പഠന സമയം ഏകീകരിക്കണം

Sunday 30 June 2024 12:40 AM IST

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഈ അദ്ധ്യയനവർഷം 25 ശനിയാഴ്ചകൾ പ്രവർത്തി ദിനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നു. ചെറിയ ക്ലാസിലെ കുട്ടികൾ ആഴ്ചകളിൽ ആറ് ദിവസം ക്ലാസ് വയ്ക്കുമ്പോൾ അവരുടെ കായിക വിനോദത്തിനും മാനസിക ഉല്ലാസത്തിനുമുള്ള സമയം നഷ്ടമാകുകയാണ്. ഇത് കുട്ടികളിൽ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം ചെറുതല്ല. ശനിയാഴ്ച അവർക്കായി നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പും സർക്കാരും തയ്യാറാകണം. കൂടുതൽ മണിക്കൂറുകൾ അദ്ധ്യയനം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നെങ്കിൽ തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിനങ്ങളിലെ പഠനസമയത്തെ ഹയർ സെക്കൻഡറി തലത്തിലെ പോലെ ഏകീകരിക്കണം. ഇല്ലാത്ത പക്ഷം ചെറുപ്രായത്തിലുള്ള കുട്ടികളോട് പൊതുവിദ്യാഭ്യാസവും സർക്കാരും കാട്ടുന്നത് ക്രൂരതയാണ്.

റോയി വർഗീസ്

ഇലവുങ്കൽ മുണ്ടിയപ്പള്ളി

ജനകീയ സിനിമകളും സമൂഹവും
സിനിമ സമൂഹത്തിന്റെ പരിച്ഛേദമാണ് എന്നു പറയുന്നതെത്ര ശരിയാണ്! അടുത്ത കാലത്തായി പുറത്തിറങ്ങുന്ന പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുന്നതായ സിനിമകൾ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാവും. വിജയിക്കുന്ന എല്ലാ സിനിമകളും അക്രമ സ്വഭാവം പിൻതുടരുന്നു എന്നതാണ് അമ്പരപ്പിക്കുന്ന സത്യം. സമൂഹത്തിലും നിയന്ത്രണ വിധേയമായ തരത്തിൽ അക്രമങ്ങളും ലഹരിമരുന്ന് ഉപയോഗവും കൂടിക്കൊണ്ടിരിക്കുകയാണ്. ഈ സ്വഭാവത്തിന്റെ നേർചിത്രം വിജയ സിനിമകളിലും കാണാം. സമൂഹം സിനിമയെ സ്വാധീനിക്കുന്നതുപോലെത്തന്നെ സിനിമയും സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്. തുടക്കം മുതൽ ഒടുക്കംവരെ മദ്യപാന രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് മലയാളം ഉൾപ്പെടെയുള്ള ഇന്നത്തെ സിനിമകൾ. സെൻസർ ബോർഡ് എന്നൊരു സംവിധാനം നമ്മുടെ നാട്ടിലുണ്ട്. അതിലെ അംഗങ്ങൾക്കും ഇത്തരം രംഗങ്ങൾ വളരെ ഇഷ്ടമാണ് എന്നതാണ് ഏറെ പരിതാപകരമായ കാര്യം. ഇത്തരത്തിലാണ് ജനകീയ സിനിമകളുടെ പോക്കെങ്കിൽ താമസിയാതെ സമൂഹത്തിലെ ഓരോ കുടുംബാംഗങ്ങളും അക്രമസ്വഭാവമുള്ളവരായി മാറുന്ന കാലം വിദൂരമല്ല.

എ.കെ. അനിൽകുമാർ,
നെയ്യാറ്റിൻകര

റോഡിൽ മുഖ്യ പരിഗണന കാൽനടയാത്രക്കാർക്ക്

അടുത്തിടെ കോഴിക്കോട് ചെറുവണ്ണൂർ സ്കൂളിന് മുന്നിലെ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടന്ന കുട്ടിയെ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണ്. ബസ് അമിതവേഗത്തിലായിരുന്നെന്ന് സി.സി.ടി.വി ദൃശ്യത്തിൽ നിന്നു മനസ്സിലാക്കാൻ സാധിക്കും. എത്രയൊക്കെ അപകടങ്ങൾ ഉണ്ടായിട്ടും റോഡിലെ അമിതവേഗം നിയന്ത്രിക്കാൻ യാതൊരു നടപടിയുമില്ല. അതോടെപ്പം കാൽയാത്രക്കാർക്ക് റോഡിൽ പരിഗണനയും ലഭിക്കാറില്ല. നമ്മുടെ നാട്ടിൽ സീബ്രാലൈൻ എന്തിനാണ്, അവിടെ ആർക്കാണ് പരിഗണന? സീബ്രാ ലൈനിലൂടെ കാൽനട യാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ നിൽക്കുന്നുണ്ടെങ്കിൽ വാഹനം നിർത്തിക്കൊടുക്കണം എന്നാണ് നിയമം. റോ‌‌ഡ് നിയമങ്ങൾ അറിഞ്ഞിട്ടും അത് പാലിക്കാൻ ഡ്രൈവർമാർ ശ്രമിക്കാറില്ല. കാൽനടയാത്രക്കാർക്ക് ഉണ്ടാകുന്ന അപകടങ്ങളിൽ കർശന നടപടി ആവശ്യമാണ്. ഇനിയും അശ്രദ്ധമായ ഡ്രെെവിംഗ് മൂലം വഴിയാത്രക്കാർക്ക് അപകടം സംഭവിക്കാതിരിക്കട്ടേ.

ആർ. ജിഷി

കൊട്ടിയം, കൊല്ലം

Advertisement
Advertisement