അർദ്ധ സെഞ്ച്വറിയുമായി കൊഹ്‌ലി; ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 177 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ

Saturday 29 June 2024 9:53 PM IST

ബാർബഡോസ് : ട്വന്റി 20 ലോകകപ്പ് കിരീടത്തിനായുള്ള കലാശപോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 177 റൺസ് വിജയലക്ഷ്യമുയർത്തി രോഹിത്തും സംഘവും. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. തകർച്ചയോടെ തുടങ്ങിയ ഇന്ത്യയെ വിരാട് കൊ‌ഹ്‌ലിയുടെ ക്ലാസ് ഇന്നിംഗ്‌സാണ് കര കയറ്റിയത്. മൂന്നാംവിക്കറ്റിൽ അക്സർ പട്ടേലുമൊത്ത് നേടിയ 72 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചു. 59 പന്തിൽ നിന്ന് കൊഹ്‌ലി 76 റൺസും 37 പന്തിൽ നിന്ന് അക്സർ പട്ടേൽ 47 റൺസും നേടി.

ആദ്യഓവറിൽ രോഹിതും കൊഹ്‌ലിയും ചേർന്ന് തകർപ്പൻ തുടക്കം നൽകിയെങ്കിലും രണ്ടാം ഓവറിൽ സ്പിന്നർ കേശവ് മഹാരാജ് എത്തിയതോടെ കളി മാറി. രണ്ട് വിക്കറ്റുകളാണ് ആവ ഓവറിൽ ഇന്ത്യക്ക് നഷ്ടമായത് ഒമ്പത് റൺസെടുത്ത രോഹിത് ക്ലാസന് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ റിഷഭ് പന്തും പോയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. തുടർന്നെത്തിയ സൂര്യകുമാർ യാദവ് പ്രതീക്ഷ നൽകിയെങ്കിലും റബാദയുടെ ബോളിൽ ക്ലാസൻ തകർപ്പൻ ക്യാച്ചിലൂടെ മടക്കിയയച്ചു.

സെമി ഫെെനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ച അതേ ടീമുമായാണ് ഫെെനലിലും ഇന്ത്യ ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കൻ ടീമിനും മാറ്റമില്ല.

Advertisement
Advertisement