അഞ്ചു വർഷത്തിനിടെ കുറഞ്ഞത് പതിനായിരത്തോളം പശുക്കൾ,​ ആശങ്കയ്ക്ക് പിന്നിൽ

Sunday 30 June 2024 12:43 AM IST

പത്തനംതിട്ട : പശുക്കളെ വളർത്തുന്നതിനുള്ള ചെലവ് കയറുംപൊട്ടിച്ച് കുതിക്കുന്നത് ക്ഷീരമേഖലയെ തളർത്തുന്നു. അഞ്ച് വർഷത്തിനുള്ളിൽ ജില്ലയിൽ പതിനായിരം പശുക്കൾ കുറഞ്ഞു. ക്ഷീരസംഘങ്ങളും നിലനിൽപ്പ് ഭീഷണിയിലാണ്. തീറ്റ ഉൽപ്പന്നങ്ങളുടെ വില കർഷകർക്ക് താങ്ങാവുന്നതിലും അപ്പുറമായി. ക്ഷീരസംഘങ്ങളിൽ പാൽ അളക്കുമ്പോൾ ഗുണനിലവാരം പരിശോധിക്കുന്നതിന് ആധുനിക സംവിധാനമില്ലാത്തത് വിശ്വാസ്യത നഷ്ടമാക്കുന്നതായും ആക്ഷേപങ്ങളുണ്ട്.

കാലിത്തീറ്റയുടെ വില വർദ്ധനയാണ് പ്രധാന തിരിച്ചടി. മിൽമയിൽ നിന്ന് സബ്സിഡിയോടെ ലഭിക്കുന്ന കാലിത്തീറ്റയ്ക്ക് ഗുണനിലവാരം കുറവാണെന്ന് പരാതിയുണ്ട്. പാൽ കൂടുതൽ കിട്ടാൻ മിക്ക കർഷകരും സ്വകാര്യ ഏജൻസികളുടെ തീറ്റയാണ് ആശ്രയിക്കുന്നത്. പരുത്തിപ്പിണ്ണാക്കിനും തവിടിനും വില കുതിക്കുകയാണ്. ചെലവ് വർദ്ധിച്ചതോടെ പശു വളർത്തൽ ലാഭകരമല്ലാതായി. പശുക്കളുടെ എണ്ണം ഏറെയുള്ള ഫാമുകൾ മാത്രമാണ് ലാഭത്തിൽ മുന്നോട്ടുപോകുന്നത്. ജില്ലയിൽ ഫാമുകൾ വർദ്ധിക്കുന്നതായാണ് ക്ഷീരവകുപ്പിന്റെ കണക്ക്.

ജില്ലയിലെ ആകെ പശുക്കൾ

2019ലെ സെൻസസിൽ : 70,122

2023ലെ സെൻസസിൽ : 60,000

കാലിത്തീറ്റ വില : 1750 - 2000രൂപ (ഒരു ചാക്കിന്)

പരുത്തിപ്പിണ്ണാക്ക് : 2100 (ഒരു ചാക്കിന്)

തവിട് : 1200 (ഒരു ചാക്കിന്)

അളവിൽ വിശ്വാസ്യതയില്ല

ക്ഷീര സംഘങ്ങളിൽ പാൽ അളക്കുന്നത് പഴയ സമ്പ്രദായത്തിലാണ്. ലാക്ടോമീറ്റർ ഉപയോഗിച്ചുള്ള റീഡിംഗിൽ കൃത്രിമം ഉണ്ടെന്ന് വർഷങ്ങളായി നിലനിൽക്കുന്ന ആക്ഷേപമാണ്. ഗുണനിലവാരം കൃത്യതയോടെ അറിയാനുള്ള സംവിധാനം വേണമെന്നാണ് കർഷകരുടെ ആവശ്യം.

അംഗങ്ങൾ പകുതിയിൽ താഴെ

ക്ഷീരസംഘങ്ങളിൽ പാൽ കൊടുക്കുന്ന കർഷകരുടെ എണ്ണം കുറയുന്നുണ്ട്. അടൂർ, കോന്നി താലൂക്കിലെ സംഘങ്ങളിൽ മുപ്പത് മുതൽ അൻപത് ശതമാനത്തോളം അംഗങ്ങൾ കഴിഞ്ഞ ആറ് വർഷത്തിൽ കുറഞ്ഞു. സംഘങ്ങളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ വില വീടുകളിൽ വിതരണം ചെയ്താൽ ലഭിക്കുമെന്ന് കർഷകർ പറയുന്നു. സംഘങ്ങളിൽ ഒരു ലിറ്റർ പാലിന് 47 മുതൽ 50രൂപ വരെയാണ് നൽകുന്നത്. വീടുകളിൽ നിന്ന് 58രൂപ വരെ ലഭിക്കും.

'' ആറ് പശുക്കളുണ്ടായിരുന്നു. ചെലവ് ഏറുന്നതുകൊണ്ട് പശുക്കളെ കുറച്ചു. ഇപ്പോൾ മൂന്നായി. സന്തോഷത്തിനും വീട്ടാവശ്യങ്ങൾക്കും വേണ്ടിയാണ് പശുവിനെ വളർത്തുന്നത്.

ഉണ്ണികൃഷ്ണൻ നായർ, ക്ഷീരകർഷകൻ.

Advertisement
Advertisement