വാട്സ് ആപ്പ് കൂട്ടായ്മയുടെ പേരിൽ ഊരുവിലക്ക് ; നടപടിയുമായി മനുഷ്യാവകാശ കമ്മിഷൻ

Sunday 30 June 2024 12:20 AM IST
മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട് : വാട്സ് ആപ്പ് കൂട്ടായ്മയ്ക്ക് രൂപം നൽകിയതിന്റെ പേരിൽ സമുദായ ഭാരവാഹികൾ ഊരുവിലക്കിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ. ജൂലായ് 24 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഇരുകൂട്ടരുടെയും വാദം കേൾക്കുമെന്ന് കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് വ്യക്തമാക്കി.

പരാതിക്കാരായ ഗോവിന്ദപുരം കാവിൻകോട്ട പറമ്പ് എ. സെൽവരാജ്, വി. കെ. രമേഷ്, ടി. പി ശിവൻ എന്നിവരെ ഊരുവിലക്കിയെന്നാണ് പരാതി. ഇവർ പന്നിയങ്കര മാരിയമ്മൻ ക്ഷേത്ര കുടുംബക്കാരാണ്. കൊവിഡ് കാലത്ത് പരസ്പരം സഹായിക്കാൻ വേണ്ടിയാണ് നന്മ കൂട്ടായ്മ എന്ന പേരിൽ വാട്സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ചതെന്ന് പരാതിയിൽ പറയുന്നു. കൊവിഡിന് ശേഷവും കൂട്ടായ്മ തുടർന്നു. 2024 ജൂൺ 17 ന് ചേർന്ന സമുദായ യോഗത്തിൽ കൂട്ടായ്മ പരിച്ചുവിടാൻ ഭാരവാഹികൾ ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. എന്നാൽ മറ്റുള്ളവർക്ക് സഹായം നൽകുന്ന കൂട്ടായ്മ പിരിച്ചുവിടാൻ അംഗങ്ങൾ തയ്യാറായില്ല. തുടർന്ന് വാട്സ് ആപ്പ് കൂട്ടായ്മയിലെ മുഴുവൻ അംഗങ്ങളെയും സമുദായ കാര്യങ്ങൾ, ക്ഷേത്രകാര്യങ്ങൾ, കുടുംബാംഗങ്ങളുടെ തീരുമാനം എന്നിവ അറിയിക്കുന്നതിൽ നിന്ന് സമുദായ ഭാരവാഹികൾ വിലക്ക് ഏർപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. പി. എസ്. രാജൻ, നടരാജൻ, ലോകനാഥൻ എന്നിവർക്കെതിരെയാണ് പരാതി സമർപ്പിച്ചത്.

Advertisement
Advertisement