകരയിൽ 'കാഫിർ" പരാമർശമടങ്ങിയ വ്യാജ സ്‌ക്രീൻഷോട്ട് പ്രചരിച്ച കേസിൽ വസ്തുതകൾ അറിയാമായിരുന്നിട്ടും യഥാർത്ഥ കുറ്റക്കാർക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പ്രതി ചേർക്കപ്പെട്ട എം.എസ്.എഫ് നേതാവ് പി.കെ മുഹമ്മദ് കാസിം ഹൈക്കോടതിയിൽ മറുപടി നൽകി.

വ്യാജപോസ്റ്റ് തയ്യാറാക്കി പ്രചരിപ്പിച്ചതു സംബന്ധിച്ച് ഏപ്രിൽ 25ന് വൈകിട്ട് ആറിന് കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയെ (റൂറൽ) സമീപിച്ച് വസ്തുതകൾ ബോധിപ്പിച്ചിട്ടും തനിക്കെതിരെ കേസെടുത്തു. സൈബർസെല്ലിന് ഫോൺ കൈമാറുകയും ചെയ്തിരുന്നു. തന്റെ പേരിൽ പ്രചരിച്ച സ്‌ക്രീൻഷോട്ടിനെക്കുറിച്ച് ആദ്യം പരാതി നൽകിയിട്ടും വാദിയായി പരിഗണിക്കാത്തതെന്താണെന്നും പൊലീസിന്റെ വിശദീകരണത്തിലില്ല. മതസ്പർദ്ധയുണ്ടാക്കും വിധം വ്യാജ സ്‌ക്രീൻഷോട്ട് തയ്യാറാക്കിയെന്ന ആരോപണമുണ്ടായിട്ടും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153എ, 465, 469 വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും അറിയിച്ചു.
'യൂത്ത് ലീഗ് നിടുംബ്രമണ്ണ" എന്ന വാട്‌സാപ് ഗ്രൂപ്പ് വ്യാജമാണെന്ന് ബോദ്ധ്യപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ല. പോസ്റ്റ് ആദ്യം പ്രചരിച്ച അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ എന്ന ഫെയ്‌സ്ബുക്ക് പേജിന്റെ അഡ്മിൻ ആരാണെന്ന് കണ്ടെത്താമായിരുന്നിട്ടും അവരെ പ്രതി ചേർത്തിട്ടില്ല. കേസെടുത്ത ശേഷവും കെ.കെ. ലതികയടക്കമുള്ള അക്കൗണ്ടുകളിൽ പ്രചരിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് മറുപടിയിൽ പറയുന്നു.ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കാൻ മാറ്റി.

Advertisement
Advertisement