പ്രതിപക്ഷത്തിനു മേലെ അനാവശ്യ നിയന്ത്രണങ്ങൾ: വി.ഡി. സതീശൻ

Sunday 30 June 2024 12:58 AM IST

നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ജനാധിപത്യപരമായ സഹകരണമുണ്ടോ? പ്രതിപക്ഷത്തിന് അവസരം നിഷേധിക്കപ്പെടുന്നുണ്ടോ? കേരളകൗമുദിയോട് പ്രതികരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അവസരം നഷ്ടമാകുന്നു എന്ന് പരാതിയുണ്ടോ?

ഇല്ല. പക്ഷേ അനാവശ്യമായ നിയന്ത്രണങ്ങൾ പ്രതിപക്ഷത്തിനു മേലെ നടപ്പാക്കാൻ ശ്രമിക്കുന്നു. സീറോ അവറിലെ അടിയന്തര പ്രമേയത്തിന്റെ അവതരണമാണ് ഒരു ദിവസത്തെ പ്രധാനപ്പെട്ട നടപടിക്രമങ്ങളിലൊന്ന്. എൽ.ഡി.എഫിന്റെ പ്രതിപക്ഷനേതാക്കളായിരുന്നവർ 25 മുതൽ 30 മിനിറ്റ് വരെ സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ 10 മിനിറ്റാണ് തരുന്നത്. അതിനുമുമ്പേ ചുരുക്കാൻ വേണ്ടിയുള്ള സമ്മർദ്ദമുണ്ട്. കൃത്യമായി കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ തടസമുണ്ടാവുന്നുണ്ട്.

സപീക്കർ ഏകപക്ഷീയമായാണോ പെരുമാറുന്നത്?

സർക്കാർ പ്രതിരോധത്തിലാകുന്ന കാര്യങ്ങൾ പരമാവധി അവതരിപ്പിക്കാതിരിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം സംഭവിച്ച സി.പി.എം തെറ്റുതിരുത്തലിലേക്ക് കടക്കുന്നതിൽ എന്താണഭിപ്രായം?

തെറ്റുതിരുത്തിയാൽ അവർക്ക് കൊള്ളാം. തിരുത്തരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിൽ എം.പിമാരായ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനും ശശി തരൂരും മത്സരിക്കാൻ കേന്ദ്രനേതൃത്വത്തെ താത്പര്യമറിയിച്ചോ?

സംസ്ഥാനത്തെ 18 സീറ്റും ജയിച്ച് യു.ഡി.എഫ് ഉജ്ജ്വലമായി വിജയം നേടിയ അവസരത്തിൽ അതിന്റെ മാറ്റ് കുറയ്ക്കാൻ ചിലർ മനഃപൂർവമായി പടച്ചുണ്ടാക്കുന്ന വാർത്തകളാണിത്. അങ്ങനെ ഒരാലോചനയും പാർട്ടിയിൽ നടന്നിട്ടില്ല. കോൺഗ്രസിൽ അഭിപ്രായവ്യത്യാസവും കുഴപ്പങ്ങളുമുണ്ടെന്ന് വരുത്തിത്തീർക്കാൻ വേണ്ടിയുണ്ടാക്കുന്ന വാർത്തകളാണിത്. അതിനു പിന്നിൽ മറ്റ് ചില താത്പര്യങ്ങളാണ്. അത് പാർട്ടി താത്പര്യമല്ല.

മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പരാതികൾ ഉന്നയിക്കുന്നുണ്ടല്ലോ ?

അദ്ദേഹത്തിന് അങ്ങനെ പരാതികളില്ല. ഞങ്ങൾ എല്ലാവരും ടീമായി നിന്ന് കൂടിയാലോചനകൾ നടത്തിയാണ് തീരുമാനമെടുക്കുന്നത്. അദ്ദേഹം തന്നെ അത് പറഞ്ഞിട്ടുണ്ട്. അങ്ങനെ പരാതികൾ അദ്ദേഹത്തിൽ നിന്നോ മറ്റൊരു നേതാവിൽ നിന്നോ ഉണ്ടാകാതിരിക്കാനുള്ള ശ്രദ്ധ ചെലുത്തുന്നുണ്ട്.

നിയമസഭാ,ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ എന്താകും ഫലം?

എല്ലായിടത്തും സ്ഥിതി യു.ഡി.എഫിന് അനുകൂലമാണ്. അതുകൊണ്ടുതന്നെ വിജയിക്കും. സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയാവില്ല. വളരെ ലളിതമായും ഭംഗിയായും അത് നടക്കും. ഇതിന് മുമ്പുള്ള ഉപതിരഞ്ഞെടുപ്പുകളിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥി നിർണയം നടത്തിയതുപോലെ പെട്ടെന്ന് തീരുമാനമെടുക്കും. ആവശ്യമായ സമയത്ത് സ്ഥാനാർത്ഥിയുണ്ടാവും.

Advertisement
Advertisement