''എന്നോടുള്ള കലിപ്പിന് ട്രെയിന്റെ മുന്നിൽ കയറി നിന്ന് പടമായാൽ ഞാൻ ഉത്തരവാദിയല്ല'', വൻ തിരിച്ചുവരവിൽ അനിൽ ബാലചന്ദ്രൻ

Saturday 29 June 2024 3:15 PM IST

കോഴിക്കോട്: മോട്ടിവേഷണൽ സ്പീച്ചിനിടെ തെറിയഭിഷേകം നടത്തിയ പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ അനിൽ ബാലചന്ദ്രനെ കാണികൾ ഇറക്കിവിട്ട സംഭവം വൈറലായിരുന്നു. കോഴിക്കോട് സിഎസ്‌ഡബ്ള്യു‌എയുടെ ബിസിനസ് മീറ്റിനിടെയായിരുന്നു നാടകീയ രംഗങ്ങൾ. അനിൽ ബാലചന്ദ്രനെ സദസ്യർ കൂകി വിളിച്ചാണ് പറഞ്ഞുവിട്ടത്. നാല് ലക്ഷം രൂപയും ജിഎസ്‌ടിയും അടക്കമാണ് ഇയാൾ പ്രതിഫലമായി വാങ്ങിയത്.

ഉച്ചയ്‌ക്ക് രണ്ട് മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് അനിൽ ബാലചന്ദ്രൻ എത്തിയത് ഒരു മണിക്കൂർ വൈകിയാണ്. സ്‌റ്റേജിൽ കയറിയ ഇയാൾ ബിസിനസുകാരെ അസഭ്യം പറയാൻ തുടങ്ങി. മാസങ്ങൾക്ക് മുമ്പ് തന്നെ പരിപാടിയുടെ പ്രതിഫലം താൻ വാങ്ങിയിരുന്നുവെന്നും, അതുകൊണ്ടുതന്നെ താൻ പറഞ്ഞത് സംഘാടകർക്ക് കേൾക്കേണ്ട ഗതികേടുണ്ടായെന്നുമായിരുന്നു ഇയാളുടെ ആമുഖപ്രസംഗം. ഇതോടെ കാണികൾ ക്ഷുഭിതരായി. തുടർന്ന് വളരെ കഷ്‌ടപ്പെട്ടാണ് സംഘാടകർക്ക് അനിലിനെ പുറത്തിറക്കാൻ കഴിഞ്ഞത്.

ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ പുതിയൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. ''പരശുറാം എക്സ്പ്രസ്സ് നമ്മൾ ഇങ്ങ് എടുക്കുവാ'' എന്ന കുറിപ്പോടെ ഇന്ത്യൻ റെയിൽവേയിൽ നൽകിയ പരസ്യചിത്രത്തോടെയാണ് ഫേസ്ബുക്ക് പോസ്‌റ്റ്.

July 4 മുതൽ നാഗർകോയിൽ ജംഗ്ഷൻ മുതൽ മംഗലാപുരം സെൻട്രൽ വരെ എന്നും കുറിച്ചിട്ടുണ്ട്. കൂടാതെ എന്നോടുള്ള കലിപ്പിന് ട്രെയിന്റെ മുന്നിൽ കയറി നിന്ന് പടമായാൽ ഞാൻ ഉത്തരവാദിയല്ല എന്ന പരിഹാസവും മോട്ടിവേഷണൽ സ്പീക്കറുടെ വകയായുണ്ട്.

Advertisement
Advertisement