ഇ.ഡിയുടെ വെളിപ്പെടുത്തൽ, കരുവന്നൂർ വായ്പകളിൽനിന്ന് സി.പി.എം വിഹിതം കൈപ്പറ്റി

Sunday 30 June 2024 4:38 AM IST


#ജില്ലാ സെക്രട്ടറിയെ അടക്കം പ്രതിയാക്കും

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസുൾപ്പെടെ പ്രമുഖ സി.പി.എം നേതാക്കളെ പ്രതികളാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങി.

അനധികൃത വായ്പകളിൽ നിന്ന് സി.പി.എം വിഹിതം കൈപ്പറ്റിയെന്നും ആ പണം കൊണ്ടാണ് പാർട്ടി ഓഫീസ് പണിയാൻ ജില്ലാ സെക്രട്ടറിയുടെ പേരിൽ സ്ഥലം വാങ്ങിയെന്നും ഇ.ഡി സ്ഥിരീകരിച്ചു. ഇതാണ് പാർട്ടിയെ പ്രതിയാക്കാൻ കാരണം. സെന്റിന് പത്തുലക്ഷം വച്ച് വാങ്ങിയ മൂന്നു സെന്റാണ് കണ്ടുകെട്ടിയത്. സി.പി.എമ്മിന്റെ വിവിധ ലോക്കൽ കമ്മിറ്റികളുടെ വെളിപ്പെടുത്താത്ത എട്ട് അക്കൗണ്ടുകളിലെ 63.62 ലക്ഷം രൂപയും കണ്ടുകെട്ടിയിട്ടുണ്ട്.

സി.പി.എം ജില്ലാ കമ്മിറ്റിയുടെ അനുവാദത്തോടെയാണ് സെക്രട്ടറിയും ഭരണസമിതിയും അന്നത്തെ ബാങ്ക് മാനേജരും ചേർന്ന് ബിനാമിയായും അനധികൃതമായും വായ്പകൾ അനുവദിച്ചതെന്നാണ് സുപ്രധാന കണ്ടെത്തൽ.

ഈടായി നൽകിയ വസ്തുവിന്റെ വിലയേക്കാൾ ഉയർന്ന വിലയ്ക്ക് ബാങ്ക് അംഗങ്ങൾ അല്ലാത്തവർക്ക് പോലും ബിനാമി വായ്പകൾ നൽകി. ഒരേ സ്ഥലംതന്നെ ഒന്നിലേറെ അംഗങ്ങൾ ഈടുവച്ചും തട്ടിപ്പ് നടത്തി.

ഇ.ഡി നടപടികൾ

അനധികൃത വായ്പകളുടെ ഗുണഭോക്താക്കളായ സതീഷ് കുമാർ, കിരൺ പി.പി, അരവിന്ദാക്ഷൻ, ജിൽസ് എന്നിവരെ പി.എം.എൽ.എ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു

 ബിജോയ് എന്നയാളുടെ 30.7 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

 കള്ളവായ്പ വാങ്ങിയവരിൽ നിന്ന് 57.79 കോടി രൂപ കണ്ടുകെട്ടി

 ആകെ കണ്ടുകെട്ടിയ വസ്തുക്കളുടെയും തുകയുടെയും മൂല്യം 117.78 കോടി. പാർട്ടിയുടേയും മറ്റു വ്യക്തികളുടേതും അടക്കം കഴിഞ്ഞ ദിവസം കണ്ടുകെട്ടിയത് 29.29 കോടി രൂപയുടെ സ്വത്തുക്കളാണ്.

Advertisement
Advertisement