അനിലകുമാരിയുടെ കുടുംബത്തിന് കൈത്താങ്ങായി ഹരിത സേനാംഗങ്ങൾ

Sunday 30 June 2024 12:06 AM IST
എഴുകോൺ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേനാം ഗമായിരിക്കെ മരിച്ച കാരുവേലിൽ സ്വദേശി അനിലകുമാരിയുടെ കുടുംബത്തിനുള്ള സഹായധനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിജു എബ്രഹാം കൈമാറുന്നു

എഴുകോൺ : ഹരിത കേരളം ഒരുക്കാൻ പ്ലാസ്റ്റിക് ശേഖരിക്കുന്നവർ കാരുണ്യ പ്രവർത്തിക്കായുള്ള ഒത്തൊരുമയിലും മാതൃകയായി. രോഗ ബാധിതയായി മരിച്ച എഴുകോൺ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനാംഗം അനിലകുമാരിയുടെ കുടുംബത്തെ സഹായിക്കാനാണ് ജില്ലയിലെ ഹരിതസേനാംഗങ്ങൾ ഒരുമിച്ചത്. കാരുവേലിൽ സ്വദേശിയായ അനിലകുമാരി എഴുകോൺ പഞ്ചായത്തിലെ സേനാംഗമായിരിക്കെയാണ് കാൻസർ ബാധിതയാകുന്നത്. അനിലയുടെ ചികിത്സയും കുടുംബ പ്രാരാബ്ധങ്ങളും അലട്ടുന്നതിനിടെ ഭർത്താവ് അജിക്ക് പക്ഷാഘാതവും ഉണ്ടായി. ഇതോടെ ഏറെ പ്രയാസങ്ങൾ നേരിട്ട അനിലകുമാരി ജനുവരി 17 നാണ് മരിച്ചത്. ഈ കുടുംബത്തിന്റെ ദയനീയ സാഹചര്യം കണ്ടറിഞ്ഞ എഴുകോണിലെ ഹരിത സേനാംഗങ്ങൾ തങ്ങളാൽ കഴിയുന്ന സഹായ ധനം നൽകാൻ തീരുമാനിക്കുകയായിരുന്നു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ സേനാംഗങ്ങളും സഹായിച്ചതോടെ 1.25 ലക്ഷം രൂപ സമാഹരിക്കാനായി. എഴുകോണിലെ ഗ്രാമപഞ്ചായത്തംഗങ്ങളും ഉദ്യോഗസ്ഥരും സഹായം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിജു എബ്രഹാം അനിലകുമാരിയുടെ ഭർത്താവ് അജിക്ക് സഹായധനം കൈമാറി.വൈസ് പ്രസിഡന്റ് വി.സുഹർ ബാൻ, സെക്രട്ടറി സ്നേഹജ ഗ്ലോറി, മെമ്പർ ലിജു, അസി.സെക്രട്ടറി ജി.ശങ്കരൻകുട്ടി, വി.ഇ.ഒ.ആശ, മിനി, മഞ്ജു എന്നിവർ പങ്കെടുത്തു.

Advertisement
Advertisement