പെരുമൺ-പേഴുംതുരുത്ത് ജങ്കാർ സർവീസ് രണ്ടാഴ്ചയ്ക്കുള്ളിൽ

Sunday 30 June 2024 12:55 AM IST

കൊല്ലം: പനയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പെരുമൺ- പേഴുംതുരുത്ത് ജങ്കാർ സർവീസ് രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. സർവീസ് നടത്താൻ താല്പര്യപത്രം സമർപ്പിച്ച ചേർത്തല സ്വദേശിയോട് കരാറൊപ്പിടാനും പരിശോധനയ്ക്കായി ജങ്കാർ ഹാജരാക്കാനും ആവശ്യപ്പെട്ട് പനയം പഞ്ചായത്ത് നോട്ടീസ് നൽകി.

നിലവിൽ ചേർത്തലയിൽ എരമല്ലൂർ-കുടപുറം സർവീസ് നടത്തിക്കൊണ്ടിരുന്ന ജങ്കാറാണ് ഇവിടേക്ക് കൊണ്ടുവരുന്നത്. ഇതിൽ ഒരേസമയം 25 യാത്രക്കാർക്ക് പുറമേ 20 ഇരുചക്രവാഹനങ്ങളും നാല് കാറുകളും മൂന്ന് ഓട്ടോറിക്ഷകളും ഒരേസമയം കയറ്റാം. വരുന്നയാഴ്ച കരാറൊപ്പിട്ട് പത്ത് ദിവസത്തിനുള്ളിൽ സർവീസ് ആരംഭിക്കാനാണ് ആലോചന. സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം വിളിക്കുമെന്ന് പറഞ്ഞ യോഗം വൈകുന്ന സാഹചര്യത്തിലാണ് പനയം പഞ്ചായത്ത് സ്വന്തം നിലയിൽ നടപടികളുമായി മുന്നോട്ടുപോകുന്നത്.

നേരത്തെ മൺറോത്തുരുത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന ജങ്കാർ സർവീസ് ഒരു വർഷം മുമ്പ് നിലച്ച സാഹചര്യത്തിലാണ് പനയം പഞ്ചായത്ത് സർവീസ് നടത്താൻ തീരുമാനിച്ചത്. ജങ്കാർ സർവീസ് നിലച്ചതോടെ മൺറോത്തുരുത്തിൽ നിന്ന് കൊല്ലത്തേക്ക് വരുന്നവർ കുണ്ടറ വഴി 25 കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ട അവസ്ഥയാണ്. തുരുത്തിലേക്കുള്ള സഞ്ചാരികളുടെ എണ്ണവും ഇടിഞ്ഞു.

കരാർ ഒപ്പിടാൻ നിർദ്ദേശം

 കരാറൊപ്പിടാൻ താല്പര്യപത്രം സമർപ്പിച്ചയാൾക്ക് നിർദ്ദേശം നൽകി

 ജങ്കാറിലെ ടിക്കറ്റ് നിരക്കിൽ നേരത്തേ ഉണ്ടായിരുന്നതിനേക്കാൾ നേരിയ വർദ്ധനവുണ്ടാകും

 കരാറുകാരനും പഞ്ചായത്ത് അധികൃതരും തമ്മിലുള്ള ചർച്ചയിൽ നിരക്ക് ധാരണയാകും

 40 ടൺ ഭാരം വഹിക്കാൻ ശേഷി

സർവീസ് - രാവിലെ 7 മുതൽ രാത്രി 8 വരെ

ജീവനക്കാർ - 04

ജങ്കാർ സർവീസ് നടത്താൻ താല്പര്യപത്രം സമർപ്പിച്ചയാൾക്ക് കരാറൊപ്പിടാൻ നോട്ടീസ് നൽകിയിട്ടുണ്ട്. കരാറൊപ്പിടുന്നതിന് പിന്നാലെ സർവീസ് ആരംഭിക്കും.

കെ.രാജശേഖരൻ

പ്രസിഡന്റ്, പനയം പഞ്ചായത്ത്

Advertisement
Advertisement