2018ലെ പ്രളയത്തിനു ശേഷം നെൽപ്പാടങ്ങളിൽ സജീവസാന്നിദ്ധ്യം,​ അത്ഭുതത്തോടെ തൊഴിലാളികൾ

Sunday 30 June 2024 12:56 AM IST

നെന്മാറ: നെൽപ്പാടങ്ങളിൽ കൃഷിപ്പണിക്കിറങ്ങുന്ന തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കി അട്ടശല്യം രൂക്ഷം. കടുത്ത വേനൽ കഴിഞ്ഞ് വെള്ളം നിറഞ്ഞ നെൽപ്പാടങ്ങളിലാണ് കുളയട്ടകൾ വ്യാപകമായത്. ഞാറു പറിക്കുന്നതിനും നടുന്നതിനും കിളയ്ക്കുന്നതിനുമായി പാടങ്ങളിൽ ഇറങ്ങുന്ന തൊഴിലാളികളുടെ കാലിലാണ് ഇവ കൂട്ടത്തോടെ കടിക്കുന്നത്. വേപ്പെണ്ണ, കർപ്പൂരം, പുൽ തൈലം, പുകയില എന്നിവ കാലിൽ തേച്ച് പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലവത്താകുന്നില്ലെന്നാണ് പരാതി. ചിലർ സോക്സ് ധരിച്ചും പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട്. അട്ട ശല്യം ഒഴിവാക്കാൻ കർഷകർ നെൽപ്പാടങ്ങളിൽ ചുണ്ണാമ്പ് വിതറി നോക്കുന്നുണ്ടെങ്കിലും കുറയുന്നില്ല. നെൽപ്പാടങ്ങളിൽ നിന്ന് പുറത്തേക്കും അകത്തേക്കും ഒഴുകുന്ന വെള്ളത്തിലൂടെ നീന്തി വരുകയാണ് അട്ടകൾ.

കാഴ്ചയിൽ വനപ്രദേശങ്ങളിലെ അട്ടകളിൽ നിന്ന് നേരിയ വ്യത്യാസമുണ്ടെങ്കിലും വനമേഖലയിലെ പോലെ മണ്ണിൽ പിടിച്ചുനിന്ന് തല ഉയർത്തി നിൽക്കുന്നില്ല. കരയിൽ ഇട്ടാൽ വനമേഖലയിൽ കാണുന്നവയെപ്പോലെ അരിച്ചു നടക്കുന്നുണ്ട്. രണ്ടു മൂന്നു വർഷമായാണ് കയറാടി, മരുതഞ്ചേരി, ചെട്ടികുളമ്പ്, ആലംബള്ളം പ്രദേശങ്ങളിലെ നെൽപ്പാടങ്ങളിൽ വ്യാപകമായി കുളയട്ടകളെ കണ്ടു തുടങ്ങിയത്. 2018 ലെ പ്രളയത്തിനു ശേഷമാണ് മേഖലയിലെ നെൽപ്പാടങ്ങളിൽ അട്ടകൾ സജീവസാന്നിധ്യമായതെന്ന് തൊഴിലാളികളും കർഷകരും പറയുന്നു. നെൽപ്പാടങ്ങളിൽ കൊക്കുകളും മറ്റു നീർപക്ഷികളും ഉണ്ടെങ്കിലും അട്ടകൾ നിയന്ത്രണ വിധേയമായി കാണുന്നില്ല. കടുത്ത വേനലിൽ വറ്റി വരളുകയും പല ആവർത്തി ഉഴുതുമറിക്കുകയും ചെയ്ത നെൽപ്പാടങ്ങളിൽ വീണ്ടും അട്ടകളെത്തിയത് അത്ഭുതത്തോടെയാണ് കാർഷികമേഖലയിലുള്ളവർ നോക്കിക്കാണുന്നത്.

Advertisement
Advertisement