ആറ് വി.സിമാരെ നിയമിക്കാൻ ഗവർണറുടെ വിജ്ഞാപനം

Saturday 29 June 2024 3:08 AM IST

തിരുവനന്തപുരം: വൈസ് ചാൻസലർ നിയമന സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ സർക്കാർ നൽകാതിരിക്കെ, ആറ് വാഴ്സിറ്റികളിൽ വി.സി നിയമനത്തിന് സ്വന്തമായി വിജ്ഞാപനമിറക്കി ഗവർണർ.

കേരള, സാങ്കേതികം, ഫിഷറീസ്, എം.ജി, കാർഷികം, മലയാളം വാഴ്സിറ്റികളിലേക്കാണ് വിജ്ഞാപനം.

കേരള സർവകലാശാലയിലേയ്ക്ക് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ്.സോമനാഥ് ഉൾപ്പെട്ട കമ്മിറ്റിയെയാണ് നിയോഗിച്ചത്. പ്രൊഫ.ഭട്ടു സത്യനാരായണ കമ്മിറ്റിയിലെ മറ്റൊരംഗം.

സാങ്കേതിക സർവകലാശാലയിലേയ്ക്ക് പ്രൊഫ.ക്ഷിതി ഭൂഷൺ ദാസ്, കേരള കാർഷിക സർവകലാശാല മുൻ വി.സി ഡോ.പി.രാജേന്ദ്രൻ, വി.എസ്.എസ്.സി ഡയറക്ടർ ഡോ.എസ്.ഉണ്ണികൃഷ്ണൻ നായർ എന്നിവരെ തിരഞ്ഞെടുത്തു. ഫിഷറീസ് യൂണിവേഴ്സിറ്റിയിലേയ്ക്ക് ഡോ.സഞ്ജീവ് ജെയിൻ, കൊച്ചിൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജി മുൻ വി.സി ഡോ.പി.കെ അബ്ദുൾ അസീസ്, ഡോ.ജെ.കെ.ജെനാ എന്നിവരെയും കാർഷിക സർവകലാശാലയിലേയ്ക്ക് കൊച്ചിൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജി മുൻ പ്രൊഫസർ ഡോ.സി.വി. ജയമണി, പ്രൊഫ.അലോക് കുമാർ റായ്, ഡോ.ഹിമാൻഷു പതക്ക് എന്നിവരെയും സമിതി അംഗങ്ങളാക്കി. എം.ജി.യൂണിവേഴ്സിറ്റിയിലേയ്ക്ക് ഡോ.കെ.ആർ.എസ് സാംബശിവ റാവു, സി.എസ്.ഐ.ആർ എൻ.ഐ.ഐ.എസ്.ടി ഡയറക്ടർ ഡോ.സി.അനന്ദരാമകൃഷ്ണൻ എന്നിവരെയും മലയാളം സർവകലാശാലയിലേയ്ക്ക് ഡോ.ജാൻസി ജെയിംസ് , പ്രൊഫ.ഭട്ടു സത്യനാരായണ എന്നിവരെയും തിരഞ്ഞെടുത്തു. എല്ലായിടത്തും ചാൻസലറുടെയും യു.ജി.സിയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. സാങ്കേതിക വാഴ്സിറ്റിയിൽ എ.ഐ.സി.ടി.യുടെ പ്രതിനിധിയുമുണ്ട്. ഇക്കാര്യം ഗവർണർ ഹൈക്കോടതിയെ അറിയിക്കും. വി.സി നിയമനം ചാൻസലറാണ് നടത്തേണ്ടതെന്നും അത് അന്തിമമാണെന്നും സുപ്രീംകോടതി ഉത്തരവുണ്ട്.

ചാൻസലർ, യു.ജി.സി, സർവകലാശാല എന്നിവയുടെ പ്രതിനിധികളുള്ള മൂന്നംഗ സമിതിയാണ് വി.സി നിയമന പാനൽ സമർപ്പിക്കേണ്ടത്. ഇതിൽ നിന്ന് ഗവർണറാണ് നിയമിക്കേണ്ടത്. ഗവർണർ ഒരു ഡസനിലേറെ തവണ ആവശ്യപ്പെട്ടിട്ടും വാഴ്സിറ്റികൾ പ്രതിനിധിയെ നൽകുന്നില്ല. സർക്കാർ നിർദ്ദേശ പ്രകാരമാണിത്. അതിനാൽ സെനറ്റ് \ സിൻഡിക്കേറ്റ് പ്രതിനിധിയെ ഒഴിച്ചിട്ടാണ് അക്കാഡമിക് വിദഗ്ദ്ധരുൾപ്പെട്ട സെർച്ച്കമ്മിറ്റിയുണ്ടാക്കിയിട്ടുള്ളത്.

കേരള വാഴ്സിറ്റിയുടെ പ്രതിനിധിയില്ലാതെ ഗവർണർ നേരത്തേ രൂപീകരിച്ച രണ്ടംഗകമ്മിറ്റി ഹൈക്കോടതി തടഞ്ഞിരുന്നു. പിന്നീട് മലയാളം വാഴ്സിറ്റിയിലെ സെർച്ച് കമ്മിറ്റിയിലേക്ക് ഗവർണറുടെ പ്രതിനിധിയെ സർക്കാർ ആവശ്യപ്പെട്ടതും, സാങ്കേതിക വാഴ്സിറ്റിയിൽ സർക്കാർ സ്വന്തം നിലയിൽ സെർച്ച്കമ്മിറ്റിയുണ്ടാക്കിയതും വിവാദമായി.

കേരള വാഴ്സിറ്റിയുടെ കേസിൽ, സെർച്ച്കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നൽകിയില്ലെങ്കിൽ ഗവർണർക്ക് സ്വന്തംനിലയിൽ നടപടികളെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 11 വാഴ്സിറ്രികളിലാണ് നിലവിൽ വി.സിയില്ലാത്തത്. വി.സി നിയമനം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി ജൂലായ് 8ന് ഹൈക്കോടതി പരിഗണിക്കും.

സ്ഥിരം വി.സി

രണ്ടിടത്ത്

കേരളത്തിൽ ആരോഗ്യം, കാലിക്കറ്റ് വാഴ്സിറ്റികളിൽ മാത്രമാണ് സ്ഥിരം വി.സിയുള്ളത്

മറ്റിടങ്ങളിലെല്ലാം മുതിർന്ന പ്രൊഫസർമാർക്കാണ് ചുമതല

Advertisement
Advertisement