സി.പി.എം തിരു. ജില്ലാ കമ്മിറ്റിയിൽ വിമർശനം ആരോപണങ്ങളിൽ മറുപടി പറയാൻ മുഖ്യമന്ത്രിക്കായില്ല ഗോവിന്ദൻ ആത്മപരിശോധന നടത്തണം

Sunday 30 June 2024 12:37 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ ഉയർന്ന ആരോപണങ്ങളിൽ കൃത്യമായ മറുപടി പറയാൻ പാർട്ടിക്കോ മുഖ്യമന്ത്രിക്കോ കഴിഞ്ഞില്ലെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം. സാധാരണ ജനങ്ങൾക്കിടയിലും പാർട്ടി അംഗങ്ങൾക്കിടയിലും ഇത് സംശയം ജനിപ്പിച്ചു. പാർട്ടിക്കു ലഭിച്ചുകൊണ്ടിരുന്ന അടിസ്ഥാന വോട്ടുകൾ ഇതുമൂലം ലഭിച്ചില്ല. ഇത് ബി.ജെ.പിയിലേക്ക് പോയി. ഈഴവ, നായർ വോട്ടുകളിൽ വലിയ വിള്ളലുണ്ടായി. നല്ല രീതിയിലുള്ള തിരുത്തലുകൾ സംസ്ഥാന നേതൃത്വം മുതൽ ഉണ്ടായാലേ തിരിച്ചുവരവിനു സാദ്ധ്യതയുള്ളൂ.

സംസ്ഥാന സെക്രട്ടറി പാർട്ടി ക്ലാസ് കൈകാര്യം ചെയ്യുന്ന അദ്ധ്യാപകനെപ്പോലെയാണ് പ്രവർത്തിക്കുന്നത്. പരാതികൾ നൽകിയാൽ സംസ്ഥാന നേതൃത്വത്തിൽനിന്നും നടപടി ഉണ്ടാകുന്നില്ല. എം.വി.ഗോവിന്ദൻ ആത്മപരിശോധനയ്ക്കു തയ്യാറാകണം. ന്യൂനപക്ഷ വോട്ടുകൾ ഇടതുമുന്നണിക്കു ലഭിച്ചില്ല. ന്യൂനപക്ഷ പ്രീണനം പാർട്ടിയും ഇടതുപക്ഷവും സ്വീകരിക്കുന്നുവെന്ന ആക്ഷേപം ഹിന്ദുവോട്ടുകളിൽ ചോർച്ചയുണ്ടാക്കി. സി.എ.എ വിഷയത്തിൽ അനാവശ്യ ആവേശം കാട്ടി. മുസ്ലീംവോട്ടുകൾ ലഭിക്കുന്നതിനാണ് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്ന ആക്ഷേപം തിരഞ്ഞെടുപ്പിൽ ദോഷമായി ബാധിച്ചു. യോഗം ഇന്നും തുടരും.

നഗരസഭ ഭരണ നേതൃത്വത്തിന്റെ ഇടപെടലുകൾ ഒട്ടും ജനകീയമല്ലെന്നും പല അഭിപ്രായപ്രകടനങ്ങളിലൂടെ ജനങ്ങളെ അകറ്റിയെന്നും കഴിഞ്ഞ ദിവസത്തെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനമുണ്ടായി. മേയറുടെ പെരുമാറ്റം ജില്ലയിൽ സി.പി.എമ്മിന്റെ വോട്ട് കുറച്ചു. ഇങ്ങനെപോയാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി കളം പിടിക്കുമെന്നും വിമർശിച്ചു.

മന്ത്രിമാർ തോന്നിയതു

പോലെ പ്രവർത്തിക്കുന്നു

സർക്കാരിന്റെ പ്രവർത്തനങ്ങൾ പാർട്ടി അറിയുന്നില്ല. മന്ത്രിമാർ അവർക്ക് തോന്നിയതുപോലെ പ്രവർത്തിക്കുന്നു. സ്റ്റാഫുകൾക്കുമേൽ പാർട്ടി മന്ത്രിമാർക്ക് ഒരു നിയന്ത്രണവുമില്ല. നേതൃത്വത്തിലിരിക്കുന്നവർ എല്ലാ കാലങ്ങളിലും തിരുത്തലുകൾക്ക് വിധേയമായാണ് പാർട്ടിയെ നയിച്ചത്. എന്നാൽ ഇന്നത്തെ നേതൃത്വത്തിലെ ചിലർ ശൈലി മാറ്റില്ലെന്നു പരസ്യമായി പറയുകയാണ്.

Advertisement
Advertisement