കേരളത്തിൽ 15നും 29നും ഇടയിൽ പ്രായമുള്ള 46 ശതമാനം സ്ത്രീകൾ; കടൽ കടക്കുന്നവ‌‌ർ തിരികെവരാത്തതിന് പിന്നിൽ

Saturday 29 June 2024 2:52 PM IST

ലോകജനസംഖ്യയിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യയിൽ ആവശ്യമായ തൊഴിൽ സൃഷ്‌ടിക്കുന്നത് ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. ഇന്ത്യയുടെ ശക്തമായ വളർച്ചയെയും സാമ്പത്തിക സൂചകങ്ങളെയും പല പ്രമുഖ ആഗോള ധനകാര്യ സ്ഥാപനങ്ങളും പ്രശംസിച്ചിട്ടുണ്ടെങ്കിലും, തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്ന കാര്യത്തിൽ രാജ്യത്തിന്റെ പ്രകടനം ഏറെക്കുറെ അസ്ഥിരമാണ്. വിദ്യാഭ്യാസമുണ്ടെങ്കിലും അതിനനുസൃതമായ തൊഴിൽ ലഭിക്കാത്തതാണ് യുവതലമുറയെ അലട്ടുന്ന പ്രശ്നം. രാജ്യത്തെ തൊഴിലില്ലായ്മയുടെ ആഴവും പരപ്പും വ്യക്തമാക്കുന്ന തരത്തിൽ പല പഠനങ്ങളും സമീപകാലത്ത് പുറത്തു വന്നിരുന്നു. തൊഴിലില്ലായ്മ രൂക്ഷമാകുന്നതും രാജ്യത്തിന്റെ പുരോഗതിയെ പുറകോട്ടടിക്കാൻ കാരണമാകുന്നു.

തൊഴിലില്ലായ്മയിൽ കേരളം ഒന്നാമത്

രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമതാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ വ്യക്തമായിരുന്നു. 2024 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 31.8 ശതമാനം ആണെന്നാണ് മന്ത്രാലയം പുറത്ത് വിട്ട പീരിയോഡിക് ലേബർ ഫോഴ്സ് സർവേ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

15നും 29നുമിടയിൽ പ്രയാമുള്ളവരെ സംബന്ധിച്ച കണക്കാണിത്. യുവാക്കളെക്കാൾ അധികം അഭ്യസ്ത വിദ്യരായ യുവതികളാണ് കേരളത്തിൽ തൊഴിൽ രഹിതർ. സംസ്ഥാനത്ത് 15നും 29നുമിടയിൽ പ്രായമുള്ള സ്ത്രീകളിൽ 46.6 ശതമാനവും തൊഴിൽരഹിതരാണ്. ഈ വിഭാഗത്തിൽപ്പെട്ട യുവാക്കളിൽ 24.3 ശതമാനം തൊഴിൽ രഹിതർ ആണെന്നാണ് കേന്ദ്ര സർവേയിൽ പറഞ്ഞിരുന്നത്.

കേരളത്തിന് പുറമെ ജമ്മു കശ്മീർ ( 28.2%), തെലങ്കാന (26.1%), രാജസ്ഥാൻ (24%), ഒഡീഷ ( 23.3%) എന്നീ സംസ്ഥാനങ്ങളിലാണ് തൊഴിലില്ലായ്മ ഏറ്റവും കൂടുതൽ. തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം ഡൽഹിയാണ്, 3.1%. രക്ഷിതാക്കളെ ആശ്രയിച്ച് നിൽക്കാൻ താത്പര്യപ്പെടുന്ന കൗമാരക്കാരുടെ എണ്ണം കേരളത്തിൽ കൂടിവരുന്നു. ഈ സൗകര്യമുപയോഗിച്ച് കൗമാരക്കാർ പഠനത്തിനെന്ന പേരിൽ സമയം നീട്ടുകയും ചെയ്യുന്നു. സംസ്ഥാനത്തെ ഉയർന്ന ജനസാന്ദ്രത, വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള സ്ഥലപരിമിതി, അസംസ്‌കൃത വസ്തുക്കളുടെ കുറവും തൊഴിലില്ലായ്മയുടെ കാരണമാണ്.

രാജ്യം കടക്കുന്ന യുവതലമുറ

യുവാക്കളുടെ തൊഴിൽ പുരോഗതിയ്ക്കും അഭിലാഷങ്ങൾക്കും അനുസൃതമായ തൊഴിലവസരങ്ങൾ കേരളത്തിൽ പൊതുവെ കുറവാണ്. ഉന്നത കോഴ്സുകൾ ജയിച്ച് പുറത്തിറങ്ങുന്നവരുടെ നൈപുണ്യക്കുറവ് തൊഴിലില്ലായ്മയുടെ മറ്റൊരു പ്രധാന കാരണമാണ്. പ്രതിവർഷം ഏകദേശം 50,000ത്തോളം പേർ പഠനത്തിനായി പുറം രാജ്യങ്ങളിലേക്ക് പോകുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ വലിയൊരു വിഭാഗം ആളുകളും തിരച്ച് മടങ്ങി വരാറില്ല.

പഠന ശേഷം അവിടെത്തന്നെ ജോലി കണ്ടെത്തി താമസിക്കുകയാണ്. നാട്ടിൽ വന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കാത്തവരാണ് ഇതിൽ ഭൂരിഭാഗവും. കഴിവുളളവർക്ക് മികച്ച ജോലിയും ഉയർന്ന ശമ്പളവും വിദേശ രാജ്യങ്ങളിൽ ലഭിക്കുന്നുണ്ട്. വ്യവസായ മേഖലയിലെ വിദഗ്ദ്ധരുടെ സഹായത്തോടെയുള്ള പാഠ്യപദ്ധതി, സെമസ്റ്റർ ഇടവേളകളിൽ നിർബന്ധിത പ്രായോഗിക പരിശീലനം തുടങ്ങിയ പരിഷ്‌കരണങ്ങളാണ് അക്കാഡമിക, ഇൻഡസ്ട്രി വിദഗ്ദ്ധർ ഇതിനായി നിർദ്ദേശിക്കുന്നത്. കേരളത്തിന്റെ സവിശേഷ സാമൂഹിക സാഹചര്യം തൊഴിലില്ലായ്മ നിരക്കിനെ ബാധിക്കുന്നുണ്ടെന്നാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷന്റെ മുൻ ഡയറക്ടറും സാമ്പത്തികകാര്യ വിദഗ്ദ്ധനുമായ ഡി.നാരായണ പറയുന്നത്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയും സമൂലമായ മാറ്റങ്ങളിലൂടെ കടന്നുപോവുകയാണ്. നാലുവർഷ ബിരുദം എന്ന സംവിധാനത്തിലേക്ക് പ്രവേശിക്കുകയാണ്. ഒരേസമയം,​ തൊഴിൽ ലഭ്യത ഉറപ്പാക്കാനും ഗവേഷണ താത്പര്യങ്ങൾ വികസിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള ദ്വിമുഖ സമീപനമാണ് ഈ മാറ്റങ്ങളുടെ കാതൽ.

തൊഴിലില്ലായ്മ വേതനം കെെപ്പറ്റാനും ആളില്ല
സംസ്ഥാനത്ത് മൂന്ന് ലക്ഷത്തിലേറപ്പേർ കൈപ്പറ്റിയിരുന്ന തൊഴിലില്ലായ്മ വേതനം നിലവിൽ 2,080 പേർക്ക് മാത്രമാണ് ലഭിക്കുന്നത്. തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതല്ല കാരണം. മറിച്ച്, കാൽനൂറ്റാണ്ടായി 120 രൂപയായി തുടരുന്ന മാസശമ്പളം പരിഷക്കരിക്കാത്തതാണ് പ്രശ്നം. പ്രതിവർഷം 12,000 രൂപ കുടുംബ വരുമാനവും പ്രതിമാസം 100 രൂപ വരെ വ്യക്തഗത വരുമാനവും ഉള്ളവർക്ക് മാത്രമാണ് തൊഴിലില്ലായ്മ വേതനം ലഭിക്കുക. ജനറൽ വിഭാഗത്തിൽ 10-ാം ക്ലാസ് ജയിച്ചിരിക്കണം. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് മൂന്ന് വർഷത്തിന് ശേഷമേ വേതനത്തിന് അപേക്ഷിക്കാവൂ. പട്ടിക വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 10-ാംക്ലാസ് വിജയിക്കണമെന്ന് നിർബന്ധമില്ല. നേരത്തെ, തദ്ദേശ സ്ഥാപനങ്ങൾ അംഗീകരിച്ച് വിടുന്ന പട്ടികയിലുള്ളവർക്ക് വരുമാന സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ വേതനം നൽകിയിരുന്നു. വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ അപേകഷകരുടെ എണ്ണത്തിലും കുറവ് പ്രകടമായി.

നിർമ്മാണ മേഖലയിലെ 'അതിഥി' സാന്നിദ്ധ്യം

ഏറ്റവുമധികം അന്യസംസ്ഥാനത്തൊഴിലാളികൾ തൊഴിൽ അന്വേഷിച്ചെത്തുന്നത് കേരളത്തിലാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തിയിട്ടുള്ള തൊഴിലാളികളുടെ എണ്ണം നിലവിൽ 35 മുതൽ 40 ലക്ഷം വരെയാണ്. ബംഗാൾ, അസം, ഒഡീഷ, ബിഹാർ, യു.പി, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, സിക്കിം, മണിപ്പൂർ, നാഗാലാൻഡ് എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഇവരിലേറെയും.

2013ൽ സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കേരളത്തിൽ 25 ലക്ഷം അതിഥിതൊഴിലാളികളുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതേസമയം, കേന്ദ്രസർക്കാർ നിഷ്‌കർഷിക്കുന്ന തൊഴിലില്ലായ്മ എന്നതിന്റെ നിർവചനം കേരളത്തിന് ബാധകമാകില്ലെന്നാണ് കേരള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റ് ചെയർമാൻ ഡോ.എസ്.ഇറുദയരാജൻ പറയുന്നത്. കേരളത്തിൽ തൊഴിലുള്ളത് കൊണ്ടാണല്ലോ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം പേർ ഇവിടേക്ക് വരുന്നതെന്നും അദ്ദേഹം ചോദിച്ചു.

വേണ്ടത് ക്രിയാത്മക പദ്ധതികൾ

രാജ്യത്ത് അഭ്യസ്തവിദ്യരുടെ എണ്ണം വർദ്ധിച്ചതിനനുസൃതമായി തൊഴിലവസരങ്ങൾ വർദ്ധിക്കുന്നില്ല. സുസ്ഥിര തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ക്രിയാത്മക പദ്ധതികൾ ഉണ്ടാവണം. മൂല്യശേഷി ക്രിയാത്മകമായി ഉപയോഗിക്കാനാകുന്ന നയങ്ങൾ രൂപപ്പെടുത്തേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വലിയ ഉത്തരവാദിത്വമാണെന്ന കാര്യം മറന്നുകൂടാ.തൊഴിലില്ലായ്മ നിലനിൽക്കുമ്പോഴും ഒഴിഞ്ഞ് കിടക്കുന്ന സർക്കാർ തസ്തികകൾ ഏറെയാണ്.

ഇവ യുവജനതയോടുള്ള ക്രൂരതകയാണ്. കൃത്യമായി നിയമനം നടത്തിയാൽ വലിയൊരു വിഭാഗം തൊഴിലില്ലായ്മയും പരിഹരിക്കാം. രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകുന്ന യുവജനങ്ങൾ ഉള്ളപ്പോൾ ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യയെ തടയാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുമ്പ് പറഞ്ഞിട്ടുണ്ട്. പക്ഷേ, അതിനുള്ള മനോഭാവം യുവജനങ്ങൾക്ക് ഉണ്ടാവണമെങ്കിൽ സുസ്ഥിര തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ക്രിയാത്മക പദ്ധതികൾ കൂടി ഉണ്ടാവേണ്ടിയിരിക്കുന്നു.

Advertisement
Advertisement